രാഷ്ട്രീയം ആവേശിക്കുന്നു! നെരൂദ, പാര്‍ട്ട് 2

സാഹിത്യപ്രതിഭയായ പാബ്ലോ നെരൂദയെ രാഷ്ട്രവും അര്‍ഹിക്കുന്ന ബഹുമാനവും പരിഗണനയും നല്‍കി ആദരിക്കുകയുണ്ടായി. നയതന്ത്രപ്രതിനിധിയുടെ സ്ഥാനം നല്‍കി ആദരിക്കുകയാണ് രാഷ്ട്രം ചെയ്തത്. 1930 കളിലെത്തിയതോടെ നരൂദയെന്ന കവിയില്‍ രാഷ്ട്രീയം ആവേശിച്ചു എന്നു പറയാം.

അദ്ദേഹത്തിന്റെ ഭാഷ കടമെടുത്താല്‍ ‘ഇന്നലെവരെ ഞാന്‍ സ്വപ്‌നങ്ങളുടെ ലോകത്തായിരുന്നു. രാഷ്ട്രീയ ചിന്തകള്‍ എന്നെ സംഘര്‍ഷത്തിലാക്കി.

ശരിക്കും പറഞ്ഞാല്‍ ആകാശത്തെ സ്വപ്‌നങ്ങളില്‍നിന്ന് മണ്ണിലെ യാഥാര്‍ഥ്യങ്ങളിലേക്ക് എന്നെ ഇറക്കിക്കൊണ്ടുവന്നത്. രാഷ്ട്രീയത്തില്‍നിന്ന് വിട്ടുമാറി നില്‍ക്കുന്നു എന്നു പറയുന്ന എഴുത്തുകാരനും വെറും കെട്ടുകഥയാണ്. ഒരു കാലത്തും നല്ല എഴുത്തുകാരൊന്നും അങ്ങനെ ആയിരുന്നില്ല.’

തന്നില്‍ ആവേശിച്ച രാഷ്ട്രീയം കവിതകളിലൂടെ വായനക്കാരിലെത്തിക്കാന്‍ നെരൂദയ്ക്കായി. 1933നും 1937നും ഇടയില്‍ അദ്ദേഹം എഴുതിയ കവിതകള്‍ മൂന്നു വാല്യങ്ങളിലായി സമാഹരിക്കുകയുണ്ടായി. റെസിഡന്‍ഷ്യ എന്‍ലാന്‍ടിയേറ (ഭൂമിയിലെ വാസം) എന്നപേരില്‍ പുറത്തിറങ്ങിയ കവിതകള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ആശയങ്ങളുടെ കാഹളമായി.

ALSO READ: പാബ്ലോ നെരൂദ: കവിതയായി മാറിയ മനുഷ്യന്‍

പിന്നീട് അദ്ദേഹം ഒരു കവിതാ മാസികയുടെ പത്രാധിപരായി. അതുവരെ എഴുതിയിരുന്നതില്‍നിന്ന് വിഭിന്നമായി പച്ച മനുഷ്യരുടെ വികാരങ്ങളും വിചാരങ്ങളും ജീവിതയാഥാര്‍ഥ്യങ്ങളും കവിതയില്‍ വിഷയമായി തെരഞ്ഞെടുത്തു തുടങ്ങിയ കാലത്താണ് അദ്ദേഹം പുതിയ മാഗസിന്റെ പത്രാധിപരായി വരുന്നത്.

കബെല്ലോ വെര്‍ദപാറല പോയേഷ്യ (കവിതയിലെ പച്ചക്കുതിര) എന്നായിരുന്നു ആ മാഗസിന്റെ പേര്. ആ മാഗസിനിലും നമുക്ക് അദ്ദേഹത്തിന്റെ നിലപാടുകളിലെ മാറ്റം കാണാം.

വിശ്വകവിയായ ലോര്‍ക്കയുമായുള്ള അദ്ദേഹത്തിന്റെ സുഹൃദ്ബന്ധം നെരൂദയില്‍ കമ്യൂണിസ്റ്റ് വിപ്ലവവീര്യം നിറച്ചു എന്നുപറയാം. ഫാസിസത്തിനെതിരേയുള്ള ശക്തമായ രചനകളിലൊന്നാണു ലോകം വാഴ്ത്തുന്ന ഭൂമിയിലെ വാസ്‌മെന്ന കവിത നെരൂദയുടെ രാഷ്ട്രീയം ലോകത്തിനു മുന്നില്‍ വ്യക്തമാക്കി.

ലോര്‍ക്കയ്ക്കുവേണ്ടി പോരാട്ടത്തിനിറങ്ങുന്നു

സ്‌പെയിനില്‍ ജനറല്‍ ഫ്രാങ്കോയ്‌ക്കെതിരേ ആഭ്യന്തരകലാപം ആരംഭിച്ചപ്പോള്‍ ലോര്‍ക്കയോടൊപ്പം പങ്കെടുക്കാന്‍ നെരൂദയെ പ്രേരിപ്പിച്ചതും കമ്യൂണിസ്റ്റ് രാഷ്ട്രീയംതന്നെ. എന്നാല്‍ ആ പോരാട്ടം പരാജയപ്പെടുകയാണുണ്ടായത്.

ഏണസ്റ്റ് ഹെമിംഗ്‌വേ, പാബ്ലോ പിക്കാസോ, ലൂയി അരഗണ്‍ തുടങ്ങി വിഖ്യാത എഴുത്തുകാരും കലാകാരന്മാരും ധാര്‍മിക പിന്തുണ ലഭിച്ചിട്ടും പരാജയപ്പെട്ട പോരാട്ടമായി അത് മാറി. ആഭ്യന്തരയുദ്ധത്തില്‍ തോറ്റതിനുമപ്പുറം വലിയൊരു നിര്‍ഭാഗ്യംകൂടി അദ്ദേഹത്തെ തേടിയെത്തി.

കവിതകൊണ്ടും രാഷ്ട്രീയംകൊണ്ടും ലോകത്തെ സ്വാധീനിച്ച ലോര്‍ക്കെ ക്രൂരമായി കൊലചെയ്യപ്പെടുന്നതിന് ദൃക്‌സാക്ഷിയാകേണ്ടിവന്നു നെരൂദയ്ക്ക്. ഫെഡറിക് ഗാര്‍ഡിയാ ലോര്‍ക്കെ വധിക്കപ്പെട്ട വിവരം ലോകം അറിഞ്ഞതും നെരൂദയിലൂടെയാണ്.

അക്കാലത്ത് നെരൂദ എഴുതിയ കാവ്യമാണ് സ്‌പെയിണ്‍ എന്റെ ഹൃദയത്തില്‍ എന്നത്. ജനകീയ പോരാട്ടങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ഇന്നും പാടുന്ന കവിതയായി ഈ കവിത മാറിയതിനു കാരണം മറ്റൊന്നുമല്ല. ആ കവിതയില്‍ തുളുമ്പിനില്‍ക്കുന്ന സാര്‍വദേശീയതയാണ്.

നെരൂദയും കവിതയും മാറുന്നു

സ്പാനിഷ് ആഭ്യന്തരയുദ്ധത്തില്‍ നെരൂദ പിന്തുണച്ച ഐക്യമുന്നണി പരാജയപ്പെട്ടെങ്കിലും നെരൂദ ഒരിക്കലും നിരാശനാവുകയോ രാഷ്ട്രീയം ഉപേക്ഷിക്കുകയോ ചെയ്തില്ല.

ആഭ്യന്തര യുദ്ധത്തിലെ പരാജയം അദ്ദേഹത്തെ കൂടുതല്‍ നല്ല രാഷ്ട്രീയക്കാരനും കവിയുമാക്കുകയാണു ചെയ്തതെന്നു നിരീക്ഷിക്കാം. 1939ല്‍ അദ്ദേഹം കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെ അംഗീകരിക്കുകയും പാര്‍ട്ടി അംഗത്വം എടുക്കുകയും ചെയ്തു. ലോകത്തിനും തന്റെ കവിതയ്ക്കും മാറ്റംവന്നിരിക്കുന്നു എന്ന് അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി.

കമ്യൂണിസ്റ്റ് ദാര്‍ശനികത തന്നില്‍ വലിയ മാറ്റങ്ങള്‍ക്ക് ഇടയാക്കിയതായി അദ്ദേഹം ‘എന്റെ രാഷ്ട്രീയ പാര്‍ട്ടിക്ക്’ എന്ന കവിതയിലൂടെ ലോകത്തോടു വിളിച്ചുപറഞ്ഞു.

രാഷ്ട്രീയക്കാരന്റെ കുപ്പായത്തിലും നെരൂദ വ്യത്യസ്തനായി. കവിതയില്‍ എല്ലാക്കാലത്തും ഒറ്റയ്ക്കു നടന്ന നെരൂദ രാഷ്ട്രീയത്തിലും ഒറ്റയ്ക്കാണ് നടന്നതെന്നു പറഞ്ഞാലും തെറ്റില്ല. കാരണം, അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം കലയും സാഹിത്യവും സമൂഹനന്മയ്ക്കു വേണ്ടിയായിരുന്നു. രാഷ്ട്രീയവും അങ്ങനെതന്നെ. കല കലയ്ക്കുവേണ്ടി എന്ന മുതലാളിത്ത കാഴ്ചപ്പാടിനെ എല്ലാക്കാലത്തും നെരൂദ തള്ളിക്കളഞ്ഞിരുന്നു.

നൊബേല്‍ പുരസ്‌കാരം തേടിയെത്തുന്നു

നെരൂദയുടെ ഇടതുപക്ഷ രാഷ്ട്രീയ പ്രവേശനം രാഷ്ട്രീയത്തിലും കലയിലും വ്യക്തിതാത്പര്യങ്ങളും സ്ഥാപിതതാത്പര്യങ്ങള്‍ താലോലിച്ചിരുന്നവരെ അസ്വസ്ഥമാക്കുകയുണ്ടായി.

ഈ രണ്ടു വിഭാഗക്കാരും നെരൂദയെ കണ്ടില്ലെന്നു നടിക്കുകയും പരമാവധി അവഗണിക്കുകയും ചെയ്തു. എന്നാല്‍, നെരൂദയുടെ കവിതകള്‍ക്ക് ലോകത്താകമാനം വലിയ ആരാധകരുണ്ടായിരുന്നു.

അദ്ദേഹത്തിന്റെ കവിതകളെക്കുറിച്ചും കാവ്യജീവിതത്തെക്കുറിച്ചും വിവിധ രാജ്യങ്ങളിലെ നിരൂപകരും എഴുത്തുകാരും ചര്‍ച്ച ചെയ്തുകൊണ്ടേയിരുന്നു. 1964ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹനായ ഫ്രഞ്ച് എഴുത്തുകാരനും ഫിലോസഫറുമായ ഴോണ്‍ പോള്‍ സാത്ര് നൊബേല്‍ പുരസ്‌കാരം നിരാകരിക്കുകയുണ്ടായി.

അതിന് അദ്ദേഹം പറഞ്ഞ കാരണങ്ങളിലൊന്ന് ഇടതുപക്ഷ ദാര്‍ശനികതയുടെ/രാഷ്ട്രീയത്തിന്റെ പക്ഷത്തു നിലയുറപ്പിച്ചതിന്റെ പേരില്‍ നൊബേല്‍ പുരസ്‌കാരസമിതി പാബ്‌ളോ നെരൂദയെ ഒഴിവാക്കിയതാണെന്നാണ്. പിന്നേയും നാലു വര്‍ഷങ്ങള്‍ വേണ്ടിവന്നു (1968) സ്വീഡിഷ് അക്കാദമിക് നൊബേല്‍ പുരസ്‌കാരത്തിനായി നെരൂദയെ തെരഞ്ഞെടുക്കാന്‍. (അടുത്ത ലക്കത്തില്‍… പ്രകമ്പനം സൃഷ്ടിച്ച മരണം).

join group new

You May Also Like

Leave a Reply