മുസ്ലീം പള്ളികള്‍ക്കു നേരെ സാമൂഹ്യ വിരുദ്ധരുടെ കല്ലേറ്. കങ്ങഴ പുതൂര്‍പള്ളി മുസ്ലീം ജമാ അത്തിന്റെ കീഴിലുള്ള ചാരംപറമ്പ്, ഇടയിരിക്കപ്പുഴ നമസ്ക്കാര പള്ളിയ്ക്കും നേരെയാണ് സാമൂഹ്യ വിരുദ്ധര്‍ കല്ലെറിഞ്ഞത്.
കല്ലേറില്‍ പള്ളികളുടെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് കനത്ത മഴ പെയ്യുന്നതിനിടെയാണ് കല്ലേറ് ഉണ്ടായത്. ശബ്ദം കേട്ട് സമീപവാസികള്‍ എത്തിയപ്പോഴേയ്ക്കും ബൈക്കിലെത്തിയ ആള് രക്ഷപെട്ടു.
വിവരമറിഞ്ഞ് നിരവധി വിശ്വാസികള്‍ പള്ളികള്‍ക്ക് സമീപം തടിച്ചു കൂടി. ജമാഅത്ത് ഭാരവാഹികളുടെ പരാതിയില്‍ കറുകച്ചാല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രദേശത്തെ സൗഹൃദാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കത്തെ ചെറുക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച ശേഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് റംലാബീഗം പറഞ്ഞു. സംഭവത്തെ വിവിധ രാഷ്ടീയ പാര്‍ട്ടികള്‍ അപലപിച്ചു.