ഏറ്റുമാനൂര്‍ മേഖലയില്‍ പുതിയ കോവിഡ് ക്ലസ്റ്റര്‍; ഭക്ഷണശാലകളില്‍ പാഴ്‌സല്‍ മാത്രം, സഞ്ചാര നിയന്ത്രണമുള്‍പ്പെടെ കര്‍ശന നിയന്ത്രണങ്ങള്‍

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയും നാലു പഞ്ചായത്തുകളും ഉള്‍പ്പെടുത്തി പുതിയ കോവിഡ് ക്ലസ്റ്റര്‍ പ്രഖ്യാപിച്ച് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ കൂടുതല്‍ രോഗികളെ കണ്ടെത്തിയ സാഹചര്യത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തര യോഗത്തിലെ തീരുമാനപ്രകാരമാണ് ജില്ലാ കളക്ടര്‍ എം. അഞ്ജന ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

മുനിസിപ്പാലിറ്റിയില്‍ നിലവില്‍ കണ്ടെയ്ന്‍മെന്റ് സോണുകളായ 4, 27 വാര്‍ഡുകള്‍ ഒഴികെയുള്ള എല്ലാ വാര്‍ഡുകളും കാണക്കാരി, മാഞ്ഞൂര്‍ അയര്‍ക്കുന്നം, അതിരമ്പുഴ ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളും ചേര്‍ന്നതാണ് ക്ലസ്റ്റര്‍. ഇതോടെ ജില്ലയില്‍ ആകെ അഞ്ചു കോവിഡ് ക്ലസ്റ്ററുകളായി. പാറത്തോട്, പള്ളിക്കത്തോട്, ചിറക്കടവ്, പായിപ്പാട്, ചങ്ങനാശേരി എന്നിവയാണ് നിലവിലുണ്ടായിരുന്ന ക്ലസ്റ്ററുകള്‍.

ഏറ്റുമാനൂര്‍ ക്ലസ്റ്ററിലെ നിയന്ത്രണങ്ങള്‍

നിലവില്‍ ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെ വാര്‍ഡ് 4 കണ്ടോണ്‍മെന്റ് സോണാണ്. ഇന്നേ ദിവസം ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി വാര്‍ഡ് 27 ലെ പച്ചക്കറി മാര്‍ക്കറ്റില്‍ കണ്ടെത്തിയ രോഗികളുടെ എണ്ണം വളരെ കൂടുതല്‍ ആയതിനാലും ഇവിടെ കണ്ടെത്തിയ രോഗികളില്‍ ചിലര്‍ കാണക്കാരി, മാഞ്ഞൂര്‍, അയര്‍ക്കുന്നം, അതിരമ്പുഴ പഞ്ചായത്തുകളില്‍ നിന്നുള്ളവര്‍ ആയതിനാലും ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെ കണ്ടോണ്‍മെന്റ് സോണുകള്‍ ആയ വാര്‍ഡ് 4, 27 എന്നിവ ഒഴികെയുള്ള എല്ലാ വാര്‍ഡുകളെയും കാണക്കാരി, മാഞ്ഞൂര്‍, അയര്‍ക്കുന്നം, അതിരമ്പുഴ പഞ്ചായത്തുകളെയും (എല്ലാ വാര്‍ഡുകളും) പ്രത്യേക പരിഗണന വേണ്ട തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ആയി പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവാകുന്നു.

ആരോഗ്യവകുപ്പിലെ സര്‍വൈലന്‍സ് ഇന്റന്‍സിഫൈ ചെയ്യേണ്ടതും ക്ലസ്റ്റര്‍ കണ്ടെയന്‍മെന്റ് സ്റ്റാറ്റസ് നടപ്പിലാക്കേണ്ടതുമാണ്. ജനങ്ങളുടെ ആശങ്ക അകറ്റാനായി മൈക്ക് അനൗണ്‍സ്‌മെന്റ് ഉള്‍പ്പെടെയുള്ള ബോധവല്‍ക്കരണ പരിപാടികള്‍ ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ മുനിസിപ്പാലിറ്റി, പഞ്ചായത്തുകള്‍ നടപ്പിലാക്കേണ്ടതാണ്.

താഴെപ്പറയുന്ന നിയന്ത്രണങ്ങള്‍ ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെ വാര്‍ഡ് 4, 27 ഒഴികെയുള്ള എല്ലാ വാര്‍ഡുകളിലും കാണക്കാരി, മാഞ്ഞൂര്‍, അയര്‍ക്കുന്നം, അതിരമ്പുഴ പഞ്ചായത്തുകളിലും (എല്ലാ വാര്‍ഡുകളും) ബാധകമായിരിക്കും.

1.അവശ്യവസ്തുക്കളുടെ വിതരണത്തിനുള്ള കടകളും റേഷന്‍കടകളും മാത്രമേ ഈ മേഖലയില്‍ വ്യാപാരസ്ഥാപനങ്ങള്‍ ആയി പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. ഇവയുടെ പ്രവര്‍ത്തന സമയം രാവിലെ ഏഴ് മണി മുതല്‍ 2 മണി വരെ നിജപ്പെടുത്തുന്നു.

2.അവശ്യവസ്തുക്കളുടെ വിതരണത്തിനുള്ള കടകള്‍ തങ്ങളുടെ ഫോണ്‍നമ്പര്‍ പ്രസിദ്ധപ്പെടുത്തേണ്ടതും ടി നമ്പറില്‍ വിളിച്ചോ വാട്‌സ്ആപ്പ് മുഖാന്തരമോ മുന്‍കൂറായി നല്‍കുന്ന ലിസ്റ്റ് പ്രകാരം, സ്ഥാപനങ്ങള്‍ എടുത്തുവയ്ക്കുന്ന പാക്കറ്റുകള്‍, മുന്‍കൂറായി നിശ്ചയിക്കുന്ന സമയത്ത്, ഓണ്‍ലൈനായോ നേരിട്ടോ പണം നല്‍കി ഉപഭോക്താക്കള്‍ക്ക് സ്വീകരിക്കാവുന്നതാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇതു നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.

3.ഹോട്ടലുകളില്‍ ഇരുന്നുള്ള ഭക്ഷണ സംവിധാനം അനുവദനീയമല്ല. ഹോട്ടലുകളില്‍ രാവിലെ 7 മണി മുതല്‍ വൈകുന്നേരം 7 മണി വരെ പാഴ്‌സല്‍ സര്‍വീസ് അനുവദനീയമാണ്. വൈകുന്നേരം 7 മണി മുതല്‍ രാത്രി പത്തുമണിവരെ ഹോം ഡെലിവറി മാത്രമേ പാടുള്ളൂ.

4.രാത്രി 7 മണി മുതല്‍ രാവിലെ 7 മണി വരെ യാത്രകള്‍ അനുവദിക്കുന്നതല്ല. അടിയന്തര വൈദ്യസഹായത്തിനുള്ള യാത്രയ്ക്ക് മാത്രം ഇളവുകള്‍ ഉണ്ടായിരിക്കും.

5.മരണാനന്തര, വിവാഹ ചടങ്ങുകള്‍ മാത്രം, 20 പേരില്‍ കൂടുതല്‍ ആളുകള്‍ പാടില്ല എന്ന നിബന്ധനയോടെ അനുവദനീയമാണ്. മറ്റു യാതൊരു ചടങ്ങുകളും അനുവദനീയമല്ല.

6.പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നതിനുള്ള തുടര്‍ച്ചയായ അനൗണ്‍സ്‌മെന്റ് തദ്ദേശഭരണ സ്ഥാപനം ഏര്‍പ്പാടാക്കേണ്ടതാണ്.

7.ഈ പ്രദേശങ്ങളില്‍ ഇന്‍സിഡന്റ് കമാന്‍ഡര്‍, പോലീസ്, ആരോഗ്യ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവരുടെ നിരീക്ഷണം ശക്തമാക്കേണ്ടതാണ്.

8.ആശുപത്രികള്‍ക്കും മെഡിക്കല്‍ ഷോപ്പുകള്‍ക്കും ഈ നിയന്ത്രണങ്ങള്‍ ബാധകമല്ല.

ഈ ഉത്തരവുകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും ദുരന്തനിവാരണ നിയമപ്രകാരവും ഐപിസി സെക്ഷന്‍ 188, 269 എന്നിവ പ്രകാരം നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ജില്ലാ കളക്ടര്‍ എം അഞ്ജന അറിയിച്ചു.

join group new

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: