Pala News

പക്ഷാഘാതം ഭേദമായവരുടെ സംഗമം ‘മെമ്മറീസ്’ പദ്ധതിയുമായി മാർ സ്ലീവാ മെഡിസിറ്റി പാലാ

പാലാ: ”സ്വന്തം പിറന്നാളാഘോഷമായിട്ടും പാതിരാത്രിയിൽ എന്റെ ജീവൻ രക്ഷിക്കാൻ ഓടിവന്നതാണ് ഡോ. രാജേഷ് ആന്റണി സാർ. ഇവിടുത്തെ കൃത്യസമയത്തുള്ള ചികിത്സയും തുടർപരിചരണങ്ങളുമാണ് എന്നെ ഇന്നീ വേദിയിൽ നിർത്തുന്നത്.” പ്രമുഖനായ ആ വ്യവസായിയുടെ കണ്ണുനീരിൽ കുതിർന്ന വാക്കുകൾ ഇടറി. പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ഇന്നലെ രാവിലെ സംഘടിപ്പിച്ച പക്ഷാഘാതം ഭേദമായവരുടെ സംഗമത്തിലാണ് മെഡിസിറ്റിയിലെ ഡോക്ടർമാരെക്കുറിച്ചും ജീവനക്കാരുടെ പെരുമാറ്റത്തെക്കുറിച്ചും പറഞ്ഞപ്പോൾ ഈ വ്യവസായി ഗദ്ഗദകണ്ഠനായത്.

രോഗം ഭേദമായവരുടെ സംഗമത്തിൽ 40-ഓളം പേരാണ് പങ്കെടുത്തത്. ജീവിതത്തിലേക്ക് ഒരിക്കലും പഴയപോലെ തിരിച്ചുവരവ് ഇല്ലെന്ന് സ്വയം ഉറപ്പിച്ചവരെ വിദഗ്ധചികിത്സയും പരിചരണവും നല്കി ജീവിതത്തിലേക്ക് തിരികെ നടത്തിയ ഡോക്ടർമാരെക്കുറിച്ചു രോഗികൾ പറഞ്ഞപ്പോൾ കേൾവിക്കാരുടെയും കണ്ണുകൾ ഈറനായി.

‘മെമ്മറീസ് ‘ എന്ന് പേരിട്ട സംഗമം മാണി സി. കാപ്പൻ എം.എൽ എ.യാണ് ഉദ്ഘാടനം ചെയ്തത്. രോഗം ഭേദമായി മടങ്ങിയവരെ വീണ്ടും പരിഗണിക്കാനും കൂട്ടായ്മയൊരുക്കാനും മാർ സ്ലീവാ മെഡിസിറ്റി അധികൃതർ കാണിച്ച നല്ല മാതൃക പ്രശംസനീയമാണ്. ഓരോ രോഗിക്കും കാരുണ്യവും കരുതലുമൊരുക്കാൻ മെഡിസിറ്റിക്ക് കഴിയുന്നുണ്ട്. നാളെകളിൽ കേരളത്തിലെ ഏറ്റവും മികച്ച ആതുരാലയങ്ങളിൽ ഒന്നായി മെഡിസിറ്റി മാറുമെന്നും മാണി സി. കാപ്പൻ പറഞ്ഞു.

സമ്മേളനത്തിൽ ആശുപത്രി മാനേജിംഗ് ഡയറക്ടറും പാലാ രൂപത വികാരി ജനറാളുമായ മോൺ ഡോ. ജോസഫ് കണിയോടിക്കൽ അദ്ധ്യക്ഷത വഹിച്ചു. സംരക്ഷണത്തിന്റെ സംസ്കാരം വളർത്തിയെടുക്കാനാണ് മാർ സ്ലീവാ മെഡിസിറ്റി ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മരുന്നുകൊണ്ട് മാത്രമല്ല രോഗിക്ക് സൗഖ്യമൊരുക്കുന്നത്. കാരുണ്യത്തോടെയുള്ള പരിചരണവും വലിയൊരു ഘടകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മെമ്മറീസ് എന്ന പദ്ധതിയുടെ ലോഗോ പ്രകാശനവും ശ്രീ. മാണി സി. കാപ്പൻ എം.എൽ .എ. നിർവഹിച്ചു . ചീഫ് ഓഫ് മെഡിക്കൽ സർവീസസ് Air Cmdr. ഡോ. പോളിൻ ബാബു, ന്യൂറോസയൻസ് വിഭാഗം ഡോക്ടർമാരായ ഡോ. അരുൺ ജോർജ് , ഡോ. ജോസി ജെ. വള്ളിപ്പാലം, ഡോ. ജെമിനി ജോർജ് , ഡോ. മീര ആർ , ഡോ. രാജേഷ് ആന്റണി, ഡോ .ജോസ് പോൾ ലൂക്കസ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.