മുത്തോലി – ഭരണങ്ങാനം ബൈപാസിനു 17 കോടി; കിഫ്ബി ഫണ്ടില്‍ നിന്നുള്ള മൂന്നു പദ്ധതികള്‍ പാലായില്‍ പുരോഗമിക്കുന്നു

പാലാ: കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയ മൂന്നു പദ്ധതികളുടെ പണികളാണ് പാലായില്‍ പുരോഗമിക്കുന്നത്. മുത്തോലി – ഭരണങ്ങാനം ബൈപാസ് നിര്‍മ്മാണം, പാലാ മഹാത്മാഗാന്ധി ഹയര്‍ സെക്കന്ററി സ്‌കൂള്‍ കെട്ടിട നിര്‍മ്മാണം, പനമറ്റം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ നിര്‍മ്മാണം എന്നിവയാണ് കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയ പാലാ മണ്ഡലത്തിലെ പദ്ധതികള്‍.

മുത്തോലി – ഭരണങ്ങാനം ബൈപാസിനായി 17 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. നിലവിലുള്ള റോഡ് വീതി കൂട്ടുന്നതിന് സ്ഥലം ഏറ്റെടുക്കുന്നതിനും ബി എം ബി സി ടാറിംഗ് ജോലികകളും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.

ഇതോടെ പാലാ നഗരത്തില്‍ കയറാതെ ഭരണങ്ങാനം, ഇലവീഴാപൂഞ്ചിറ, ഈരാറ്റുപേട്ട, വാഗമണ്‍ തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് പോകാന്‍ സാധിക്കും. ഈ റൂട്ടിലൂടെ ഗതാഗതം സുഗമമാകുന്നതോടെ പാലാ നഗരത്തിലെ തിരക്കു കുറയാന്‍ സഹായിക്കും.

പദ്ധതിക്കു അംഗീകാരം ലഭിച്ചിട്ടുണ്ട്. നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു വരികയാണ്. ഉടന്‍ തന്നെ പണികള്‍ക്ക് തുടക്കം കുറിക്കുമെന്നാണ് പ്രതീക്ഷ. 12 കിലോമീറ്റര്‍ ദൂരത്തിലാണ് റോഡ് നവീകരണം നടത്തുന്നത്.

പാലാ മഹാത്മാഗാന്ധി ഹയര്‍ സെക്കന്ററി സ്‌കൂളിന് ആധുനിക കെട്ടിട സമുച്ചയവും അനുബന്ധ സൗകര്യങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമാണ് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്നത്. ഇതിനായി 5 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.

90 ശതമാനം പണികളും ഇപ്പോള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ഇത് പൂര്‍ത്തിയാകുന്നതോടെ ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികള്‍ സജ്ജീകരിക്കും. പാലാ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന രാഷ്ട്രപിതാവിന്റെ പേരിലുള്ള സ്‌കൂള്‍ പാലായുടെ തിലകക്കുറിയാകും.

വിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പനമറ്റം ഹയര്‍സെക്കന്ററി സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് മൂന്ന് കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

വികസന പ്രവര്‍ത്തനങ്ങള്‍ നഗര കേന്ദ്രീകൃതമാകാതെ ഗ്രാമപ്രദേശങ്ങളിലും വികസനമെത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് മികവിന്റെ കേന്ദ്രമാക്കാന്‍ പനമറ്റം സര്‍ക്കാര്‍ സ്‌കൂളിന് പദ്ധതി അനുവദിച്ചത്. കെട്ടിട നിര്‍മ്മാണത്തിനുള്ള പണികള്‍ക്കു തുടക്കം കുറിച്ചു കഴിഞ്ഞു.കിഫ് ബിയില്‍ ഉള്‍പ്പെടുത്താനുള്ള കൂടുതല്‍ പദ്ധതികള്‍ തയ്യാറാക്കി വരികയാണ്.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: