Pala News

പാലാ ബൈപ്പാസിലെ കുപ്പിക്കഴുത്ത് പ്രശ്നം പരിഹരിച്ചു; ചാരിതാർത്ഥ്യമുണ്ടെന്ന് മാണി സി കാപ്പൻ

പാലാ: കുപ്പിക്കഴുത്ത് പ്രശ്നം പരിഹരിച്ച് പാലാ ബൈപ്പാസ് റോഡ് പൂർത്തീകരിക്കാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ടെന്നു മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ബൈപാസ് റോഡ് പൂർത്തീകരിച്ചു കൊണ്ടുള്ള ടാറിംഗ് ജോലികൾ വിലയിരുത്തുവാൻ എത്തിയതായിരുന്നു എം എൽ എ. ഏറെക്കാലത്തെ പരിശ്രമത്തിനൊടുവില്‍ റോഡ് പൂര്‍ത്തീകരിക്കാനായതെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

മരിയൻ ജംഗ്ഷനിലെ ഭാഗം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. സിവില്‍ സ്റ്റേഷന്‍ ഭാഗത്തും ആര്‍വി ജംഗ്ഷന്‍ ഭാഗത്തും ബിഎംബിസി നിലവാരത്തിലാണ് ടാറിംഗ്. സിവിൽ സ്റ്റേഷൻ ഭാഗത്ത് ഏറ്റെടുത്ത കെട്ടിട ഭാഗങ്ങൾ പൊളിച്ചുനീക്കാൻ ആരംഭിച്ചിട്ടുണ്ട്.

പാലാ ബൈപാസ് നേരത്തെ യാഥാര്‍ത്ഥ്യമായെങ്കിലും ളാലം പള്ളി ജംഗ്ഷന്‍ മുതല്‍ സിവില്‍ സ്റ്റേഷന്‍ ജംഗ്ഷന്‍ വരെയുള്ള ഭാഗത്ത് സ്ഥലം ഏറ്റെടുക്കുന്നതിലെ അപാകതമൂലം കുപ്പി കഴുത്ത് മാതൃകയില്‍ റോഡ് മാറുകയായിരുന്നു. ഇതോടെ ഇവിടെ ഗതാഗതക്കുരുക്കും നിത്യസംഭവമായി.

ബൈപാസിന്റെ പൊതുവിലുള്ള ഗതാഗത ക്കുരുക്കിനും ഈ ഭാഗത്തെ പ്രശ്‌നം പലപ്പോഴും കാരണമായി. സ്ഥലമേറ്റെടുത്തപ്പോള്‍ വില നിശ്ചയിച്ചതിലെ അപാകതകളെത്തുടര്‍ന്നു 13 കുടുംബങ്ങള്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെ ബൈപാസ് പൂര്‍ത്തീകരണം അനിശ്ചിതത്വത്തിലായി. പിന്നീട് നടപടികളൊന്നുമില്ലാതെ വര്‍ഷങ്ങളോളം ഈ പ്രശ്‌നം പരിഹരിക്കപ്പെടാതെ കിടക

പാലാ ഉപതിരഞ്ഞെടുപ്പില്‍ മാണി സി കാപ്പന്‍ തിരഞ്ഞെടുക്കപ്പെട്ടതോടെ ബൈപ്പാസ് പൂര്‍ത്തീകരണത്തിന് പ്രഥമ പരിഗണന നല്‍കി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുകയായിരുന്നു. തുടര്‍ന്ന് 2020ലെ സംസ്ഥാന ബജറ്റില്‍ ഇതിനാവശ്യമായ തുക ലഭ്യമാക്കണമെന്ന നിര്‍ദ്ദേശം സമര്‍പ്പിച്ചെങ്കിലും അന്ന് അനുമതി ലഭിച്ചില്ല.

2019 ഡിസംബര്‍ 19 നു കളക്ടറുടെ ചേംബറില്‍ മാണി സി കാപ്പന്‍ എം എല്‍ എ യുടെ നേതൃത്വത്തില്‍ സ്ഥലമുടമകള്‍, പൊതുമരാമത്ത്, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ചേര്‍ന്ന് തടസ്സങ്ങള്‍ നീക്കാന്‍ ശ്രമം ആരംഭിച്ചു. തുടര്‍ന്നു സബ് രജിസ്ട്രാര്‍ ഓഫീസുമായി ബന്ധപ്പെട്ടു വില നിര്‍ണ്ണയ നടപടികള്‍ പൂര്‍ത്തിയാക്കി. പിന്നീട് റവന്യൂ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ സ്ഥലപരിശോധന നടത്തി ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ അതിര്‍ത്തി നിര്‍ണ്ണയവും പൊളിച്ചു മാറ്റേണ്ട കെട്ടിടങ്ങളുടെ വില നിര്‍ണ്ണയവും പൂര്‍ത്തിയാക്കി.

2020 മാര്‍ച്ച് 5 ന് മാണി സി കാപ്പന്‍ വിഷയം മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് ഓഗസ്റ്റില്‍ ഇതിനാവശ്യമായ 10 കോടി10 ലക്ഷം രൂപാ സര്‍ക്കാര്‍ അനുവദിച്ചു. 2020 സെപ്തംബറില്‍ കളക്ടറുടെ അക്കൗണ്ടില്‍ എത്തി. എന്നാല്‍ ട്രഷറി ഡയറക്ടറുടെ അനുമതി വേണമെന്ന് അന്നത്തെ ജില്ലാ കളക്ടര്‍ അറിയിച്ചു.

ഇതിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ 17ന് ട്രഷറി ഡയറക്ടര്‍ അനുമതി നല്‍കി. വീണ്ടും നൂലാമാലകളില്‍പ്പെട്ടു. ഏറ്റെടുക്കുന്ന സ്ഥലത്തിന് ആര്‍ ആര്‍ പാക്കേജ് ബാധകമാണോയെന്ന് കളക്ടര്‍ ലാന്റ് റവന്യൂ കമ്മീഷണറോട് ആരായുകയും കമ്മീഷണര്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടാന്‍ കളക്ടര്‍ക്കു നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

2020 ഡിസംബര്‍ 11 ന് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത് തമ്പാന്‍ ആര്‍ ആര്‍ പാക്കേജിന് അര്‍ഹതയില്ല എന്ന് നിയമോപദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ 18 നു അനുമതിക്കായി ലാന്റ് റവന്യൂ കമീഷണര്‍ക്ക് സമര്‍പ്പിച്ചു. 2021 ജനുവരി ഒന്നിന് ലാന്റ് റവന്യൂ കമ്മീഷണര്‍ ഉത്തരവ് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം പാസ്സാക്കിയതായി സ്ഥലമുടമകളെ അറിയിക്കുകയും ചെയ്തു.

തിരഞ്ഞെടുപ്പു കാലത്ത് മാണി സി കാപ്പനെതിരെ രാഷ്ട്രീയ എതിരാളികള്‍ ഉപയോഗിച്ചിരുന്ന ആയുധമായിരുന്നു ബൈപാസ് പൂര്‍ത്തീകരണം വിഷയം. മുടങ്ങിക്കിടന്ന പദ്ധതി പിന്നീട് മാണി സി കാപ്പന്‍ എം എല്‍ എ ആയതോടെ പുന:രാരംഭിക്കുകയായിരുന്നു. ഇതിനായി നിരവധി തവണ സ്ഥലമുടമകളെ കാണുകയും ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു.

തിരുവനന്തപുരത്ത് മുഖ്യമന്ത്രിയും മന്ത്രിമാരുമായും പല തവണ കൂടിക്കാഴ്ച നടത്തി. തുക അനുവദിക്കുകയും നടപടി ക്രമങ്ങള്‍ക്ക് വേഗത വരികയും ചെയ്തതിനിടെ പാലായില്‍ ഉണ്ടായ രാഷ്ട്രീയ മാറ്റം പദ്ധതിയെയും ബാധിച്ചു. എങ്കിലും മാണി സി കാപ്പന്‍ നിരന്തരം ഇതിനു പിന്നാലെ കൂടിയതോടെ പ്രശ്‌ന പരിഹാരത്തിനു വഴിതെളിക്കുകയായിരുന്നു.

ബൈപ്പാസ് നിര്‍മ്മാണം പൂര്‍ത്തീകരണത്തില്‍ ചാരിതാര്‍ത്ഥ്യം ഉണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയനോട് നന്ദി പറയുന്നു എന്നും എംഎല്‍എ പറഞ്ഞു. ബൈപ്പാസ് പൂർത്തീകരണം മാണി സി കാപ്പൻ്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു.

സ്ഥലത്തെത്തിയ എംഎല്‍എ ടാറിംഗ് ജോലികള്‍ വിലയിരുത്തി. അഡ്വക്കേറ്റ് സന്തോഷ് മണര്‍കാട്, മൈക്കിള്‍ കാ വുകാട്ട്, ജോസ് വേരനാനി, എംപി കൃഷ്ണന്‍നായര്‍, ടെന്‍സണ്‍ വലിയകാപ്പില്‍, ജിമ്മി ജോസഫ്, അണ്ണന്‍ പ്രശാന്ത്, ടോം നല്ലനിരപ്പെല്‍, തങ്കച്ചന്‍ മുളക്കുന്നം എന്നിവരും എംഎല്‍എയ്ക്കൊപ്പം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published.