Pala News

ദുരിതമനുഭവിക്കുന്നവരെ ചേര്‍ത്തു പിടിക്കണം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്

പാലാ: സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവരെ ചേര്‍ത്തുപിടിക്കാന്‍ നമുക്ക് കടമയുണ്ടെന്ന് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. അപകടത്തെത്തുടര്‍ന്നു ദുരിതമനുഭവിക്കുന്ന വള്ളിച്ചിറ മൂന്നുതൊട്ടിയില്‍ റോയിച്ചന്‍ എം റ്റിയ്ക്കു വീടു വയ്ക്കാന്‍ സൗജന്യമായി നല്‍കുന്ന മൂന്ന് സെന്റ് ഭൂമിയുടെ രേഖകള്‍ കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്.

മാനുഷികമൂല്യങ്ങള്‍ക്കു വില കല്‍പ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അര്‍ഹരെ സഹായിക്കാനുള്ള മാണി സി കാപ്പന്‍ എം എല്‍ എ യുടെയും സഹോദരന്‍ ചെറിയാന്‍ സി കാപ്പന്റെയും തീരുമാനത്തെ മാര്‍ കല്ലറങ്ങാട്ട് അനുമോദിച്ചു.

ചെറിയാന്‍ സി കാപ്പന്‍, ഡിജോ കാപ്പന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ ജിമ്മി ജോസഫ് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് എന്നിവര്‍ പങ്കെടുത്തു.

മുന്‍ എം പി യും എം എല്‍ എ യും പാലാ നഗരസഭ ചെയര്‍മാനുമായിരുന്ന ചെറിയാന്‍ ജെ കാപ്പന്‍, ഭാര്യ ത്രേസ്യാമ്മ കാപ്പന്‍ എന്നിവരുടെ ഓര്‍മ്മയ്ക്കായി ഇടപ്പാടിയില്‍ വാങ്ങിയ 53 സെന്റ് സ്ഥലത്തില്‍ നിന്നും മൂന്ന് സെന്റ് സ്ഥലമാണ് റോയിച്ചന് വീടുവയ്ക്കാന്‍ സൗജന്യമായി നല്‍കുന്നത്.

സ്‌കൂള്‍ വിദ്യാര്‍ത്ഥി ആയിരിക്കെ വാഹനം ഇടിച്ചതിനെത്തുടര്‍ന്നു റോയിച്ചന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ദീര്‍ഘനാള്‍ ചികിത്സ നടത്തിയിരുന്നുവെങ്കിലും ശാരീരിക വിഷമങ്ങള്‍ ഉടലെടുത്തതിനെത്തുടര്‍ന്നു കാലങ്ങളായി ദുരിതത്തിലാണ് റോയിച്ചന്‍.

ഈ വിവരം അറിഞ്ഞതിനെത്തുടര്‍ന്നാണ് റോയിച്ചന് വീടുവയ്ക്കാനുള്ള സ്ഥലം സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചത്. മദ്രാസ് ഹൈക്കോടതി മുന്‍ ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഡോ കെ നാരായണക്കുറുപ്പ്, ചെറിയാന്‍ സി കാപ്പന്‍, എബി ജെ ജോസ് എന്നിവരാണ് സൗജന്യമായി ഭൂമി അനുവദിക്കുന്ന സമിതിയിലുള്ളത്.

നേരത്തെ വീടില്ലാത്തതിനാല്‍ കിടങ്ങൂര്‍ പാലത്തിനടിയില്‍ വര്‍ഷങ്ങളായി താമസിച്ചു വന്നിരുന്ന രണ്ടു കുടുംബങ്ങള്‍ക്ക് വീടു വയ്ക്കുന്നതിനായി ഇവിടെ ആറ് സെന്റ് സ്ഥലവും പുത്തന്‍പള്ളിക്കുന്ന് പാട്ടത്തില്‍പറമ്പില്‍ രാജന് മൂന്ന് സെന്റ് സ്ഥലവും നേരത്തെ ലഭ്യമാക്കിയിരുന്നു.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ GROUP 19

Leave a Reply

Your email address will not be published.