Pala News

മീനച്ചിൽ റിവർവാലി പദ്ധതി പുനരുജ്ജീവിപ്പിക്കുന്നതിന് ഇനി പുതിയ റിപ്പോർട്ട്; 6 അംഗ സമിതി രൂപീകരിച്ചു: ആർ പ്രിയേഷ് കൺവീനർ

പാലാ: വേനലിൽ വററി വരളുന്ന മീനച്ചിൽ നദീതടത്തെ നീരണിയിക്കുവാൻ മീനച്ചിൽ റിവർ വാലി പദ്ധതി പുനരുജ്ജീവിപ്പിക്കുന്നതിന് പുതിയ റിപ്പോർട്ട് തയ്യാറാക്കുവാൻ ജലവിഭവ വകുപ്പ് ആറ് അംഗങ്ങൾ ഉൾപ്പെട്ട വിദഗ്ദ സമിതി രൂപീകരിച്ചു.

ജി.ഒ.(ആർ.ടി) നം. 430/2022/ഡബ്ല്യു.ആർ.ഡി / 20.5 .2 2 പ്രകാരമാണ് സമിതി രൂപീകരിച്ചു കൊണ്ടുള്ള ഉത്തരവ്. ഇറിഗേഷൻ ഡിസൈൻ & റിസർച്ച് ബോർഡ് (ഐ.ആർ.ഡി.ബി) ഡയറക്ടർ ആർ.പ്രിയേഷ് വിദഗ്ദ സമിതിയുടെ കൺവീനറാണ്.

ആർ. ബാജി ചന്ദ്രൻ (സൂപ്രണ്ടിംഗ് എൻജിനീയർ, ഇറിഗേഷൻ ), എ.ഷാനവാസ് (ചീഫ് എൻജിനീയർ, സിവിൽ ഇൻവെസ്റ്റിഗേഷൻ, കെ.എസ്.ഇ.ബി), സി.ഡി.സണ്ണി (ഇൻവെസ്റ്റിഗേഷൻ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ, കെ.എസ്.ഇ. ബി), പി.മുഹമ്മദ് സിദ്ദിഖ് (സൂപ്രണ്ടിംഗ് എൻജിനീയർ, ജല അതോറിട്ടറി), വി.എം. രാജേഷ് (എക്സി.എൻജിനീയർ, ജല അതോറിട്ടി ) എന്നിവരാണ് മറ്റു സമിതി അംഗങ്ങൾ.

സമിതി ഈ മാസം ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്ററ്യൻ്റെ നേതൃത്വത്തിൽ യോഗം ചേരും.
ഇടുക്കി ജലവൈദ്യുത പദ്ധതിക്കായുള്ള റിപ്പോർട്ട് തയ്യാറാക്കിയപ്പോൾ തന്നെ വൈദ്യുതി ഉൽപാദനത്തിനു ശേഷം പുറം തള്ളുന്ന ജലം മീനച്ചിൽ നദീതടത്തിലേക്കും മൂവാറ്റുപുഴ നദീതടത്തിലേക്കും തിരിച്ചുവിടുവാനായിരുന്നു രൂപരേഖ. എന്നാൽ മൂവാറ്റുപുഴ വാലി പദ്ധതിയാണ് ഘട്ടം ഘട്ടമായി നടപ്പാക്കിയത്.

മീനച്ചിലിലേക്ക് നൽകുവാനുള്ള വെള്ള0 കുറവാണ് എന്നും മൂവാറ്റുപുഴ വാലിയിലെ പദ്ധതി എറണാകുളം ജില്ലയിലെ വ്യവസായങ്ങൾക്ക് ആവശ്യമുണ്ടെന്നും വാദിച്ച് മീനച്ചിൽ പദ്ധതി നടപ്പാക്കിയില്ല. മൂവാറ്റുപുഴയിലെ അധികജലം വെള്ളൂർ വെട്ടിക്കാട്ടു മുക്കുവഴി വേമ്പനാട്ട് കായലിലേക്ക് ആർക്കും പ്രയോജനമില്ലാതെ വർഷങ്ങളോളം ഒഴുകി പോയി. ഒരോവേനലിലും മീനച്ചിൽ മേഖല കരിഞ്ഞ് ഉണങ്ങുകയും ചെയ്തു.

മീനച്ചിൽ താലൂക്കിലെ അടുക്കത്ത് ഡാം നിർമ്മിച്ച് ജലം സംഭരിക്കുവാൻ തീരുമാനിച്ച് പുതിയ റിവർ വാലി പദ്ധതി തയ്യാറാക്കി ഉദ്ഘാടനവും നടത്തി. രാഷ്ട്രീയ എതിർപ്പുകൾ ശക്തമാവുകയും പദ്ധതി നിശ്ചലമാവുകയും ചെയ്തു.ഇതിനായി ആരംഭിച്ച ഓഫീസുകൾ ഇന്നും പാലായിൽ തുടരുകയാണ്.
ഇതിനിടയിൽ ഇലക്ട്രിസിറ്റിബോർഡ് മീനച്ചിലാറിൻ്റെ ആരംഭത്തിൽ വഴിക്കടവ് എന്ന സ്ഥലത്ത് മിനി ഡാം നിർമ്മിച്ച് ടണൽ വഴി വെള്ളം ഇടുക്കി റിസർവോയറിലേക്ക് തിരിച്ചുവിട്ടു.ഇതോടെ നിർദ്ദിഷ്ഠ ഡാം പദ്ധതിക്കുള്ള വെള്ളം ലഭിക്കില്ലെന്ന നിലയായി ഡാം പദ്ധതിയും ഉപേക്ഷിച്ചു.
പിന്നീട് മീനച്ചിലാറ്റിൽ വേനലിൽ വെള്ളം എത്തിക്കുന്നതിനായുള്ള നിരവധി ചർച്ചകൾ നടക്കുകയും തുരങ്ക പദ്ധതി അംഗീകരിക്കുകയും ചെയ്തു. പദ്ധതിയുടെ ഓഫീസ് ഉദ്ഘാടനത്തിന് മുൻപ് ഇതും രാഷ്ട്രീയ ഭിന്നതയെ തുടർന്ന് നിർത്തിവയ്ക്കപ്പെട്ടു.

മൂവാറ്റുപുഴ നദീതടത്തിലെ ജലനിരപ്പ് ഉയർന്നു നിൽകുന്നതു കാരണം കൃഷിയെ ബാധിക്കുന്നതായും വെള്ളപൊക്കത്തിന് കാരണമാകുന്നതിനാൽ ജലനിരപ്പ് താഴ്ത്തണമെന്നും ആവശ്യപ്പെട്ട് ജനപ്രതിനിധികൾ സർക്കാരിന് കത്തുനൽകി.ഇതു സംബന്ധിച്ച് മൂവാറ്റുപുഴയിൽ മന്ത്രിതല ചർച്ച ഏതാനും നാൾ മുൻപ് നടക്കു കയും ചെയ്തു.

ഇതിനിടയിൽ ഇടുക്കി പദ്ധതിയിൽ മറ്റൊരു പവ്വർ ഹൗസ് കൂടി നിർമ്മിക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ചു.പ്രൊജക്ട് റിപ്പോർട്ടും തയ്യാറാക്കി’ ഇവിടെ നിന്നും വെള്ളം പുറം തള്ളുമ്പോൾ കുടയത്തൂർ ബേസിനിൽ നിർമ്മിച്ചിരിക്കുന്ന മലങ്കര ഡാമിന് അത് താങ്ങാനുള്ള ശേഷി ഇല്ലാതാവും.
ഈ അവസ്ഥയാണ് ഇപ്പോൾ മീനച്ചിലിനു തുണയാവുന്നത്. അധികജലം മീനച്ചിലിലേക്ക് ഒഴുക്കിയേ തീരൂ. മീനച്ചിലിലേക്ക് വെള്ളം കൊണ്ടു പോകുന്നതിന് എതിർ നിന്നവരും ഇപ്പോൾ സുല്ലു പറയേണ്ടി വന്നിരിക്കുകയാണ്.

പാലാക്കാരൻ കൂടിയായ മന്ത്രി റോഷി അഗസ്ത്യൻ ജലവിഭവ വകുപ്പിൻ്റെ ചുമതല ഏറ്റ് ആദ്യമായി പാലായിൽ എത്തിയപ്പോൾ തന്നെ മാണി സാറിൻ്റെ സ്വപ്ന പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
സ്വന്തമായി ജലസേചന പദ്ധതികൾ ഒന്നും ഇല്ലാത്ത സംസ്ഥാനത്തെ ഏക ജില്ലയായ കോട്ടയത്തിന് പുതിയ പ്രതീക്ഷയാണ് സർക്കാർ തീരുമാനമെന്ന് പാലായിൽ ചേർന്ന മീനച്ചിൽ റിവർ വാലി ആക്ഷൻ കമ്മിറ്റി പറഞ്ഞു. താമസിക്കും തോറും ചിലവ് വർദ്ധിക്കുമെന്നതിനാൽ എത്രയും വേഗം പദ്ധതി റിപ്പോർട്ട് ലഭ്യമാക്കി മീനച്ചിൽ പദ്ധതി നടപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പദ്ധതി പുനരുജ്ജീവിപ്പിക്കുവാൻ നടപടി സ്വീകരിച്ച മന്ത്രി റോഷി അഗസ്ത്യ നെയോഗം അനുമോദിച്ചു.

യോഗത്തിൽ ഫിലിപ്പ് കുഴികുളം അദ്ധ്യക്ഷത വഹിച്ചു.ടോബിൻ കണ്ടനാട്ട്, തോമസ് ആൻ്റണി, ജയ്സൺമാന്തോട്ടം, ബൈജു കൊല്ലംപറമ്പിൽ എന്നിവർ പ്രസംഗിച്ചു. വേനലിൽ ശുദ്ധജല ലഭ്യത ഉറപ്പു വരുത്തുവാൻ മീനച്ചിൽ പദ്ധതി നടപ്പാക്കുക മാത്രമാണ് ഏക പോംവഴിയെന്ന് നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര പറഞ്ഞു.

Leave a Reply

Your email address will not be published.