യുവാക്കൾ ദേശീയബോധവും പൗരബോധവും ഉള്ളവരാകണം: മാർ ജോസഫ് കല്ലറങ്ങാട്ട്

ചേർപ്പുങ്കൽ : യുവാക്കൾ നാട്ടിൽ പഠിച്ചു ഗവൺമെന്റ് ജോലികൾ കരസ്ഥമാക്കണമെന്നും രാജ്യത്തിനായി സേവനം ചെയ്ത് ദേശസ്നേഹം ഉള്ളവരാകണമെന്നും പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.എസ് എം വൈ എം പാലാ രൂപതയുടെ ചേർപ്പുങ്കൽ മാർത്തോമാ മണ്ഡപത്തിൽ മാർത്തോമാശ്ലീഹായുടെ ഭാരത പ്രവേശന തിരുനാൾ കർമ്മങ്ങൾക്ക് മുഖ്യകാർമികത്വം വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു ബിഷപ്പ്.

ചരിത്രബോധമുള്ള പുസ്തകങ്ങൾ എഴുതിയ പാലാക്കാരെ അനുസ്മരിക്കുകയും പാരമ്പര്യ ബോധ്യങ്ങൾ ഊട്ടിയുറപ്പിക്കാൻ സുറിയാനി ഭാഷാ പഠന കേന്ദ്രങ്ങൾ തുടങ്ങുകയും ക്രമേണ അതിനെ യൂണിവേഴ്സിറ്റി ആക്കി മാറ്റുകയും ചെയ്യണമെന്നും ബിഷപ്പ് അഭിപ്രായപ്പെട്ടു. നമ്മുടെ കലാലയങ്ങൾ ഇംഗ്ലീഷ് വിദ്യാഭ്യാസ ശൈലിക്കു പുറമേ ഏത് ദേശീയ ശൈലിയും വളർത്തണമെന്ന് പിതാവ് അഭിപ്രായപ്പെട്ടു.

Advertisements

വർഷങ്ങൾക്കു മുമ്പ് പ്രേഷിതപ്രവർത്തനത്തിനായി മാർ തോമാശ്ലീഹാ ഹെന്ദോയിൽ വന്നു രൂപംകൊടുത്ത ക്രൈസ്തവ സമൂഹം എന്നും ഒരൊറ്റ ഇന്ത്യ എന്ന കാഴ്ചപ്പാട് കാത്തുസൂക്ഷിച്ച വരായിരുന്നു. ഒന്നായി നിന്ന സുറിയാനിക്രൈസ്തവ സമൂഹം പിന്നീട് വിവിധ കാരണങ്ങളാൽ ഭിന്നിച്ചെങ്കിലും ചേർപ്പുങ്കൽ പോലുള്ള സഭാ കേന്ദ്രങ്ങളിൽ ഒന്നിക്കുമ്പോൾ ഒന്നിപ്പിന്റെ അരൂപി വ്യാപിക്കുകയാണെന്ന് പിതാവ് അനുസ്മരിച്ചു.

മാർത്തോമാശ്ലീഹായുടെ ചെരുപ്പ് വച്ച സ്ഥലം ചേർപ്പുങ്കൽ ആയി മാറിയെന്ന പാരമ്പര്യം വളരെ ബലവത്താണെന്നും വൈദേശിക ശക്തികൾക്കെതിരെയും അനീതികൾക്കെതിരെയും ഒന്നിച്ചുനിന്ന കാലത്തെ നിലപാടുകൾ ക്രൈസ്തവ സഭകൾക്ക് ഇന്നും ഉണ്ടാകണമെന്നും അദ്ദേഹം ഓർമ്മപ്പിച്ചു. ഖുത്താആ നമസ്കാരത്തോടുകൂടി തുടങ്ങിയ തിരുനാളിൽ പാലാ രൂപത വികാരി ജനറാൾ മോൺ ജോസഫ് മലേപ്പറമ്പിൽ, ചേർപ്പുങ്കൽ ഫൊറോന വികാരി ഫാ. ജോസഫ് പാനാമ്പുഴ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി. എസ് എം വൈ എം രൂപതാ ഡയറക്ടർ ഫാ. സിറിൽ തോമസ് തയ്യിൽ, പ്രസിഡന്റ്‌ ബിബിൻ ചാമക്കാലായിൽ, എക്സിക്യൂട്ടീവ് അംഗം കെവിൻ മൂങ്ങാമാക്കൽ, ബ്രദർ ജോർജ് ഞാറ്റുതൊട്ടിയിൽ, ഫെബിൻ കാഞ്ഞിരത്താനം, അപ്പച്ചൻ മൂന്നുപീടികയിൽ, ജിമ്മി ലിബെർട്ടി എന്നിവർ നേതൃത്വം നൽകി. വിവിധ സഭകളെയും നസ്രാണി കേന്ദ്രങ്ങളെയും പ്രതിനിധീകരിച്ച് യുവജനങ്ങൾ പങ്കെടുത്തു.

You May Also Like

Leave a Reply