ചെക്കുപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് പോസിറ്റീവ് പേ, ഒരാള്‍ക്ക് 9 സിം കാര്‍ഡുകള്‍ മാത്രം; പുതുവര്‍ഷത്തില്‍ ആരംഭിക്കുന്ന ഈ നിര്‍ണായക മാറ്റങ്ങള്‍ അറിഞ്ഞിരിക്കണം

നിത്യജീവിതത്തില്‍ ശ്രദ്ധിക്കേണ്ട നിരവധി മാറ്റങ്ങള്‍ നാളെ മുതല്‍ പുതുവര്‍ഷദിനത്തില്‍ നിലവില്‍ വരും. നാളെ മുതല്‍ ചെക്ക് വഴിയുള്ള പണമിടപാട് നടത്തുമ്പോള്‍ ഇടപാടിന്റെ വിശദാംശങ്ങളും സ്വീകര്‍ത്താവിന്റെ പേരും മറ്റു രേഖകളും ബാങ്കിന് കൈമാറണം.

ചെക്ക് ഉപയോഗിച്ചുള്ള സാമ്പത്തിക ക്രമക്കേട് തടയാനാണ് പോസിറ്റീവ് പേ സിസ്റ്റം കൊണ്ടുവരുന്നത്. ചെക്ക് നല്‍കുന്നത് ആര്‍ക്കാണോ അയാളുടെ പേരും ചെക്ക് നമ്പരും തീയതിയും തുകയും ബാങ്കിന് നല്‍കണം.

Advertisements

അഞ്ച് ലക്ഷത്തിന് മുകളിലുള്ള ചെക്കുകള്‍ക്ക് ഇത് നിര്‍ബന്ധമാണ്. അമ്പതിനായിരം രൂപയ്ക്ക് മുകളിലുള്ള ചെക്കുകളുടെ കാര്യത്തില്‍ ബാങ്കുകള്‍ക്ക് വിവേചനാധികാരം ഉപയോഗിക്കാം.

ഡെബിറ്റ് കാര്‍ഡും ക്രെഡിറ്റ് കാര്‍ഡും ഉപയോഗിച്ചുള്ള കോണ്ടാക്ട് ലെസ് ഇടപാടുകളുടെ പരിധി 2000ല്‍ നിന്ന് 4000 രൂപായി ഉയരും.

നാളെ മുതല്‍ ഒരാള്‍ക്ക് ഒമ്പത് സിം കാര്‍ഡുകളേ കൈവശം വയ്ക്കാനാകൂ. ജനുവരി പത്തിനകം അധികമുള്ള സിം കാര്‍ഡുകള്‍ സേവനദാതാക്കള്‍ക്ക് മടക്കി നല്‍കണം.

ലാന്‍ഡ് ഫോണില്‍ നിന്ന് മൊബൈലിലേക്ക് വിളിക്കുമ്പോള്‍ പൂജ്യം ചേര്‍ക്കണമെന്ന നിര്‍ദേശം ജനുവരി 15 മുതലേ നടപ്പിലാക്കൂ എന്നാണ് സൂചന.

പഴയ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണുകളില്‍ വാട്‌സാപ്പിന്റെ എല്ലാ ഫീച്ചറുകളും നാളെ മുതല്‍ ലഭ്യമാവില്ല. ആന്‍ഡ്രോയിഡ് 4.0.3, ആപ്പിള്‍ ഐ.ഒ.എസ് 9 വേര്‍ഷനുകള്‍ക്ക് താഴെയുള്ള ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന ഫോണുകളില്‍ വാട്‌സാപ്പ് പ്രവര്‍ത്തിക്കാതെ ഇരിക്കുകയോ സേവനങ്ങള്‍ ഭാഗികമാകുകയോ ചെയ്യും.

അഞ്ചുകോടി വരെ വിറ്റുവരവുള്ള വ്യാപാരികള്‍ ഇനിമുതല്‍ വര്‍ഷം നാലുതവണ മാത്രം റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതി. രണ്ടുകോടിക്കു മേല്‍ വിറ്റുവരവുള്ള വ്യാപാരികള്‍ ജി.എസ്.ടി വാര്‍ഷിക റിട്ടേണ്‍ നല്‍കേണ്ട അവസാനതീയതി ഇന്നാണ്.

സംസ്ഥാനത്ത് ജനുവരി മുതല്‍ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനാകും. പുക പരിശോധനയുടെ വിവരങ്ങള്‍ മോട്ടോര്‍വാഹന വകുപ്പിന്റെ സെര്‍വറിലേക്കാകും അപ്‌ലോഡ് ചെയ്യുന്നത്.

ആര്‍സി ബുക്ക്, ലൈസന്‍സ് എന്നിവ ജനുവരി മുതല്‍ ഇടനിലക്കാരെ ഒഴിവാക്കി വീടുകളില്‍ നേരിട്ടെത്തിക്കാനും തീരുമാനിച്ചിരുന്നു.

ബസുകളിലും ചരക്കുവാഹനങ്ങളിലും ജിപിഎസ് നിര്‍ബന്ധമാക്കി കോടതി ഉത്തരവ് ഉണ്ടായിരുന്നെങ്കിലും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി മാര്‍ച്ച് 31 വരെ നീട്ടിയതിനാല്‍ ഇത് നിര്‍ബന്ധമാക്കിയേക്കില്ല. കെ.എസ്.ആര്‍.ടി.സി ബസുകള്‍ നാളെ മുതല്‍ പൂര്‍ണതോതില്‍ സര്‍വീസ് തുടങ്ങാനാണ് തീരുമാനം.

You May Also Like

Leave a Reply