ഞാന്‍ കണ്ടുമുട്ടിയ ഡോ. അബ്ദുള്‍ കലാം! അനുഭവം പങ്കിട്ട് എബി ജെ ജോസ്

പാലാ: ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രഥമ പൗരന്‍മാരില്‍ ഒരാള്‍, ലാളിത്യം കൊണ്ട് ഏവരെയും അമ്പരപ്പിച്ച വ്യക്തിത്വം. ഇങ്ങനെ ഏറെ വിശേഷണങ്ങള്‍ കൊണ്ട് നാടും നഗരവും ആദരിക്കുന്ന മുന്‍ പ്രസിഡന്റ് എപിജെ അബ്ദുള്‍ കലാമിനെ കണ്ടുമുട്ടിയ നിമിഷങ്ങള്‍ ഏറെ ചാരിതാര്‍ഥ്യത്തോടെ വിവരിക്കുകയാണ് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്.

ഇന്ത്യയിലെ യുവജനങ്ങളെ പ്രത്യേകിച്ചു വിദ്യാര്‍ത്ഥി സമൂഹത്തെ സ്വപ്നം കാണാന്‍ പ്രേരിപ്പിച്ച രാഷ്ട്രപതിയായിരുന്നു ഡോ എ പി ജെ അബ്ദുള്‍ കലാം. ജനങ്ങളുടെ രാഷ്ട്രപതിയായിട്ടായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്.

ഉറക്കത്തില്‍ കാണുന്നതല്ല, നിങ്ങളെ ഉറങ്ങാന്‍ അനുവദിക്കാത്തതാണ് സ്വപ്നം എന്ന ചിന്ത അദ്ദേഹം രാജ്യത്തെ യുവതലമുറയ്ക്കു പകര്‍ന്നു നല്‍കി. അദ്ദേഹത്തെ ആദ്യമായി നേരില്‍ കണ്ടത് രാഷ്ട്രപതിയായിരിക്കെ ന്യൂഡല്‍ഹിയില്‍ രാഷ്ട്രപതി ഭവനില്‍ വച്ചായിരുന്നു. ഞാനും ഉഴവൂര്‍ വിജയനും മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്റെ സഹോദരന്‍ കെ ആര്‍ ഭാസ്‌ക്കരനും കൂടിയാണ് അദ്ദേഹത്തെ സന്ദര്‍ശിച്ചത്.

ഞാന്‍ എഴുതിയ കെ ആര്‍ നാരായണന്റെ ജീവചരിത്രം ‘കെ ആര്‍ നാരായണന്‍ ഭാരതത്തിന്റെ സൂര്യതേജസ്’ എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശനത്തിനായിരുന്നു ഞങ്ങള്‍ രാഷ്ട്രപതി ഭവനില്‍ എത്തിയത്. ഏറെ നേരം ഞങ്ങള്‍ക്കൊപ്പം അദ്ദേഹം ചെലവൊഴിച്ചു. ഉഴവൂര്‍ സന്ദര്‍ശിക്കണമെന്ന ആഗ്രഹവും അദ്ദേഹം അന്ന് പ്രകടിപ്പിച്ചിരുന്നു.

രാഷ്ട്രപതി സ്ഥാനം ഒഴിഞ്ഞതിനു ശേഷവും അദ്ദേഹത്തിന് വിശ്രമമുണ്ടായിരുന്നില്ല. രാജ്യത്തിന് പ്രചോദനവുമായി രാജ്യമൊട്ടാകെ അദ്ദേഹം ഓടി നടന്നു. അദ്ദേഹത്തിന്റെ പരിപാടികളില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ തിരക്കുകൂട്ടി. ചടങ്ങുകളില്‍ വിദ്യാര്‍ത്ഥികളുമായി അദ്ദേഹം സംവാദം നടത്തി.

അദ്ദേഹം എപ്പോഴൊക്കെ കോട്ടയത്തെത്തിയോ അപ്പോഴൊക്കെ അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നും ലഭിക്കുന്ന അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ അദ്ദേഹത്തെ കാണാന്‍ കോട്ടയം ഗസ്റ്റ്ഹൗസില്‍ എത്തുമായിരുന്നു വരെ. ഇങ്ങനെ പോകുമ്പോള്‍ അദ്ദേഹത്തെ നേരില്‍ കാണാനും സംസാരിക്കാനും താത്പര്യമുള്ളവരെ ഒപ്പം കൂട്ടിയിരുന്നു. എന്നോടൊപ്പം എത്തുന്നവരോട് സംസാരിക്കാനും ചിത്രമെടുക്കാനും ഒക്കെ അദ്ദേഹം എപ്പോഴും തയ്യാറായിട്ടുണ്ട്.

ഞങ്ങളുടെ സംഘടനയായ കെ ആര്‍ നാരായണന്‍ ഫൗണ്ടേഷന്റെ ചടങ്ങിലും ഒരിക്കല്‍ അദ്ദേഹം പങ്കെടുത്തു. എന്റെ അപേക്ഷപ്രകാരം അദ്ദേഹം പാലാ സെന്റ് തോമസ് കോളജിന്റെ 62-മത് സ്ഥാപക ദിനത്തില്‍ പങ്കെടുക്കുകയുണ്ടായി.

അന്ന് പ്രിന്‍സിപ്പലായിരുന്ന ഡോ കെ കെ ജോസ് സാര്‍, ആലുംനി അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ കെ ടി ജോസഫ്, സെക്രട്ടറി അലക്‌സ് മേനാംപറമ്പില്‍ എന്നിവരുടെ ആവശ്യപ്രകാരമായിരുന്നു അത്. വളരെ ഗംഭീര സ്വീകരണമായിരുന്നു സെന്റ് തോമസില്‍ അന്ന് നല്‍കിയത്. അക്കാര്യം പിന്നീട് കലാം സാര്‍ പറയുകയും ചെയ്തിരുന്നു.

എപ്പോഴും ഊര്‍ജ്ജസ്വലനായ വ്യക്തിയായിരുന്നു അദ്ദേഹം. ഏറ്റവും അവസാനം അദ്ദേഹത്തെ കണ്ടത് എറണാകുളം ഗസ്റ്റ് ഹൗസില്‍ വച്ചായിരുന്നു. പാലാ കാര്‍ഷികമേള ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിക്കുന്നതിനു വേണ്ടിയായിരുന്നു അത്. ഫാ ജോസഫ് നരിതൂക്കിലും ഒപ്പമുണ്ടായിരുന്നു. അദ്ദേഹം പരിപാടിയില്‍ പങ്കെടുക്കാമെന്ന ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് എല്ലാം തകിടം മറിച്ചു കൊണ്ട് അദ്ദേഹം വിടവാങ്ങുകയായിരുന്നു.

ഒട്ടേറെ ആശയങ്ങള്‍ രാജ്യത്തിന് സമ്മാനിച്ച ശേഷമാണ് അദ്ദേഹത്തിന്റെ വിയോഗം. അദ്ദേഹത്തിന്റെ സ്മരണകള്‍ക്കു മുന്നില്‍ പ്രണാമം അര്‍പ്പിക്കുന്നു.

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: