Pala News

മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ദക്ഷിണേന്ത്യയിലെ ആദ്യത്തെ ആര്‍ത്രോസ്‌കോപ്പി സ്‌കില്‍ ലാബ്; ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷക്ക് സംരക്ഷണ കവചം തീര്‍ക്കും – ആരോഗ്യമന്ത്രി

അസ്ഥിരോഗ വിഭാഗം ഡോക്ടര്‍മാരുടെ ശസ്ത്രക്രിയ നൈപുണ്യ പരിശീലനത്തിന് വേണ്ടി മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ആരംഭിച്ച ദക്ഷിണേന്ത്യയിലെ ആദ്യത്തെ ആര്‍ത്രോസ്‌കോപ്പി സ്‌കില്‍ ലാബിന്റെ ഉദ്ഘാടനം സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണ ജോര്‍ജ് നിര്‍വഹിച്ചു.

സ്‌പോര്‍ട്‌സ് മെഡിസിന്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക ചികിത്സാ വിഭാഗങ്ങളും ആയുര്‍വ്വേദം പോലെയുള്ള പാരമ്പര്യ ചികിത്സ വിഭാഗങ്ങളും സംയോജിപ്പിച്ചാല്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് കായിക താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ചികിത്സ ലഭ്യമാക്കി കേരളത്തെ ഒരു മെഡിക്കല്‍ ഹബ്ബാക്കി മാറ്റാന്‍ സാധിക്കുമെന്ന് മന്ത്രി ഉദ്ഘാടന സന്ദേശത്തില്‍ പറഞ്ഞു.

ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി 2012’ലെ ആശുപത്രി സംരക്ഷണ നിയമത്തില്‍ ആവശ്യമായ ഭേഗദതി വരുത്തി എല്ലാ ആരോഗ്യപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി നിയമനിര്‍മ്മാണത്തിന് വേണ്ട കാര്യങ്ങള്‍ ഉടന്‍ മന്ത്രിസഭ നടപ്പാക്കുമെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

ആരോഗ്യപ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന സാഹചര്യം ഉണ്ടാകാതെ നോക്കേണ്ടത് പൊതുസമൂഹത്തിന്റെ കൂടി ആവശ്യമാണെന്നും അവര്‍ക്ക് ഒരു സംരക്ഷണ കവചം തീര്‍ക്കണമെന്ന് മന്ത്രി കൂട്ടിചേര്‍ത്തു.

ഡോക്ടര്‍മാരുടെയും, ആരോഗ്യപ്രവര്‍ത്തക്കാരുടെയും സുരക്ഷ ഉറപ്പാക്കി അവര്‍ക്ക് യാതൊരു ഭയവും കൂടാതെ സേവനം ചെയ്യുവാനുള്ള അവസരം ഒരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം ആണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ദൈനംദിനം പുതിയ ചികിത്സാ സംവിധാനങ്ങളും രീതികളും കണ്ടെത്തുന്ന ഈ ആധുനിക യുഗത്തില്‍ ഡോക്ടര്‍മാരുടെ ശസ്ത്രക്രിയ നൈപുണ്യ പരിശീലനം ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഒരു വിഷയം ആണ്.

കാലത്തിന്റെ ഈ ആവശ്യം മുന്നില്‍ കണ്ടാണ് സ്ട്രൈക്കര്‍ ഇന്ത്യയുമായി സഹകരിച്ച് പുതിയ സ്‌കില്‍ ലാബും യെനപ്പോയ സര്‍വകലാശാലയുമായി ചേര്‍ന്ന് ഫെല്ലോഷിപ്പ് കോഴ്‌സും ആരംഭിക്കുന്നതെന്ന് പാലാ രൂപതാ ബിഷപ്പും മാര്‍ സ്ലീവാ മെഡിസിറ്റിയുടെ ഫൗണ്ടറും, പെയിട്രനുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

മികച്ച ചികിത്സാ സംവിധാനങ്ങളും അതിനൊപ്പം അക്കാഡമിക് സൗകര്യങ്ങളും ഒരുക്കുന്നതിലൂടെ ആരോഗ്യ മേഖലയില്‍ വലിയ മാറ്റങ്ങളാണ് മാര്‍ സ്ലീവാ മെഡിസിറ്റി വരുത്തുന്നതെന്ന് പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ് കോഴ്‌സ് ഉദ്ഘാടനം ചെയ്ത് സംസാരിച്ച മോന്‍സ് ജോസഫ് എം. എല്‍. എ. അഭിപ്രായപ്പെട്ടു.

പ്രതിപക്ഷത്താണെങ്കിലും നാടിന്റെ പൊതു നന്മക്കും ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷക്കും വേണ്ട എന്ത് നിയമം സര്‍ക്കാര്‍ നടപ്പാക്കിയാലും അതിനെ സ്വാഗതം ചെയ്ത് പിന്തുണക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

മാര്‍ സ്ലീവാ മെഡിസിറ്റിയുടെ മാനേജിങ് ഡയറക്ടര്‍ മോണ്‍. ഡോ. ജോസഫ് കണിയോടിക്കല്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഓര്‍ത്തോപീഡിക്‌സ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ഓ. റ്റി. ജോര്‍ജ് ആര്‍ത്രോസ്‌കോപ്പി സ്‌കില്‍ ലാബിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

ആശുപത്രി ഡയറക്ടര്‍മാരായ റവ. ഫാ. ജോസ് കീരഞ്ചിറ, റവ. ഡോ. ഇമ്മാനുവേല്‍ പാറേക്കാട്ട്, ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് എയര്‍. കോമഡോര്‍ (റിട്ട.) ഡോ.പോളിന്‍ ബാബു, ഓര്‍ത്തോപീഡിക്‌സ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് പ്രൊഫ. ഡോ. മാത്യു എബ്രഹാം, മധ്യകേരള ഓര്‍ത്തോപീഡിക് സൊസൈറ്റി പ്രസിഡന്റ് ഡോ. മാത്യു പുതിയിടം എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.