കോട്ടയം: ലക്ഷണങ്ങളില്ലാത്തവരും ഗുരുതരമല്ലാത്ത ലക്ഷണങ്ങളുള്ളവരുമായ കോവിഡ് രോഗികളെ ചികിത്സിക്കുന്നതിന് ആശുപത്രിക്കു പുറത്തുള്ള ആദ്യ കേന്ദ്രം കോട്ടയം ജില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ചു.
മുട്ടമ്പലം സര്‍ക്കാര്‍ വര്‍ക്കിംഗ് വിമെന്‍സ് ഹോസ്റ്റലിലാണ് ഇന്നലെ രോഗം സ്ഥിരീകരിച്ച ആറു പേരെ പ്രവേശിപ്പിച്ചത്. അറുപതു രോഗികളെ പ്രവേശിപ്പിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നൂറു പേര്‍ക്കു കൂടി ആവശ്യമായ ക്രമീകരണങ്ങള്‍ ഉടന്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. മൂന്നു ഷിഫ്റ്റുകളിലായി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 12 ജീവനക്കാരെയും ആദ്യ ഘട്ടമായി കേന്ദ്രത്തില്‍ നിയോഗിച്ചിട്ടുണ്ട്.

ഇവിടെ പ്രവേശിപ്പിക്കപ്പെടുന്നവരുടെ ആരോഗ്യനില നിശ്ചിത ഇടവേളകളില്‍ പരിശോധിക്കും. സാരമായ ലക്ഷണങ്ങള്‍ പ്രകടമായാല്‍ കോവിഡ് ആശുപത്രികളിലേക്ക് മാറ്റും.
പനി, ശ്വാസതടസം, ഓക്സിജന്‍ സാച്ചുറേഷന്‍ എന്നിവയാണ് പ്രധാനമായും നിരീക്ഷിക്കുക. ജില്ലയിലെ രണ്ടാമത്തെ പ്രാഥമിക പരിചരണ കേന്ദ്ര (സി.എഫ്.എല്‍.ടി.സി)മാണിത്. പാലാ ജനറല്‍ ആശുപത്രിയിലെ പുതിയ ബ്ലോക്കിലാണ് ആദ്യ കേന്ദ്രം തുറന്നത്.