അധ്യയന വർഷാരംഭത്തിൽ കുട്ടികളുടെ പഠനസൗകര്യങ്ങൾ യഥാസമയം ഒരുക്കുവാൻ മാതാപിതാക്കൾക്ക് സഹായഹസ്തമായി രണ്ട് പുതിയ വായ്‌പാപദ്ധതികൾ മീനച്ചിൽ ഈസ്റ്റ് അർബൻ സഹകരണ ബാങ്ക് ആവിഷ്കരിച്ചിരിക്കുന്നു.
വിദ്യാർത്ഥിമിത്ര സ്വർണപ്പണയ വായ്പാ പദ്ധതിപ്രകാരം 3 മാസക്കാലാവധിയിൽ 50000/- രൂപാ വരെ 1 % പലിശ നിരക്കിൽ നൽകുന്നു. പലിശരഹിതമായി ഈ വായ്പ അനുവദിക്കണമെന്നാണ് ഭരണസമിതിയുടെ ആഗ്രഹമെങ്കിലും ആർ. ബി. ഐ . ചട്ടമനുസരിച്ച എല്ലാ വായ്പകൾക്കും പലിശ വാങ്ങിയേ പറ്റുകയുള്ളൂ എന്ന സാഹചര്യത്തിലാണ് കേവലം 1 % പലിശ മാത്രം ഈടാക്കുവാൻ തീരുമാനിച്ചിരിക്കുന്നത്.
ആർ. ബി.ഐ യോ സർക്കാരുകളോ നിർദ്ദേശിക്കാതെ ഒരു ബാങ്ക് ഭരണസമിതി സ്വമനസ്സാലെ ഇത്ര സുധീരവും സാമൂഹികപ്രതിബദ്ധതയും ഒത്തിണങ്ങിയ കാലോചിതമായ ഒരു തീരുമാനം കൈക്കൊള്ളുന്നത് ബാങ്കിങ് മേഖലയുടെ ചരിത്രത്തിൽ ഒരു പക്ഷെ ഇതാദ്യ സംഭവമായിരിക്കും.
സ്വർണ്ണാഭരണങ്ങൾ ഈടായി നൽകുവാൻ സാധിക്കാത്തവർക്കായി വിദ്യാനിധി പദ്ധതിയും ആവിഷ്കരിച്ചിരിക്കുന്നു. സ്ത്രീ ശാക്തീകരണത്തിലൂടെ ഏറെ വികസന ചരിതങ്ങൾ വിരചിച്ച കുടുംബശ്രീയുടെ ജൂബിലി ദിനമായ ഇന്ന് പ്രഖ്യാപിക്കുന്ന വിദ്യാനിധി പദ്ധതി നടപ്പിലാക്കുന്നത് കുടുംബശ്രീ യൂണിറ്റുകൾ മുഖേനയാണ്.
കുടുംബശ്രീയിലെ അംഗങ്ങളുടെ എണ്ണം കണക്കിലെടുത്തു ഒരംഗത്തിന് 10000/- രൂപാ എന്ന തോതിൽ 2 ലക്ഷം രൂപാ വരെ12 മാസക്കാലാവധിയിൽ ഈ പദ്ധതിപ്രകാരം യാതൊരു ഈടും കൂടാതെ കുടുംബശ്രീ എന്ന മഹത്തായ പ്രസ്ഥാനത്തിന്റെ പ്രവർത്തനമികവിന് അർഹിക്കുന്ന ആദരവെന്ന നിലയിൽ നൽകുവാൻ ഭരണസമിതി ഐകകണ്ഠ്യേന തീരുമാനം കൈക്കൊണ്ടിരിക്കുകയാണ് .
പണത്തിന്റെ അപര്യാപ്തത മൂലം ഒരു കുട്ടിയുടെ പഠനത്തിനുപോലും തടസ്സം വരരുതെന്ന അതിയായ ആഗ്രഹമാണ് ഈ പുതിയ വായ്പാപദ്ധതികൾ രൂപീകരിക്കുവാനുള്ള ചാലകശക്തിയായി മാറിയത്.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19