General News

ഷംഷാബാദ് രൂപത നിയുക്ത സഹായമെത്രാൻ മോൺ ജോസഫ് കൊല്ലംപറമ്പിൽ

ചേന്നാട് ലൂർദ്ദ്മാതാ പള്ളി ഇടവക കൊല്ലംപറമ്പിൽ മത്തായി റോസ ദമ്പതികളുടെ 6-ാമത്തെ പുത്രനായി 1955 സെപ്റ്റംബർ 22-ന് ജോസഫ് ജനിച്ചു. ഇപ്പോൾ പാലാ രൂപത നീറന്താനം സെന്റ് തോമസ് ഇടവകാംഗമായ ജോസഫ് അച്ചൻ, മണിയംകുളം സെന്റ് ജോസഫ്സ് എൽ പി സ്കൂളിലും ചേന്നാട് മരിയാ ഗൊരോത്തി സ്കൂളിലുമായി പ്രാഥമികവിദ്യാഭ്യാസവും പൂഞ്ഞാർ സെന്റ് ആന്റണീസ് സ്കൂളിൽ നിന്നു ഹൈസ്കൂൾ വിദ്യാഭ്യാസവും പൂർത്തിയാക്കി.

1972-ൽ പാലാ രൂപതാ മൈനർ സെമിനാരിയിൽ ചേർന്നു. തുടർന്ന് വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ ഫിലോസഫി പഠനവും ദൈവശാസ്ത്രപഠനവും പൂർത്തിയാക്കി, 1981 ഡിസംബർ 18-ാം തീയതി അഭിവന്ദ്യ മാർ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവിൽ നിന്നു പൗരോഹിത്യം സ്വീകരിച്ചു. ആ മാസം തന്നെ കുടക്കച്ചിറ സെന്റ് ജോസഫ് പള്ളിയിൽ അസിസ്റ്റന്റ് വികാരിയായി നിയമിതനായി. 1984 – 1989 കാലഘട്ടത്തിൽ സെന്റ് തോമസ് കോളേജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദവും ബിരുദാനന്തരബിരുദവും കരസ്ഥമാക്കി.

1989-ൽ വെള്ളിക്കുളം പള്ളിയുടെ വികാരിയായും അൽഫോൻസാ കോളജിൽ പൊളിറ്റിക്കൽ സയൻസ് അധ്യാപകനായും നിയമിതനായി. പി.എച്ച്.ഡി റിസേർച്ച് വർക്കിനായി ജെറുസലേമിൽ പഠിക്കുവാനുള്ള അവസരം ലഭിച്ചു.

മഹാത്മാഗാന്ധി സർവ്വകലാശാലയുടെ സെനറ്റ് തിരഞ്ഞെടുപ്പിൽ (1996 – 2000) കോളേജ് അദ്ധ്യാപകപ്രതിനിധിയായി മത്സരിച്ച് വിജയിച്ചു. 1998-ൽ പൊളിറ്റിക്കൽ സയൻസിൽ എം.ജി യൂണിവേഴ്സിറ്റിയിൽനിന്ന് പി.എച്ച്.ഡി. കരസ്ഥമാക്കി. 2003-ൽ അൽഫോൻസാ കോളജ് പൊളിറ്റിക്കൽ സയൻസ് വകുപ്പു മേധാവിയും പ്രഫസറുമായും സേവനമനുഷ്ഠിച്ചു.

2003 ജൂലൈ 11-ാം തീയതി അരുവിത്തുറ കോളേജിന്റെ പ്രിൻസിപ്പലായി നിയമിതനായി. 2006 – 2010 കാലഘട്ടത്തിൽ മഹാത്മാഗാന്ധി സർവ്വകലാശാല സിൻഡിക്കേറ്റ് അംഗമായി നിയമിതനായി. 2011 ഫെബ്രുവരി 26-ാം തീയതി അഭിവന്ദ്യ കല്ലറങ്ങാട്ട് പിതാവ് രൂപതയുടെ വികാരി ജനറാളായി അദ്ദേഹത്തെ നിയമിച്ചു.

2011 മാർച്ച് 31 ന് പ്രിൻസിപ്പൽസ്ഥാപനത്തിൽനിന്നു വിരമിക്കുകയും രൂപതയിലെ കോളേജുകളുടെയും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ചുമതലയുള്ള വികാരി ജനറാളായി തുടർന്നു. ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് എഞ്ചിനീയറിംഗ് കോളജ് ചെയർമാനായും സേവനമനുഷ്ഠിച്ചു. 2019 ഫെബ്രുവരി മുതൽ ഷംഷാബാദ് രൂപതയിൽപ്പെട്ട പാലാ രൂപതയുടെ ചുമ തലയിലുള്ള ഗുജറാത്തിലെ സബർമതി മിഷൻ കോ-ഓർഡിനേറ്ററായി നിയമിതനായി.


2019 ഏപ്രിൽ മുതൽ ഷംഷാബാദ് രൂപതയുടെ ഗുജറാത്ത് റീജന്റെ വികാരി ജനറാളായും ചുമതലയേറ്റു. നിലവിൽ വികാരി ജനറാളിന്റെ ഉത്തവാദിത്വം വഹിക്കുന്നതോടൊപ്പം 2022 ഏപ്രിൽ മുതൽ ഗുജറാത്തിലെ അംഗലേശ്വർ സെന്റ് തോമസ് പള്ളിയുടെയും ബറൂച്ച് സെന്റ് തോമസ് പള്ളിയുടെയും വികാരിയായും സേവനമനുഷ്ഠിക്കുന്നു.

ഇന്ത്യയുടെ പശ്ചിമത്തീരത്തുള്ള ബറൂച്ച് എന്ന അതിപുരാതന തുറമുഖ പട്ടണ ത്തിലാണ് AD 45-46 കാലഘട്ടത്തിൽ തോമ്മാശ്ലീഹാ മിഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പ്രാദേശിക സമൂഹത്തോടും കച്ചവടത്തിനായി ഇന്ത്യയിൽ വന്ന യഹൂദരോടും രാജസന്നി ധിയിലും പന്ത്രണ്ട് ശ്ലീഹന്മാരിലൊരുവനായ അദ്ദേഹം സുവിശേഷം പ്രസംഗിച്ചു.

ഇന്ത്യ യുടെ പശ്ചിമതീരത്തുള്ള ഏക തുറമുഖമായിരുന്ന ബറൂച്ച് മുഖേനയാണ് വിദേശ വ്യാപാര വിനിമയങ്ങൾ നടന്നിരുന്നത്. തോമ്മാശ്ലീഹായുടെ രണ്ടാമത്തെ പ്രേഷിതയാത്രയിലാണ് AD 52- ൽ കേരളത്തിലെ കൊടുങ്ങല്ലൂരിലെത്തിയതെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെ ടുന്നു.

ഇൻഡോ പാർത്ഥ്യൻ രാജവംശവുമായി ബറൂച്ച് എന്ന തുറമുഖ പട്ടണത്തിന് സജീ വമായ വ്യാപാര ബന്ധമുണ്ടായിരുന്നതായി കരുതപ്പെടുന്നു. മാർത്തോമ്മാ നസ്രാണികളുടെ ആരംഭം ബറൂച്ചിൽ നിന്നാണെന്നാണ് അനുമാനം. ആധുനിക ചരിത്രകാരന്മാർ ബറൂച്ച് കേന്ദ്രീകരിച്ചുള്ള തോമ്മാശ്ലീഹായുടെ ആദ്യ പ്രേഷിതയാത്രയെ അംഗീകരിക്കുകയും കൂടുതൽ ഗവേഷണങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published.