പാബ്ലോ നെരൂദ: കവിതയായി മാറിയ മനുഷ്യന്‍

കവിത മനുഷ്യന്റെയും കാലത്തിന്റെയും ആത്മപ്രകാശന ഉപാധിയാണ്. പക്ഷേ, ഇരുപതാം നൂറ്റാണ്ടില്‍ ഉയര്‍ന്നുകേട്ട സാഹിത്യസംബന്ധിയായ പ്രധാന കാര്യങ്ങളിലൊന്ന് കവിതയുടെ കാലം കഴിഞ്ഞുപോയെന്നതാണ്.

ഈ ആരോപണത്തിന് അല്ലെങ്കില്‍ ആശയപ്രചരണത്തിനു പിന്നിലെ കാരണം നമ്മുടെ നൂറ്റാണ്ടില്‍ പ്രതിഭാശാലികളായ കവികള്‍ ഇല്ലാതിരുന്നതുകൊണ്ടാണെന്ന് സാഹിത്യചരിത്രം അറിയാവുന്ന ആരും അംഗീകരിച്ചുതരുമെന്ന് കരുതുന്നില്ല.

എന്നിട്ടും ഈ നിലപാടിന് എങ്ങനെ വലിയ പ്രചാരം ലഭിച്ചുവെന്ന് അന്വേഷിച്ചുചെല്ലുമ്പോള്‍ നമുക്ക് ഉത്തരം ലഭിക്കും. ലിയോ ടോള്‍സ്‌റ്റോയി എന്ന വന്‍മരത്തിന്റെ സാന്നിധ്യം. കൂടെ ഴാംങ് പോള്‍ സാത്രും മിഖായേല്‍ ഷോളക്കോവും കൂടെ ചേരുന്നതോടെ വായനക്കാരുടെ മനസില്‍ കവിതയും കവികളും ക്ഷയിച്ചുവെന്ന തോന്നല്‍ ഉയര്‍ന്നുവരുന്നത് സ്വാഭാവികം.

എന്നാല്‍, ഈ ചിന്തയെ ഇല്ലാതാക്കിയതില്‍ വലിയ പങ്കുവഹിച്ചത് ചിലിയിലെ മൗലി മേഖലയിലെ ലിനാറസ് പ്രവിശ്യയില്‍ പാറല്‍ എന്ന നഗരത്തില്‍ 1904 ജൂലൈ 12ന് ജനിച്ച നെഫ്താലി റിക്കാര്‍ഡോറീസ് ബസാള്‍ട്ടെ എന്ന പൗബ്ലോ നെരൂദയായിരുന്നു.

നമ്മുടെ ടാഗോറും ലൂയി അരഗണും എലിയട്ടുമൊക്കെ എഴുതിയിരുന്നതും 20-ാം നൂറ്റാണ്ടില്‍ തന്നെ ആയിരുന്നു. എന്നിട്ടും ഇരുപതാം നൂറ്റാണ്ടിന്റെ കവിയെന്ന് ലോകം വാഴ്ത്തുന്നത് പാബ്ലോ നെരൂദയെയാണ്. നെരൂദയുടെ സമകാലികരായിരുന്ന കവികളില്‍ ഏതാനും ചിലരൊഴികെ ഒട്ടുമിക്കവരും അരാഷ്ട്രീയ ജീവിതം നയിക്കുന്നത് തങ്ങളുടെ പ്രതിഭയ്ക്ക് കോട്ടം വരുത്തും എന്നാണ്.

അക്കാരണത്താല്‍ തന്നെ അവര്‍ തങ്ങളുടെ ചുറ്റുമുള്ള ജീവിതത്തില്‍ പൂര്‍ണമായി മുഴുകുവാന്‍ ഇഷ്ടപ്പെടാത്തവരുമായിരുന്നു. ഇവിടെയാണ് നെരൂദ വഴിമാറി നടന്നത്. എല്ലാ അര്‍ത്ഥത്തിലും അദ്ദേഹം ഒരു പൂര്‍ണനായ മനുഷ്യനും കവിയുമായിരുന്നു.

ഒരു കവി ജനിക്കുന്നു

തുറമുഖ തൊഴിലാളിയായ ജോസ് ഡല്‍ കാര്‍മെന്റെയും അധ്യാപികയായ ഡോണ റോസ ബസോള്‍ട്ടയുടെയും മകനായാണ് പാബ്ലോ നെരൂദ ജനിച്ചത്. അമ്മയെ കണ്ട ഓര്‍മപോലും നെരൂദയ്ക്കില്ല. നെരൂദ ജനിച്ച് രണ്ടു മാസത്തിനുള്ളില്‍ ക്ഷയരോഗം ബാധിച്ച് അദ്ദേഹത്തിന്റെ അമ്മ മരിച്ചു.

ഭാര്യയുടെ മരണശേഷം കാര്‍മെന്‍ നെരൂദയേയും കൂട്ടി ടെമുക്കോയിലേക്ക് താമസം മാറി. 1910 ലാണ് നെരൂദ സ്‌കൂളില്‍ ചേരുന്നത്.

എഴുത്തും വായനയും പഠിച്ചതിനൊപ്പം കൊച്ചുനെരൂദയില്‍ സര്‍ഗാത്മഗതയും വളര്‍ന്നു. കവിതയാണ് തന്റെ വഴിയെന്ന് നെരൂദയ്ക്ക് അന്ന് അറിയില്ലായിരുന്നു. എന്നാല്‍, തനിക്കറിയാവുന്ന ഭാഷയില്‍ പ്രാസവും താളവും ഒപ്പിച്ച് കുറച്ചു വാക്കുകള്‍ കുറിച്ചിടുക സ്‌കൂള്‍കാലത്തുതന്നെ നെരൂദയുടെ ശീലമായിരുന്നു.

സങ്കടങ്ങളും സന്തോഷങ്ങളും ആശങ്കകളും ഒക്കെ ഇത്തരത്തില്‍ അദ്ദേഹം കുറിച്ചിട്ടുതുടങ്ങി. നെരൂദയുടെ എഴുത്തിനെ മനസിലാക്കാനും പ്രോത്സാഹിപ്പിക്കാനും അദ്ദേഹത്തിന്റെ അച്ഛന് ആദ്യകാലങ്ങളില്‍ കഴിഞ്ഞിരുന്നില്ല. അദ്ദേഹം ധരിച്ചത് തന്റെ മകന്‍ ഇതെല്ലാം മറ്റെവിടെനിന്നോ പകര്‍ത്തിയെഴുതുന്നതാണെന്നായിരുന്നു.

നെരൂദയെ സംബന്ധിച്ച് വായന ഒരു ദിനചര്യയായി മാറി. രാവും പകലും അദ്ദേഹം തുടര്‍ച്ചയായി വായിച്ചുകൊണ്ടിരുന്നു. ഒരിക്കല്‍ അദ്ദേഹം പ്യൂള്‍ട്ടെ സാവദ്രെ എന്ന പട്ടണത്തിലെ ഒരു ചെറിയ വായനശാലയില്‍വച്ച് ഡോണ്‍ അഗസ്‌റ്റോവിന്റര്‍ എന്ന കവിയെ പരിചയപ്പെടുകയുണ്ടായി.

താന്‍ എഴുതിയത് നെരൂദ അഗസ്റ്റോവിന്ററിനെ കാണിക്കുകയുണ്ടായി. അതു വായിച്ച അദ്ദേഹത്തിന് നെരൂദയില്‍ ഒരു വലിയ കവി ഒളിഞ്ഞിരിപ്പുണ്ടെന്ന് മനസിലായി. നെരൂദയുടെ പ്രതിഭയെ വളര്‍ത്താന്‍ ഉപകരിക്കുന്ന നിരവധി പുസ്തകങ്ങള്‍ അദ്ദേഹത്തിന് വായിക്കാന്‍ നല്കുകയാണ് അഗസ്റ്റോവിന്റര്‍ ചെയ്തത്. ആഴത്തിലുള്ള വായനയാണ് പാബ്ലോ നെരൂദയെ കവിയാക്കി മാറ്റിയത്.

ആഴത്തിലുള്ള വായനയാണ് പാബ്ലോ നെരൂദയെ കവിയാക്കി മാറ്റിയത്.

പിന്നീട്, നെരൂദയുടെ കാവ്യജീവിതത്തില്‍ സ്വാധീനം ചെലുത്തിയത് അദ്ദേഹത്തിന്റെ അധ്യാപികയായ ഗബ്രിയേല മിസ്ത്രില്‍ എന്ന തൂലികാനാമത്തിലൂടെ പ്രശസ്തയായ ലൂസിലാ ഗോദേയ് അല്‍ക്കായഗയായിരുന്നു. പ്രസിദ്ധ കവയിത്രിയായിരുന്ന ഗബ്രിയേലയ്ക്ക് 1945 ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിക്കുകയുണ്ടായി.

മരണത്തിന്റെ കവയിത്രി എന്നാണ് ഗബ്രിയേലയെ വായനക്കാര്‍ വിലയിരുത്തിയത്. പ്രേമം, വേദന, നിരാശ, മരണം എന്നിവയായിരുന്നു ഗബ്രിയേലയുടെ കവിതകളുടെ വിഷയം. ഗബ്രിയേലയ്ക്ക് നൊബേല്‍ പുരസ്‌കാരം ലഭിച്ച കൃതിയുടെ പേരും മറ്റൊന്നായിരുന്നില്ല മരണഗീതങ്ങള്‍ (സോണറ്റോസ് ഡിലാമ്യൂര്‍ട്ടേ) എന്നായിരുന്നു.

നെരൂദയെ സംബന്ധിച്ച അധ്യാപികയുടെ സ്ഥാനത്തുനിന്ന് സുഹൃത്തിന്റെ സ്ഥാനത്തേ ഗബ്രിയേല മാറിയത് വളരെ വേഗത്തിലായിരുന്നു. അന്ന് നെരൂദയുടെ പ്രായം പതിനൊന്ന് വയസാണ്. സുഹൃത്താവാനുള്ള പ്രായം നെരൂദയ്ക്കില്ലായിരുന്നെങ്കിലും നെരൂദ കൂടെക്കൂടെ ഗബ്രിയേലയെ കാണാന്‍ പോകുമായിരുന്നു.

വായനയിലും എഴുത്തിലും നെരൂദയ്ക്കുണ്ടായിരുന്ന താത്പര്യവും കഴിവും തിരിച്ചറിഞ്ഞ ഗബ്രിയേല വലിയ പ്രോത്സാഹനമാണ് നല്കിയത്. മനോഹരമായ രചനാ ശൈലിയിലൂടെയും രാഷ്ട്രീയ സാമൂഹിക നിലപാടുകളിലൂടെയും പ്രശസ്തരായ ടോള്‍സ്‌റ്റോയി, ദസ്തയേവ്‌സ്‌കി, ചെക്കോവ് തുടങ്ങിയ റഷ്യന്‍ എഴുത്തുകാരുടെ പുസ്തകങ്ങള്‍ നെരൂദയ്ക്ക് വായിക്കാന്‍ നല്കിയത് ഗബ്രിയേലയാണ്.

മഴ കാത്തിരുന്ന വേഴാമ്പലിന് ലഭിച്ച പെരുമഴയ്ക്കു സമമായിരുന്നു നെരൂദയ്ക്ക് ഈ പുസ്തകങ്ങള്‍ പന്ത്രണ്ട് വയസിനുള്ളില്‍ അദ്ദേഹം കിട്ടിയതൊക്കെ വായിച്ചു തീര്‍ത്തു.

മഴ കാത്തിരുന്ന വേഴാമ്പലിന് ലഭിച്ച പെരുമഴയ്ക്കു സമമായിരുന്നു നെരൂദയ്ക്ക് ഈ പുസ്തകങ്ങള്‍ പന്ത്രണ്ട് വയസിനുള്ളില്‍ അദ്ദേഹം കിട്ടിയതൊക്കെ വായിച്ചു തീര്‍ത്തു.

ആദ്യരചന

നെരൂദയുടെ ആദ്യരചന അച്ചടി മഷിപുരളുന്നത് 1917 ജൂലൈ 18-നാണ്. അത് കവിതയായിരുന്നില്ല. ഒരു ഉപന്യാസമായിരുന്നു. സഹനവും ഉന്മേഷവും എന്നതായിരുന്നു തലക്കെട്ട്. പ്രസിദ്ധീകരിച്ചത് ‘ലാമനാന’ എന്ന പ്രാദേശിക പത്രത്തിലും. അന്ന് അദ്ദേഹം പാബ്ലോ നെരൂദയായിട്ടില്ല.

നെഫ്താലി റീസ് എന്ന പേരിലാണ് അദ്ദേഹം എഴുതിയത്. തൊട്ടടുത്തവര്‍ഷം അദ്ദേഹം കവിതയിലും അരങ്ങേറി. ‘മിസ് ഓജോസ്’ എന്ന കവിതയാണ് പ്രസിദ്ധീകരിച്ചത്. ‘കോറേ-വ്യൂലെ’ എന്ന സാഹിത്യമാസികയിലാണ് ഈ കവിത പ്രസിദ്ധീകരിച്ചത്.

സാന്റിയാഗോയില്‍ നിന്നായിരുന്നു ഈ മാസിക പ്രസിദ്ധീകരിച്ചിരുന്നത്. പിന്നീട് ടെമുക്കോയില്‍ നിന്നും പുറത്തിറങ്ങിയിരുന്ന സ്റ്റുഡന്റ് വ്യൂ എന്ന മാസികയില്‍ മൂന്നു കവിതകള്‍കൂടി അദ്ദേഹത്തിന്റേതായി പുറത്തുവന്നു.

നെഫ്താലി റീസില്‍നിന്ന് പാബ്ലോ നെരൂദയിലേക്ക്

1920-ലാണ് പാബ്ലോ നെരൂദയെന്ന തൂലികാനാമം സ്വീകരിച്ചത്. ചെക്ക് കവി ടോന്‍ നെരൂദയുടെ സ്മരണാര്‍ത്ഥമാണ് അദ്ദേഹം പാബ്ലോ നെരൂദയായത്. പിന്നീട്, അദ്ദേഹം തുടര്‍ച്ചയായി കവിതകള്‍ എഴുതിത്തുടങ്ങി.

1921-ല്‍ അദ്ദേഹം ചിലിയുടെ തലസ്ഥാന നഗരമായ സാന്റിയാഗോയിലേക്ക് താമസം മാറി. ക്ലാരിഡാസ് എന്ന പ്രശസ്ത സാഹിത്യമാസികയില്‍ അദ്ദേഹം തുടര്‍ച്ചയായി കവിതകള്‍ എഴുതിയിരുന്നു. സ്റ്റുഡന്റ് ഫെഡറേഷന്റെ മുഖപത്രമായിരുന്നു ക്ലാരിഡാഡ്.

കുറച്ചുകാലം അദ്ദേഹം ക്ലാരിഡാഡിന്റെ പ്രത്യേക ലേഖകനായും പ്രവര്‍ത്തിച്ചു. 1923 ഓഗസ്റ്റില്‍ (അന്നു നെരൂദയുടെ പ്രായം 19 വയസ്) അദ്ദേഹത്തിന്റെ ആദ്യകവിതാസമാഹാരം പുറത്തിറങ്ങി. ‘ക്രെപുസ്‌കലാമിയോ’ എന്ന ആദ്യസമാഹാരത്തിന് ചിത്രങ്ങള്‍ വരച്ചത് ചിലിയന്‍ വിപ്ലവകാരികളില്‍ പ്രമുഖനായ യുവാന്‍ ഗുണ്ടെല്‍ഥോ ആയിരുന്നു.

ചിലിയിലും സ്‌പെയിനിലും പ്രസിദ്ധന്‍

1924 -ല്‍ ഇരുപതാം വയസില്‍ രണ്ടാമത്തെ കവിതാസമാഹാരമായ വിയന്റെ പോയമാസ് ദി അമര്‍യുന കോസിയന്‍ ദിസസ്‌പെറേഡ് (ഇരുപത് പ്രേമഗാനങ്ങളും ഒരു നിരാശാഗീതവും) പുറത്തിറങ്ങിയതോടെ ചിലിയില്‍ മാത്രമല്ല സ്‌പെയിനിലും നെരൂദയ്ക്ക് നിരവധി വായനക്കാരുണ്ടായി.

ഗബ്രിയേലയുടെ വലിയ സ്വാധീനം ഈ സമാഹാരത്തിലെ കവിതകളില്‍ നമുക്ക് കണ്ടെത്താനാവും. ക്രെപുസ്‌കലാരിയോയും വിയന്റെ പോയ മാസും വായനക്കാരുടെ ഇടയില്‍ വലിയ ചലനമാണ് സൃഷ്ടിച്ചത്. നെരൂദയുടെ കവിതകളെക്കുറിച്ച് നിരവധി സാഹിത്യമാസികകളില്‍ പഠനങ്ങളും നിരൂപണങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടു.

വളരെ ചെറിയ പ്രായത്തില്‍ തന്നെ വായനക്കാരും നിരൂപകരും ആഘോഷിച്ച കവിയാണ് നെരൂദ. മറ്റൊരര്‍ത്ഥത്തില്‍ മുപ്പത് വയസ് തികയുന്നതിനു മുമ്പുതന്നെ മഹാകവിപട്ടം നേടിയെടുത്ത കവിയാണ് പാബ്ലോ നെരൂദ.

സന്ദീപ് സലിം

(അടുത്തയാഴ്ച: കവിയില്‍ നിന്നു രാഷ്ട്രീയക്കാരനായി മാറുന്നു)

Leave a Reply

%d bloggers like this: