Pala News

മരിയസദന്റെ പുതിയ കര്‍മ്മപദ്ധതികളുമായി സര്‍ക്കാര്‍ സഹകരിക്കും: മന്ത്രി വി എന്‍ വാസവൻ

പാലാ: മരിയസദന്റെ നേതൃത്വത്തില്‍ പഞ്ചായത്തുകള്‍തോറും നടപ്പാക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള തലചായ്ക്കാനൊരിടം എന്ന മഹത്തായ കര്‍മ്മപദ്ധതിക്ക് സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കുമെവന്ന് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. സ്‌നേഹനിര്‍മ്മിതമായ മനുഷ്യത്വത്തിന്റെയും ഉന്നതമായ സാമൂഹ്യ ബോധത്തിന്റെയും ഉദാത്തമായ മനുഷ്യസ്‌നേഹത്തിന്റെയും സനാതനമായ സാംസ്‌കാരിക മൂല്യങ്ങളുടെയും വിളനിലമായി മാറി എന്നതാണ് പാലാ മരിയസദന്റെ ഏറ്റവും വലിയ പ്രത്യേകതയെന്നും മന്ത്രി തുടര്‍ന്നു.

പാലാ മരിയസദനില്‍ പുതുതായി നിര്‍മ്മിച്ച സ്‌നേഹമന്ദിരത്തിന്റെ (ലോര്‍ഡ്‌സ് ഹോസ്‌പൈസ്) ന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.സമ്മേളനത്തില്‍ പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു.

വേദനിക്കുന്നവര്‍ക്ക് കൈത്താങ്ങാകുമ്പോഴാണ് മനുഷ്യജീവിതം സ്വാര്‍ത്ഥകമാകുന്നത്. അല്ലാത്തതെല്ലാം വെറും പൊള്ളയാണെന്ന് നമ്മള്‍ തിരിച്ചറിയണമെന്നും ബിഷപ് പറഞ്ഞു. പുതിയ കെട്ടിടത്തിന്റെ വെഞ്ചിരിപ്പ് കര്‍മ്മവും ബിഷപ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു.

ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍, മാണി സി. കാപ്പന്‍ എം.എല്‍.എ, ഇടുക്കി ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് ഐ.എ.എസ്, പാലാ നഗരസഭാ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര, അഡ്വ. നാരായണന്‍ നമ്പൂതിരി, മോണ്‍. ജോസഫ് മലേപ്പറമ്പില്‍, ഫാ. ജോര്‍ജ് പഴയപറമ്പില്‍, നവജീവന്‍ പി.യു തോമസ്, മുന്‍ എം.പി. വക്കച്ചന്‍ മറ്റത്തില്‍, ഡോ. റോയി എബ്രാഹം കള്ളിവയലില്‍, പാലാ നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

മികച്ച സേവനം നടത്തുന്ന സന്തോഷ് ജോസഫിനെയും കുടുംബാംഗങ്ങളെയും ആശുപത്രിക്കായി പുതിയ കെട്ടിടം നിര്‍മ്മിച്ചു നല്കിയ രാജി മാത്യു പാംമ്പ്‌ളാനിയേയും കുടുംബാംഗങ്ങളെയും സമ്മേളനത്തില്‍ ആദരിച്ചു.

പ്രമുഖ റോഡ് കരാറുകാരനായ രാജി മാത്യു പാംമ്പ്‌ളാനി തന്റെ മാതാപിതാക്കളായ പി.എസ്. മാത്യുവിന്റെയും അച്ചാമ്മ മാത്യുവിന്റെയും ഓര്‍മ്മയ്ക്കായാണ് ഈ കെട്ടിടം നിര്‍മ്മിച്ച് മരിയസദന് കൈമാറിയത്.

മരിയസദനത്തില്‍ ലഭ്യമായ സ്ഥലത്ത് മൂന്ന് നിലകളിലായി നിര്‍മ്മിച്ച ആശുപത്രി മന്ദിരത്തില്‍ ഒ. പി, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ഐസൊലേഷന്‍ വാര്‍ഡുകള്‍, ഡോക്ടര്‍മാര്‍ക്കായി പ്രത്യേകം കണ്‍സള്‍ട്ടേഷന്‍ റൂമുകള്‍, പരിശോധനാ മുറികള്‍ എന്നിവ ക്രമീകരിച്ചിരിക്കുന്നു.

താഴത്തെ നിലയില്‍ ഡോക്ടര്‍മാരുടെ വാഹനങ്ങള്‍ നനയാതെ പാര്‍ക്ക് ചെയ്യുന്നതിന് സൗകര്യം ഒരുക്കിയിരിക്കുന്നു. കൂടാതെ കെട്ടിടത്തിന്റെ മുന്‍ഭാഗത്തായി വിശാലമായ വാഹന പാര്‍ക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published.