ചേർപ്പുങ്കൽ : മാനവരാശിയുടെ ക്ഷേമം മുൻനിറുത്തി പ്രവർത്തിക്കുന്ന സർക്കാരുകൾ അവരുടെ നേട്ടങ്ങൾ മറ്റുള്ളവർക്കായി പങ്കുവെയ്ക്കുവാൻ തയ്യാറാകണമെന്നും അത്തരമൊരു ബോധ്യത്തിന്റെ പ്രതിഫലനമായിട്ടാണ് ഫ്രഞ്ച് സർക്കാർ അന്തരീക്ഷവായുവിൽ നിന്നും ഓക്സിജൻ വേർതിരിച്ചെടുക്കുവാൻ സഹായിക്കുന്ന ഓക്സിജൻ ജനറേറ്റർ മാർ സ്ലീവാ മെഡിസിറ്റിക്ക് നൽകിയതെന്ന് ഓക്സിജൻ ജനറേറ്റർ പ്ലാന്റ് ഉദ്‌ഘാടനം ചെയ്തു സംസാരിച്ച ഫ്രഞ്ച് കോൺസൽ ജനറൽ ലിസ് ടാൽബോട്ട് ബാരി അഭിപ്രായപ്പെട്ടു.
ഫ്രാൻസും ഭാരതവുമായുള്ള ബന്ധങ്ങൾക്ക് നൂറ്റാണ്ടുകളുടെ ദാർഢ്യമുണ്ടെന്നും കോവിഡ് മഹാമാരിയുടെ കാലത്ത് തങ്ങളെ ഏറ്റവും കൂടുതൽ സഹായിച്ച രാജ്യങ്ങളിൽ ഒന്ന് ഇന്ത്യയാണെന്നും അവർ അനുസ്മരിച്ചു.
ചടങ്ങിൽ ആശുപത്രിയുടെ സ്ഥാപകനും രക്ഷാധികാരിയുമായ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, മാനേജിങ് ഡയറക്ടർ മോൺ. ഡോ.ജോസഫ് കണിയോടിക്കൽ, ഡയറക്ടർമാരായ റവ. ഫാ.ജോസഫ് കീരഞ്ചിറ, റവ. ഫാ. മാത്യു ചേന്നാട്ട് ഒപ്പം റവ.ഫാ.ജോസഫ് മുത്തനാട്ട്, റവ.ഫാ.അഗസ്റ്റിൻ കൊഴുപ്പൻകുറ്റി, റവ.ഫാ.തോമസ് മണ്ണൂർ, റവ.ഫാ.ജോസഫ് കുഴിഞ്ഞാലിൽ എന്നിവർ പങ്കെടുത്തു.
