കോട്ടയം: ദലിതരുടെയും ആദിവാസികളുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും നീതിക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ച പുരോഗിതനാണ് ഫാദർ സ്റ്റാൻ സ്വാമിയെന്ന് കെ സി ബി സി SC/ST/ BC കമ്മീഷൻ ചെയർമാൻ മാർ ജേക്കബ് മുരിക്കൻ പറഞ്ഞു. സ്റ്റാൻസ്വാമിയുടെ മാതൃക സമൂഹം ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരേന്ത്യയിൽ ജാർഖണ്ഡ് മേഖലയിലെ ആദിവാസികളുടെയും ഗോത്രവർഗ്ഗക്കാരുടെയും മോചനത്തിനായി പ്രവർത്തിച്ച് എൺപത്തിനാലാം വയസ്സിൽ കുറ്റാരോപിതനായി അറസ്റ്റ് ചെയ്യുകയും ജയിലിലടയ്ക്കുകയും എല്ലാ മാനുഷിക മൂല്യങ്ങളും നിഷേധിച്ച് ജയിലിൽ വച്ച് മരണമടഞ്ഞതാണ് ഫാദർ സ്റ്റാൻ സ്വാമി.
ഡി സി എം എസ് സംസ്ഥാന കമ്മറ്റി ഫാ.സ്റ്റാൻ സ്വാമിയുടെ രക്തസാക്ഷിത്വ ദിനവും നൈജീരിയയിൽ കൂട്ടക്കുരുതിക്ക് ഇരയായ ക്രൈസ്തവരോടുള്ള ഐക്യദാർഡ്യവും പ്രകടിപ്പിച്ചു കൊണ്ട് പാലാ ബ്ലഡ് ഫോറത്തിൻ്റെ സഹകരണത്തോടെ നടത്തിയ സന്നദ്ധ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോട്ടയം ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിൽ നടന്ന രക്തസാക്ഷി ദിനാചരണത്തിൽ ഡി സി എം എസ് സംസ്ഥാന പ്രസിഡൻ്റ് ജയിംസ് ഇലവുങ്കൽ അദ്ധ്യക്ഷത വഹിച്ചു സംസ്ഥാന ഡയറക്ടർ ഫാദർ ജോസ് വടക്കേക്കുറ്റ് ആമുഖ പ്രഭാഷണവും ഡയറക്ടർ ഫാദർ ജോസുകുട്ടി ഇടത്തിനകം മുഖ്യ പ്രഭാഷണവും പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശവും നടത്തി. ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോക്ടർ ബ്രിജീറ്റ് തോമസ്,, ബിനോയി ജോൺഎന്നിവർ പ്രസംഗിച്ചു.
മാർ ജേക്കബ് മുരിക്കൻ രക്തം ദാനം ചെയ്തു കൊണ്ടാണ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. അമ്പതോളം പ്രവർത്തകർ ക്യാമ്പിൽ പങ്കെടുത്തു.