പൂഞ്ഞാർ : വർഷങ്ങളായി പരിമിതമായ സൗകര്യത്തിൽ പ്രവർത്തിച്ചിരുന്ന പൂഞ്ഞാർ തെക്കേക്കര വില്ലേജിന് ഇരു നിലകളുള്ള, എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിർമ്മാണം പൂർത്തീകരിക്കപ്പെടുന്നു.
പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ മുൻകൈയെടുത്താണ് 72 ലക്ഷം രൂപ വിനിയോഗിച്ചുള്ള നിർമ്മാണ പ്രവർത്തികൾ തുടക്കം കുറിച്ച് വേഗത്തിൽ തന്നെ പൂർത്തീകരണ ഘട്ടത്തിൽ എത്തിയിട്ടുള്ളത്.
മുൻപ് ഗ്രാമപഞ്ചായത്ത് അനുവദിച്ചിരുന്ന ഷട്ടർ ഉപയോഗിച്ച് അടവാക്കുന്ന ഒറ്റ മുറിക്കുള്ളിലാണ് മീനച്ചിൽ താലൂക്കിലെ തന്നെ ഭൂവിസ്തൃതി കൊണ്ടും,ജനസംഖ്യ കൊണ്ടും വലിയ വില്ലേജുകളിൽ ഒന്നായ പൂഞ്ഞാർ തെക്കേക്കര വില്ലേജ് ഓഫീസ് പ്രവർത്തിച്ചു വന്നിരുന്നത്.
പുതിയ വില്ലേജ് ഓഫീസിൽ ഫ്രണ്ട് ഓഫീസ്, പൊതുജനങ്ങൾക്കുള്ള വിശ്രമമുറി, ഓഫീസ് സൗകര്യം, വില്ലേജ് ഓഫീസറുടെ ക്യാബിൻ, റെക്കോർഡ് റൂം , മീറ്റിംഗ് റൂം, പാർക്കിംഗ് ഉൾപ്പെടെ വില്ലേജ് ഓഫീസ് സുഗമമായി പ്രവർത്തിക്കുന്നതിന് ആവശ്യമായ മുഴുവൻ സൗകര്യങ്ങളും ഒരുക്കിയാണ് പുതിയ ഇരു നില വില്ലേജ് ഓഫീസ് കെട്ടിടം പൂർത്തീകരിക്കപ്പെടുന്നത്.
ജില്ലാ നിർമ്മിതി കേന്ദ്രത്തിനാണ് നിർമ്മാണ ചുമതല. വില്ലേജ് ഓഫീസിൽ നിന്നുള്ള എല്ലാ സേവനങ്ങളും ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാകുന്ന സ്മാർട്ട് വില്ലേജ് ഓഫീസായിട്ടാണ് പുതിയ വില്ലേജ് ഓഫീസ് ക്രമീകരിക്കപ്പെട്ടിരിക്കുന്നത് എന്നും എംഎൽഎ അറിയിച്ചു.

പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ ഇതിനോടകം കൂട്ടിക്കൽ, മുണ്ടക്കയം, കൂവപ്പള്ളി വില്ലേജ് ഓഫീസുകൾ നിർമ്മാണം പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യപ്പെട്ടു എന്നും, പൂഞ്ഞാർ തെക്കേക്കരയോടൊപ്പം എരുമേലി തെക്ക് വില്ലേജ് ഓഫീസിന്റെയും നിർമ്മാണം പുരോഗതിയിലാണെന്നും, വരുന്ന ഒരു വർഷത്തിനുള്ളിൽ നിയോജകമണ്ഡലത്തിലെ മുഴുവൻ വില്ലേജ് ഓഫീസുകളും സ്മാർട്ട് വില്ലേജ് ഓഫീസുകൾ ആക്കി മാറ്റുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു. പൂഞ്ഞാർ തെക്കേക്കര വില്ലേജ് ഓഫീസിന്റെ പുതിയ മന്ദിരം മെയ് അവസാനവാരത്തോടെ റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ നാടിന് സമർപ്പിക്കുമെന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.