കടുത്തുരുത്തി : മദ്ധ്യകേരളത്തിലെ പ്രധാന ജില്ലാ ആസ്ഥാനങ്ങളായ കോട്ടയത്തേക്കും എറണാകുളത്തേക്കും മറ്റ് പ്രദേശങ്ങളിലേക്കും ജോലിക്കായും ഇതര ആവശ്യങ്ങള്‍ക്കും വേണ്ടി പോകുന്ന യാത്രക്കാര്‍ക്ക് ആശ്രയമാകുന്ന കടുത്തുരുത്തി(വാലാച്ചിറ)യില്‍ കൂടുതല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുക, കടുത്തുരുത്തി – വൈക്കം – പാല നിയോജകമണ്ഡലങ്ങളിലെ ജനങ്ങള്‍ക്ക് വളരെ പ്രയോജനകരമായ വൈക്കം റോഡ് റയില്‍വേ സ്റ്റേഷനില്‍ വേളാങ്കണ്ണി, വഞ്ചിനാട്, മദ്രാസ് മെയില്‍ എന്നീ എക്‌സ്പ്രസ് ട്രെയിനുകള്‍ നിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി എം. പി. മാരായ ജോസ് കെ. മാണി, തോമസ് ചാഴികാടന്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയതിനെ തുടര്‍ന്ന് കേന്ദ്ര റെയില്‍ മന്ത്രാലയത്തിന് മുന്നിലേയ്ക്ക് നടത്തുന്ന സമരപരപാടികള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് കേരള കോണ്‍ഗ്രസ് (എം) കടുത്തുരുത്തി മണ്ഡലം കമ്മറ്റി റെയില്‍വേ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
ഇന്ധന വില വര്‍ദ്ധനവുമൂലം ജീവിത ചെലവുകളും യാത്രാദുരിതവും വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ കുടുംബ ബഡ്ജറ്റ് ബാലന്‍സ് ചെയ്യുവാന്‍ ചിലവു കുറഞ്ഞ യാത്ര മാര്‍ഗ്ഗമായ റയില്‍ ഗതാഗത സൗകര്യം പരമാവധി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ഇതിനു സഹായകരമായ രീതിയില്‍ ഗ്രാമീണ മേഖലയിലെ സ്റ്റോപ്പായ കടുത്തുരുത്തി(വാലാച്ചിറ)യില്‍ പാസഞ്ചര്‍ ട്രെയിനുകളും, വൈക്കം റോഡില്‍ (ആപ്പാഞ്ചിറ) കൂടുതല്‍ എക്‌സ്പ്രസ് ട്രെയിനുകളും നിര്‍ത്തുന്നതിനും കേന്ദ്ര റെയില്‍വേ മന്ത്രാലയം അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ഓഫീസ് ചാര്‍ജ്ജ് ജനറല്‍ സെക്രട്ടറിയും ന്യൂനപക്ഷധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ സ്റ്റീഫന്‍ ജോര്‍ജ്ജ് എക്‌സ്. എം. എല്‍. എ. ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് (എം) കടുത്തുരുത്തി മണ്ഡലം കമ്മറ്റി നടത്തിയ റെയില്‍വേ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് ജോസ് തോമസ് നിലപ്പനകൊല്ലി അദ്ധ്യക്ഷത വഹിച്ചു. പാര്‍ട്ടി നേതാക്കളായ എ. എം. മാത്യു, ടി. എ. ജയകുമാര്‍, സന്തോഷ് ചെരിയംകുന്നേല്‍, തോമസ് മണ്ണഞ്ചേരി, നയന ബിജു, ജാന്‍സി സണ്ണി, ലൈനു പാണകുന്നേല്‍, ജെയിംസ് വട്ടുകുളം, ഐസക് ഏണിയക്കാട്ട്, ബ്രൈറ്റ് വട്ടനിരപ്പേല്‍, കെ. പി. ഭാസ്‌കരന്‍, തോമസ് കാലായില്‍, ജോസ് ജോസഫ്, അനൂപ് സണ്ണി പറമ്പില്‍, ബിനു പാരടയില്‍, റജി നാലുകണ്ടത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.