പ്രവാസികള്‍ക്കു കരുതലുമായി പാലാ രൂപത പ്രവാസി അപ്പോസ്റ്റലേറ്റ്

പാലാ: വിദേശ രാജ്യങ്ങളിലും മറ്റു സംസ്ഥാനങ്ങളിലും പഠനം, ജോലി തുടങ്ങിയ ആവശ്യങ്ങളുമായി ബന്ധപ്പെട്ടു പോയിരിക്കുന്ന പാലാ രൂപതയിലുള്ളവര്‍ക്കു സഹായഹസ്തവുമായി പാലാ രൂപതയുടെ പ്രവാസി അപ്പോസ്റ്റലേറ്റ്.

ഇവരുടെ വിവരശേഖരണം രൂപത ആരംഭിച്ചു. കോണ്ടാക്ട് നമ്പര്‍, വാട്‌സ്ആപ്പ് നമ്പര്‍ എന്നിവ സഹിതം വിവരശേഖരണത്തിന് സഹായകമായ ഫോം രൂപത പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇതോടൊപ്പം കുടുംബ കൂട്ടായ്മ അടിസ്ഥാനത്തില്‍ വിവരശേഖരണം നടത്താന്‍ ഇടവകകളിലെ അച്ചന്മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ വിദേശത്തുള്ളവര്‍ക്ക് സ്വയം രജിസ്റ്റര്‍ ചെയ്യുന്നതിനായി ഒരു ഗൂഗിള്‍ ഫോം തയ്യാറാക്കുന്നുണ്ട്.

മടങ്ങിയെത്തുന്നവര്‍ക്ക് ക്വാറന്റയിനില്‍ കഴിയുന്നതിന് സൗകര്യമൊരുക്കാനും രൂപത ഉദ്യമിക്കുന്നു. ഇതിനായി താമസമില്ലാത്ത വീടുകള്‍ ഉള്ളവര്‍ ഇവ വിട്ടുനല്‍കുന്നതിനു സന്നദ്ധത പ്രകടിപ്പിക്കണമെന്നും അത് കാരുണ്യത്തിന്റെ കരംനീട്ടലായും ക്രിസ്തീയ സ്‌നേഹത്തിന്റെ അടയാളമായും ഈ കോവിഡ് രോഗ കാലഘട്ടത്തില്‍ അനുഭവപ്പെടും.

വീടുകള്‍ വിട്ടുനല്‍കാന്‍ സന്നദ്ധരായവര്‍ 9496542361 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും അറിയിച്ചിട്ടുണ്ട്. ഇത്തരത്തില്‍ വീടുകള്‍ ഉള്ളതായി അറിയാമെങ്കില്‍ ആ വീടുമായി ബന്ധപ്പെട്ടവരോട് അന്വേഷിച്ചിട്ടും ഈ നമ്പറില്‍ അറിയിക്കാവുന്നതാണ്.

ഇതിനു പുറമെ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിച്ചു വരുന്നവരുണ്ടെങ്കില്‍ അവരുടെ തൊഴില്‍, യോഗ്യത, നാട്ടിലെ കോണ്‍ടാക്ട് നമ്പര്‍, വാട്‌സ്ആപ്പ് നമ്പര്‍ എന്നിവ സഹിതമുള്ള വിവരശേഖരണവും നടത്താന്‍ ഉദ്ദേശിക്കുന്നു.

ഇതിനായി കേരള ലേബര്‍ മൂവ്‌മെന്റുമായി സഹകരിച്ച് ഗൂഗിള്‍ ഫോം സൗകര്യപ്രദമായ സംവിധാനം രൂപീകരിച്ചു വരുന്നു എന്ന കാര്യവും അറിയിക്കട്ടെ. നാട്ടില്‍ നമ്മുടെ രൂപതയുടെ അതിര്‍ത്തിക്കുള്ളില്‍ ഇവര്‍ വഴി വിവിധ തൊഴില്‍ സേവനങ്ങള്‍ ലഭ്യമാക്കി അവരെ സാധിക്കുന്നതുപോലെ സഹായിക്കുന്നതിനാണ് ഇത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ താമസിക്കാതെ തന്നെ അറിയിക്കുന്നതാണ്.

പ്രാഥമിക ഘട്ടം എന്ന നിലയില്‍ ഓരോ രാജ്യത്തും/ സംസ്ഥാനത്തും ഉള്ളവര്‍ക്കായി അതാതു രാജ്യത്തിന്റെ/ സംസ്ഥാനത്തിന്റെ പ്രത്യേകതകള്‍ അനുസരിച്ച് വാട്‌സാപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ചു തുടങ്ങിയിരിക്കുന്നു.

വൈദികരും സമര്‍പ്പിതരും അല്മായരും ഉള്‍പ്പെടെയുള്ള എല്ലാ പ്രവാസികളും രൂപതാ കേന്ദ്രവുമായി ബന്ധപ്പെട്ട് ഒരു കുടുംബമായി അനുഭവവേദ്യമാകാന്‍ ഉതകുന്ന ഈ സാധ്യതകളോട് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

കോര്‍ഡിനേറ്റര്‍ അച്ചനുമായോ അസി. കോര്‍ഡിനേറ്റര്‍ അച്ചനുമായോ (നമ്പര്‍ – 9496542361) ബന്ധപ്പെടാവുന്നതാണ്. ഓരോരുത്തരും അവരുടെ പരിചയത്തിലും ബന്ധത്തിലും ഉള്ള പാലാ രൂപതക്കാരായവരില്‍ വിദേശങ്ങളിലുള്ളവരെ ഇക്കാര്യങ്ങള്‍ അറിയിച്ച് പ്രവാസി അപൊസ്റ്റലേറ്റുമായി ബന്ധിപ്പിക്കാനും ശ്രദ്ധിക്കണമെന്നും പ്രവാസി അപ്പോസ്റ്റലേറ്റ്, കോര്‍ഡിനേറ്റര്‍ ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം അറിയിച്ചു.

You May Also Like

Leave a Reply