Pala News

പാലാ ബൈപാസിലെ കുപ്പി കഴുത്ത് സഞ്ചാരയോഗ്യമാകും; നാളെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം; വൈദ്യുതി തൂണുകൾ മാറ്റും: ആൻ്റോ പടിഞ്ഞാറേക്കര

പാലാ: പാലാ കെ.എം.മാണി ബൈപാസിൻ്റെ രണ്ടാം ഘട്ടത്തിൻ്റെ ആരംഭത്തിലും അവസാന ഭാഗത്തും ഉണ്ടായിരുന്ന തടസ്സത്തിന് ശാശ്വത പരിഹാരമാകുന്നു. ഇരു ഭാഗത്തുമുള്ള നൂറ്റി അറുപത് മീറ്റർ ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നാളെ തുടക്കം കുറിക്കും.

ശബരിമല തീർത്ഥാടനത്തിനും പാലാ ജൂബിലി തിരുനാളിനും മുന്നേ ഈ ഭാഗത്തെ നിർമ്മാണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയറുമായി ഇക്കഴിഞ്ഞ ദിവസം ചർച്ച നടത്തിയതിൻ്റെ അടിസ്ഥാനത്തിൽ അതിവേഗനിർമ്മാണ നടപടികൾ ആരംഭിക്കുവാൻ നിർദ്ദേശം നൽകിയതിനെ തുടർന്നാണ് പ്രവർത്തനങ്ങൾക്ക് ശരവേഗ നടപടികൾ ഉണ്ടായത്.

ഇതിനായി പൊതുമരാമത്ത് വകുപ്പ് 80 ലക്ഷം രൂപയാണ് ചില വഴിക്കുന്നത്. കോടതി വിധിയിലൂടെ ഭൂമി ഏറ്റെടുക്കൽ വില നിർണ്ണയ തർക്കം തീർപ്പായിരുന്നുവെങ്കിലും ഇനിയും ഏതാനും ഭാഗം വിട്ടു കിട്ടേണ്ടതായിട്ടുണ്ട് എങ്കിലും ഈ ഭാഗത്ത് തടസ്സരഹിത ഗതാഗതം സാദ്ധ്യമാക്കുന്നതിനായി നിർമ്മാണം ആരംഭിക്കുവാൻ തീരുമാനിക്കുകയായിരുന്നു.

തുടക്കത്തിൽ പാലാ സിവിൽ സ്റ്റേഷന് എതിർവശം മുതൽ സെന്റ് മേരീസ് സ്കൂൾ ജംഗ്ഷൻ വരെയുള്ള ഭാഗത്ത് ഓട നിർമ്മാണം നടത്തി മെറ്റൽ സോളിംഗ്‌ നടത്തും. പിന്നീട് ടാറിംഗ് നടത്തും. കോഴാ റോഡ് ജംഗ്ഷനിലും തുടർന്ന് നിർമ്മാണം നടത്തും. ഉത്സവ സീസണിൽ നഗരഗതാഗതം തടസ്സപ്പെടാതെയും അപകടരഹിതമായും നടക്കുന്നതിന് ബൈപാസിലെ അവശേഷിക്കുന്ന ഭാഗം കൂടി ടാറിംഗ് നടത്തുന്നതോടെ സാദ്ധ്യമാകും.

പാലാ സമാന്തര റോഡിലെ നിർമ്മാണം അവശേഷിക്കുന്ന സിവിൽ സ്റ്റേഷന് എതിർവശമുള്ള ഭാഗത്ത് റോഡിന് നടുവിൽ നിൽക്കുന്ന വൈദ്യുതപോസ്റ്റുകൾ വൈദ്യുതി ബോർഡ് ഈ ആഴ്ച്ച തന്നെ മാറ്റി സ്ഥാപിക്കുവാൻ തീരുമാനമായി.

ഇന്ന് വൈദ്യുത ബോർഡ് അധികൃതരുമായി ഇതു സംബന്ധിച്ച് വൈദ്യുത ഭവനിൽ വച്ച് നടത്തിയ ചർച്ചയെ തുടർന്നാണ് അടിയന്തിരമായി വൈദ്യുതി തൂണുകൾ മാറ്റി സ്ഥാപിക്കുന്നതിന് തീരുമാനമായത്.ഇതിനായുള്ള പണികൾ രണ്ടു ദിവസത്തിനകം തുടങ്ങും. മാറ്റി സ്ഥാപിക്കലിനായി 8.32 ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പ് വൈദ്യുതി ബോർഡിന് നൽകി കഴിഞ്ഞു.

റോഡ് പണികൾ സുഗമമാക്കുന്നതിന് വൈദ്യുത പോസ്റ്റുകൾ മാറ്റി സ്ഥാപിക്കേണ്ടിയിരുന്നു. 3.63 കി.മീ നീളം വരുന്നതും നഗരത്തിലേക്ക് വരുന്നതായ എല്ലാ പ്രധാന പാതകളെയും ബന്ധിപ്പിച്ച് മൂന്നു ഘട്ടമായി നിർമ്മിച്ചതുമായ പാലാ ബൈപാസിൻ്റെ രണ്ടാം ഘട്ടത്തിൻ്റെ ഇരുഭാഗത്തുമുള്ള തടസ്സങ്ങൾ ഗതാഗത കുരുക്ക് സൃഷ്ടിച്ചിരുന്നു. ഈ ഭാഗം കൂടി നവീകരിക്കുന്നതോടെ ഇതുവഴിയുള്ള യാത്ര സുഗമമാകുമെന്ന് നഗരസഭാ ചെയർമാൻ പറഞ്ഞു.

Leave a Reply

Your email address will not be published.