അപകടത്തില്‍ പരുക്കേറ്റ കുഞ്ഞിന് തുണയായി ഡോക്ടര്‍മാരും ആംബുലന്‍സ് പ്രവര്‍ത്തകരും

മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി ക്ലിനിക്കിലെ പീഡിയാട്രീഷന്‍ ഡോ. ഡിറ്റിന്‍ ജോസഫ് രാത്രിയില്‍ കുട്ടിയോടൊപ്പം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്നു.

മുണ്ടക്കയം ഈസ്റ്റ്: അപകടത്തില്‍ പരിക്കേറ്റ ഏഴു മാസം പ്രായമുള്ള ഇനായ സഫ്രിന്‍ എന്ന പെണ്‍കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞ ചാരിതാര്‍ഥ്യത്തിലാണ് മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ ഡോക്ടര്‍മാരും ആല്‍ഫാ ആംബുലന്‍സ് പ്രവര്‍ത്തകരും.

Advertisements

കഴിഞ്ഞ ശനിയാഴ്ചയാണ് ദേശീയപാതയില്‍ ടെമ്പോ ട്രാവലര്‍ മറിഞ്ഞ് പിഞ്ചുകുഞ്ഞ് അടക്കം 21 പേര്‍ക്ക് പരിക്കേറ്റത്.

വാഗമണ്‍ സര്‍ശിച്ചു മടങ്ങിയ സംഘം സഞ്ചരിച്ച വാഹനം ദേശീയപാതയില്‍ മരുതുംമുടിനു സമീപം റബര്‍ തോട്ടത്തിലേക്ക് മറിയുകയായിരുന്നു. എറണാകുളം കലൂര്‍ അശോക റോഡില്‍ താമസിക്കുന്ന ഷിബു – റിസ്വാന ദമ്പതികളുടെ ഏക മകളായ എഴ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന് ഈ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു.

മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ച കുട്ടിയെ പീഡിയാട്രിഷന്‍മാരായ ഡോ. നെല്‍സണ്‍ എ.ജെ, ഡോ. ഡിറ്റിന്‍ ജോസഫ് എന്നിവര്‍ പരിശോധിച്ചെങ്കിലും കുട്ടിയുടെ ആരോഗ്യനില തൃപ്തികരമല്ലാത്തതിനാല്‍ എത്രയും വേഗം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് അറിയിച്ചു.

ഇതിനായി വെന്റിലേറ്റര്‍ സൗകര്യങ്ങളോടു കൂടിയ ആല്‍ഫ ഐസിയു ആംബുലന്‍സ് എത്തിച്ചെങ്കിലും ഏഴു മാസം മാത്രം പ്രായമായ കുഞ്ഞായതിനാലും കുട്ടിക്ക് വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കുവാന്‍ ഒന്നില്‍ കൂടുതല്‍ ആളുകള്‍ വേണ്ടതിനാലും മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി ക്ലിനിക്കിലെ പിഡിയാട്രിഷന്‍ ഡോ. ഡിറ്റിന്‍ ജോസഫ് രാത്രിയില്‍ കൂട്ടിയോടൊപ്പം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്നു.

ഇവിടെനിന്ന് പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയ കുട്ടിയെ ചികിത്സയ്ക്കു ശേഷം ഡിസ്ചാര്‍ജു ചെയ്തു.

മുണ്ടക്കയത്തു നിന്ന് കോട്ടയം വരെ ആംബുലന്‍സില്‍ ശരിയായ പരിചരണം നല്‍കാന്‍ ഡോക്ടറിനും ആംബുലന്‍സ് ജീവനക്കാര്‍ക്കും കഴിഞ്ഞതിനാലാണ് തങ്ങളുടെ മകളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സാധിച്ചതെന്ന് ഷിബുവും റിസ്വാനയും നന്ദിപൂര്‍വം പറഞ്ഞു.

You May Also Like

Leave a Reply