പാലാ: പാലാ ബൈപ്പാസ് പൂര്‍ത്തീകരണത്തിന്റെ ഭാഗമായി കെട്ടിടങ്ങള്‍, മണ്ണ് എന്നിവ നീക്കം ചെയ്യുന്നതിന്റെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചതായി മാണി സി കാപ്പന്‍ എം എല്‍ എ അറിയിച്ചു.
പാലാ നിയോജകമണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പ് അടിയന്തിരമായി പൂര്‍ത്തീകരിക്കേണ്ടതായ കാര്യങ്ങളെക്കുറിച്ചു പൊതുമരാമത്ത് ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു എം എല്‍ എ.
ബൈപാസ് പൂര്‍ത്തീകരണം അവസാനഘട്ടത്തിലെത്തിച്ചു നടപടികള്‍ ആരംഭിക്കാന്‍ സാധിച്ചതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നു മാണി സി കാപ്പന്‍ പറഞ്ഞു.
മുടങ്ങിക്കിടന്നിരുന്ന റിവര്‍വ്യൂറോഡ് ദീര്‍ഘിപ്പിക്കലിന്റെ കോണ്‍ക്രീറ്റിംഗ് ജോലികള്‍ നാളെ പുനരാരംഭിക്കും.
നാലരക്കോടി രൂപയുടെ തീക്കോയി – അടുക്കം – മേലടുക്കം റോഡ്, 8 കോടിയുടെ കാഞ്ഞിരംകവല – മേച്ചാല്‍ – നരിമറ്റം റോഡ് എന്നിവയുടെ നവീകരണത്തിന് തുടക്കമായതായും എം എല്‍ എ പറഞ്ഞു. 75 ലക്ഷത്തിന്റെ ഞൊണ്ടിമാക്കല്‍ പ്രവിത്താനം റോഡിന്റെ നവീകരണ നടപടികള്‍ ഉടന്‍ ആരംഭിക്കും.
3.5 കോടിയുടെ ഞെടിഞ്ഞാല്‍ പാലം പൂര്‍ത്തീകരിച്ചു. അപ്രോച്ച് റോഡിന്റെ പണികള്‍ അടുത്തയാഴ്ച ആരംഭിക്കും. മേലുകാവ് – ഇലവീഴാപൂഞ്ചിറ റോഡിന്റെ ജോലികള്‍ സെപ്തംബര്‍ 10 മുമ്പ് ആരംഭിക്കാനാവും.
ഏറ്റുമാനൂര്‍ – പൂഞ്ഞാര്‍ ഹൈവേയില്‍ പാലാമണ്ഡലത്തിലെ ഇന്ത്യാര്‍ ഫാക്ടറി മുതല്‍ ഈരാറ്റുപേട്ട മുട്ടം ജംഗ്ഷന്‍ വരെയുള്ള ഭാഗങ്ങളിലെ ബി സി ഓവര്‍ലേ ജോലികള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ആരംഭിക്കാനുള്ള നടപടികള്‍ക്ക് തുടക്കമായി.
എട്ടു കോടിയുടെ തീക്കോയി തലനാട് റോഡിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. സാങ്കേതികാനുമതിക്കായുള്ള നടപടികള്‍ ആരംഭിച്ചു. 95 ലക്ഷത്തിന്റെ കിഴപറയാര്‍ ആശുപത്രി കെട്ടിടത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി.
ചില്ലച്ചി പാലത്തിന്റെ സോയില്‍ ടെസ്റ്റ് കഴിഞ്ഞു. തുടര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദ്ദേശം നല്‍കി. മീനച്ചില്‍ പഞ്ചായത്തിലെ 75 ലക്ഷത്തിന്റെ പൊന്നൊഴുകുംതോട് പാലത്തിന്റെ പണികള്‍ ഉടന്‍ ആരംഭിക്കും.
കുറ്റില്ലാം പാലം, കൊഴുവനാല്‍ പഞ്ചായത്തിലെ മാലോലുകടവ് പാലം, പൂവക്കുളം പാലം എന്നിവയുടെ സോയില്‍ ടെസ്റ്റ് ഉടന്‍ നടക്കുമെന്നും മാണി സി കാപ്പന്‍ എം എല്‍ എ അറിയിച്ചു.
എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ ശ്രീലേഖ പി., അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സന്തോഷ്‌കുമാര്‍ ടി കെ, എഞ്ചിനീയര്‍മാരായ ഏലിയാമ്മ അലക്‌സ്, നവീന പി രഞ്ജിത, അനു എം ആര്‍ തുടങ്ങിയവരും അവലോകന യോഗത്തില്‍ പങ്കെടുത്തു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19