ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന പ്രവാസികൾക്ക് ജോലി സാധ്യതകൾ കണ്ടെത്തി സഹായിക്കാൻ പാലാ രൂപത

പാലാ: ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന പ്രവാസികൾക്കായി തൊഴിൽ സാധ്യതകൾ കണ്ടെത്താൻ പാലാ രൂപത പ്രവാസി അപ്പോസ്റ്റലേറ്റിന്റെ ആഭിമുഖ്യത്തിൽ പാലാ രൂപത കേരള ലേബർ മൂവ്മെന്റ്, പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി എന്നിവയുമായി സഹകരിച്ച് പദ്ധതികൾ രൂപീകരിക്കുന്നു.

കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന പാലാ രൂപതയിൽ നിരവധി പ്രവാസികൾ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് വന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ആദ്യഘട്ടമെന്ന നിലയിൽ നാട്ടിൽ അവർക്ക് ചെയ്യാൻ സാധിക്കുന്ന തൊഴിലുകൾ രേഖപ്പെടുത്തിക്കൊണ്ടുള്ള ഡാറ്റാ കളക്ഷനും നിലവിൽ പ്രവാസികളായവരുടെ രജിസ്ട്രേഷനുള്ള എൻട്രി ഫോമും ഉൾപ്പെടെ രണ്ട് ഗൂഗിൾ ഫോമുകളുടെ ലോഞ്ചിംഗ് പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു.

കോവിഡ് രോഗ ബാധയുടെ പശ്ചാത്തലത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ സ്വദേശത്തേക്ക് മടങ്ങിയതു മൂലം നാട്ടിൽ ഉണ്ടായിരിക്കുന്ന ചെറുതും വലുതുമായ നിരവധി തൊഴിൽ സാധ്യതകളെ പാലാ രൂപതയിലെ ഇടവകകളുടെയും സംഘടനകളുടെയും മറ്റു സംവിധാനങ്ങളുടെയും സഹകരണത്തോടെ കണ്ടെത്തി ഏകോപിപ്പിക്കുകയാണ് ലക്ഷ്യം.

കാർഷികമേഖലയിലും നിർമ്മാണം, വീട്ടാവശ്യങ്ങൾ പോലെയുള്ള മറ്റു നിരവധി മേഖലകളിലും പാലാ രൂപതയുടെ പുതിയ ചുവടുവെയ്പ്പ് നാട്ടിലുള്ളവർക്കും പ്രവാസികൾക്കും ഒരുപോലെ പ്രയോജനപ്പെടുമെന്ന് ബിഷപ്പ് പ്രത്യാശ പ്രകടിപ്പിച്ചു.

കുടുംബത്തെ പോറ്റുന്നതിനായി സ്വന്തക്കാരെയും നാടിനെയും വിട്ടകന്ന് വർഷങ്ങൾ കഷ്ടപ്പെട്ട പ്രവാസികളിൽ അനേകർക്ക് തൊഴിൽ നഷ്ടപ്പെടുകയും അനേകരുടെ ശമ്പളം ഗണ്യമായ തോതിൽ വെട്ടിക്കുറയ്ക്കുകയും ചെയ്തതു വഴി വലിയ പ്രതിസന്ധികളാണ് പ്രവാസി സമൂഹവും അവരുടെ കുടുംബങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന അദ്ദേഹം അനുസ്മരിച്ചു.

പ്രധാനമായും കർഷക സംസ്കാരം നിറഞ്ഞുനിൽക്കുന്ന പാലാ രൂപതയിൽ ഒരു കാർഷിക വിപ്ലവത്തിന് പ്രവാസികളുടെയും വിവിധ സംഘടനകളുടെയും ഏകോപനത്തോടെ തുടക്കം കുറിക്കാനാകുമെന്ന് ബിഷപ്പ് ഓർമ്മിപ്പിച്ചു. തൊഴിൽ അന്വേഷിക്കുക മാത്രമല്ല, സ്വയം തൊഴിൽ കണ്ടെത്താനും സഹകരിച്ചു പ്രവർത്തിച്ചാൽ തൊഴിൽദാതാക്കൾ ആകാനും പ്രവാസികൾക്ക് കഴിയുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

ലോക്ക് ഡൗൺ കാലത്ത് വിവിധതരത്തിൽ വിഷമിക്കുന്നവർക്ക് വിവിധ തലങ്ങളിലുള്ള സഹായങ്ങൾ നൽകിയതിനു പുറമേ കേരളത്തിന് വെളിയിൽ നിന്നും ഇന്ത്യക്ക് വെളിയിൽ നിന്നും നാട്ടിൽ എത്തുന്നവർക്ക് ക്വാറന്റൈൻ സൗകര്യത്തിനായി രൂപതയുടെ വിവിധ സ്ഥാപനങ്ങൾ ഗവൺമെന്റിന് വിട്ടുകൊടുത്തിരുന്നു.

ക്വാറന്റൈൻ സൗകര്യത്തിനായി വീടുകൾ കണ്ടെത്തി നൽകാൻ ശ്രമിക്കുന്നതോടൊപ്പം രോഗവ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ചികിത്സയ്ക്കും മറ്റു സൗകര്യങ്ങൾക്കും ആയി കൂടുതൽ സ്ഥാപനങ്ങൾ വിട്ടു നൽകാനുള്ള തയ്യാറെടുപ്പിലാണ് പാലാ രൂപത.

ഗവൺമെന്റിനെയും ആരോഗ്യ പ്രവർത്തകരെയും പോലീസുകാരെയും ജനപ്രതിനിധികളെയും സഹായിക്കാനുള്ള വോളണ്ടിയർ സംഘങ്ങൾ, കോവിഡ് രോഗം ബാധിച്ചു മരിക്കുന്നവരുടെ മൃത സംസ്കാരശുശ്രൂഷ എന്നിവ ഉൾപ്പെടെ വിവിധ കാര്യങ്ങൾ കോർത്തിണക്കി രൂപത കോവിഡ് ടാസ്ക് ഫോഴ്സ് രൂപീകരിച്ചു വരുന്നു.

സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ, വികാരി ജനറാൾ ഫാ. ജോസഫ് തടത്തിൽ, കോർഡിനേറ്റർ ഫാ. ബർക്കുമാൻസ് കുന്നുംപുറം, സോഷ്യൽ സർവീസ് ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ, കെ എൽ എം ഡയറക്ടർ ഫാ. ജോർജ്ജ് നെല്ലിക്കുന്ന് ചെരിവ്പുരയിടം, അസിസ്റ്റന്റ് ഡയറക്ടർ ഫാ. തോമസ് സിറിൽ തയ്യിൽ, സെക്രട്ടറി ഫാദർ ജോൺ എഡേട്ട് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഫോട്ടോ ക്യാപ്ഷൻ: തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന പ്രവാസികളുടെ വിവരശേഖരണത്തിനായു ള്ള ഗൂഗിൾ ഫോമിന്റെ ലോഞ്ചിംഗ് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കുന്നു. സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ, വികാരി ജനറൽ ഫാ. ജോസഫ് തടത്തിൽ, ഫാ. ബർക്കുമാൻസ് കുന്നുംപുറം, ഫാ. തോമസ് കിഴക്കേൽ, ഫാ. തോമസ് സിറിൽ തയ്യിൽ എന്നിവർ സമീപം.

join group new

Leave a Reply

%d bloggers like this: