കോട്ടയം: ഇന്ത്യൻ തൊഴിലാളി വർഗ്ഗം സമര പോരാട്ടങ്ങളിലൂടെ നേടിയെടുത്ത തൊഴിൽ നിയമങ്ങളിൽ പലതും റദ്ദ് ചെയ്തുകൊണ്ടിരിക്കുന്ന കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാട് പിൻവലിക്കണമെന്ന് എൻ സി പി സംസ്ഥാന സെക്രട്ടറിയും എൻ എൽ സി സംസ്ഥാന നിർവ്വാഹക സമിതി അംഗവുമായ റ്റി വി ബേബി പറഞ്ഞു.
തൊഴിൽ നിയമങ്ങൾ സംരക്ഷിക്കുവാൻ നാഷണലിസ്റ്റ് ലേബർ കോൺഗ്രസ്സ് (എൻ എൽ സി) സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ നടത്തുന്ന “കൈ കോർക്കാം നമ്മൾക്ക് ” എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടുള്ള സമരത്തിന്റെ ഭാഗമായി കോട്ടയത്ത് നടത്തിയ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബേബി. എൻ എൽ സി ജില്ലാ പ്രസിഡന്റ് റഷീദ് കോട്ടപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.
എൻ സി പി ജില്ലാ സെക്രട്ടറി ബാബു കപ്പക്കാലാ, എൻ എൽ സി സംസ്ഥാന നിർവ്വാഹക സമിതിയംഗം എം ആർ രാജു, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഗോപി ദാസ്, പി സി ഫിലിപ്പ്, ജനറൽ സെക്രട്ടറി അജീഷ് കുമാർ, വി കെ രഘുവരൻ, റ്റി കെ നാണപ്പൻ, രഞ്ജനാഥ് കോടിമത എന്നിവർ സംസാരിച്ചു.