mundakkayam

മുണ്ടക്കയം – പൈങ്ങന ജംഗ്ഷനിൽ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് പുതിയ കലുങ്ക് നിർമ്മിക്കും: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

മുണ്ടക്കയം : എൻ.എച്ച് 183 എ യിൽ മുണ്ടക്കയം പൈങ്ങന ഭാഗത്ത് മുണ്ടക്കയം ബൈപ്പാസും, നാഷണൽ ഹൈവേയും യോജിക്കുന്നതിന് സമീപം വ്യാപാര കേന്ദ്രത്തിന് മുൻവശത്ത് നിലവിലുണ്ടായിരുന്ന കലുങ്ക് തകരാറിലായി വെള്ളമൊഴുക്ക് തടസ്സപ്പെട്ടതോടെ രണ്ടു വർഷത്തിലധികമായി നാഷണൽ ഹൈവേയുടെ പ്രസ്തുത ഭാഗത്ത് മഴക്കാലത്ത് വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു.

ഇക്കഴിഞ്ഞ പ്രളയസമയങ്ങളിൽ അത് ഏറെ ദുരിതത്തിനും ഇടയാക്കിയിരുന്നു.ഇത് പലപ്പോഴും വാഹനാപകടങ്ങൾക്കും കാരണമായിരുന്നു. സമീപത്തെ ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന എല്ലാ വ്യാപാരസ്ഥാപനങ്ങൾക്കും വെള്ളക്കെട്ട് മൂലം ഏറെ ബുദ്ധിമുട്ടുണ്ടായിരുന്നു.

വാഹന പാർക്കിങ്ങിനും തടസ്സം നേരിട്ടിരുന്നു. പലപ്പോഴും വഴി യാത്രക്കാർ വാഹനങ്ങൾ തെറിപ്പിക്കുന്ന ചെളി വെള്ളത്തിൽ കുളിക്കുന്നത് സംഘർഷങ്ങൾക്ക് വരെ ഇടയാക്കിയിട്ടുണ്ട്.

ഈ ദുരിതം പരിഹരിക്കുന്നതിന് നിലവിലുള്ള കലുങ്ക് ഉപയോഗക്ഷമമാക്കുകയോ, പുതിയ കലുങ്ക് നിർമ്മിക്കുകയോ ചെയ്യണമെന്ന് അഭ്യർത്ഥിച്ചു വ്യാപാരി വ്യവസായി ഏകോപനസമിതി മുണ്ടക്കയം യൂണിറ്റ് ഭാരവാഹികൾ പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന് നിവേദനം സമർപ്പിച്ചിരുന്നു.

അതേത്തുടർന്ന് എംഎൽഎയുടെ നിർദ്ദേശാനുസരണം റോഡ് അധികൃതർ കലുങ്ക് വിശദമായി പരിശോധിച്ചതിൽ നിലവിലുള്ള കലുങ്ക് പുനരുദ്ധരിക്കാൻ കഴിയില്ല എന്ന് ബോധ്യപ്പെടുകയും,തുടർന്ന് പുതിയ കലുങ്ക് നിർമ്മാണത്തിന് 22.5 ലക്ഷം രൂപ ഫണ്ട് അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായും, പരമാവധി വേഗത്തിൽ നിർമ്മാണം നടത്തി പൈങ്ങനായിലെ വെള്ളക്കെട്ട് പ്രശ്നം ശാശ്വതമായി പരിഹരിക്കും എന്നും എം. എൽ. എ അറിയിച്ചു.

Leave a Reply

Your email address will not be published.