kottayam

ഭരണപക്ഷത്തോട് അമിത രാഷ്ട്രീയ ചങ്ങാത്തം വേണ്ട ; ജനപ്രതിനിധികളോട് കർശന നിർദേശവുമായി നാട്ടകം സുരേഷ്

കോട്ടയം : മന്ത്രിമാരോടും ഭരണ പക്ഷ എംഎൽഎമാരോടും അതിരുവിട്ട രാഷ്ട്രീയ ചങ്ങാത്തം വേണ്ടെന്നു കോൺഗ്രസ് ജനപ്രതിനിധികളോടു ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷ്. ഇതു സംബന്ധിച്ച് ജില്ലയിലെ എല്ലാ കോൺഗ്രസ് ജനപ്രതിനിധികൾക്കും സുരേഷ് സർക്കുലർ അയച്ചു.

കഴിഞ്ഞ ആഴ്ചയിൽ മന്ത്രി വി.എൻ. വാസവൻ ഏറ്റുമാനൂർ സിപിഎം ഏരിയ കമ്മിറ്റി ഓഫിസിൽ പാർട്ടി ഏരിയ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ നഗരസഭാധ്യക്ഷ ലൗലി ജോർജ് പടികര പങ്കെടുത്തത് വിവാദമായിരുന്നു.

കേരളത്തിലെ ഇടതുപക്ഷ സർക്കാർ നടത്തുന്ന അഴിമതിക്കും അനീതിക്കും എതിരെ കോൺഗ്രസ് പാർട്ടി വലിയ പോരാട്ടത്തിലാണ്. സിപിഎം എക്കാലവും കോൺഗ്രസിനെ ദുർബലപ്പെടുത്തുന്നതിനും, കോൺഗ്രസുകാരെ ശാരീരികമായി ഉപദ്രവിക്കുന്നതിനും, കൊലപ്പെടുത്തുന്നതിനും മനഃസാക്ഷിയില്ലാതെ പ്രവർത്തിച്ചിട്ടുള്ളതാണ്.

പിണറായി സർക്കാർ കേരളത്തെ നശിപ്പിക്കുകയാണ്. ഇതിനെതിരെ പ്രതികരിക്കേണ്ട സാഹചര്യത്തിൽ ഭരണപക്ഷ എംഎൽ എമാരോടും മന്ത്രിമാരോടും രാഷ്ട്രീയ അകലം പാലിക്കാൻ കോൺഗ്രസ് ജനപ്രതിനിധികൾ ശ്രദ്ധിക്കണം.

ഭരണപക്ഷ എം എൽഎമാരും മന്ത്രിമാരും നടത്തുന്ന പത്രസമ്മേളനങ്ങളിലോ അവരുടെ പാർട്ടിയുമായി ബന്ധപ്പെട്ടിരിക്കുന്ന യോഗങ്ങളിലോ, സർക്കാരിന്റെ ഏതെങ്കിലും ഭരണപരമായ ആഘോഷങ്ങളിലോ, പങ്കെടുക്കേണ്ട ആവശ്യമില്ല. അവരെ കാണേണ്ടി വന്നാൽ മണ്ഡലം ബ്ലോക്ക് പ്രസിഡന്റ്, കെപിസി സി ഭാരവാഹികൾ, ഡിസിസി പ്രസിഡന്റ് ഇവരുടെ ആരുടെയെങ്കിലും അനുവാദത്തോടു കൂടി മാത്രമേ പാടുള്ളൂ എന്നും അദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.