തിരുവല്ലയില്‍ രാത്രിയാത്രക്കാര്‍ക്ക് ഭീഷണിയായി കവര്‍ച്ചാ സംഘം: വടിവാള്‍ സംഘത്തില്‍ യുവതിയും, രണ്ടാഴ്ചക്കിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 9 ആക്രമണങ്ങള്‍

പത്തനംതിട്ട: തിരുവല്ലയില്‍ രാത്രികാല യാത്രക്കാര്‍ക്ക് ഭീഷണി ഉയര്‍ത്തി കവര്‍ച്ചാ സംഘങ്ങള്‍ വിലസുന്നതായി പരാതി. വടിവാളുമായി കാറില്‍ കറങ്ങുന്ന സംഘം വടിവാള്‍ കാട്ടി ഭീഷണിപ്പെടുത്തിയാണ് യാത്രക്കാരില്‍ നിന്നു പണം തട്ടുന്നത്.

പുലര്‍ച്ചെ രണ്ടു മണിക്കും അഞ്ചു മണിക്കും ഇടയിലുള്ള സമയങ്ങളിലാണ് ആക്രമണങ്ങള്‍ ഏറെയും നടക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ച്ചക്കാലത്തിനിടെ മാത്രം തിരുവല്ലയുടെ വിവിധ ഭാഗങ്ങളിലായി ഒമ്പത് യാത്രക്കാരാണ് ഇത്തരം സംഘത്തിന്റെ ആക്രമണത്തിന് ഇരയായത്.

Advertisements

അതേ സമയം, ഒമ്പതില്‍ കൂടുതല്‍ പേര്‍ ഈ സംഘത്തിന്റെ ആക്രമണത്തിന് ഇരയായതായും സൂചനയുണ്ട്. ആക്രമിക്കപ്പെടുന്ന എല്ലാവരും പരാതി നല്‍കാത്തതാണ് ഇതിനു കാരണം.

12 ദിവസം മുന്‍പ് മതില്‍ഭാഗം, കാവുംഭാഗം എന്നിവിടങ്ങളില്‍ പുലര്‍ച്ചെ മൂന്നരയ്ക്ക് വാനിലെത്തിയ യുവാവും യുവതിയും വടിവാള്‍ ഉപയോഗിച്ച് രണ്ടു പേരേ ആക്രമിച്ചിരുന്നു. മൂന്നു ദിവസത്തിനുശേഷം പൊലീസ് ഇവരെ അറസ്റ്റ് ചെയ്തിരുന്നു.

അതിനുശേഷം കഴിഞ്ഞ നാലു ദിവസങ്ങളായി ദിവസവും കവര്‍ച്ച നടക്കുന്നതായി പരാതിയുണ്ട്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ മൂന്നംഗ സംഘം ബൈക്കിലെത്തി നിരണം ഡക് ഫാമിനു സമീപം അതിഥി തൊഴിലാളികള്‍ താമസിക്കുന്ന താത്കാലിക ഷെഡില്‍ കയറി മാരകായുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി അഞ്ചു തൊഴിലാളികളുടെ 3000 രൂപയും രണ്ട് മൊബൈല്‍ ഫോണും ബാഗുകളും കവര്‍ന്നു.

തിങ്കളാഴ്ച പുലര്‍ച്ചെ നീരേറ്റുപുറം പാലത്തില്‍ മത്സ്യ വില്‍പനക്കാരനെ തടഞ്ഞു നിര്‍ത്തി പണം കവര്‍ന്നു. ബൈക്കില്‍ പോകുകയായിരുന്ന ഇയാളെ വാനില്‍ പിന്തുടര്‍ന്ന് പാലത്തില്‍ തടഞ്ഞു നിര്‍ത്തി വടിവാള്‍ കഴുത്തില്‍ വച്ചാണ് പണം തട്ടിയെടുത്തത്.

You May Also Like

Leave a Reply