കോട്ടയം: കോട്ടയത്തിന്റെ പരിസര പ്രദേശങ്ങളായ വാകത്താനം, മണര്‍കാട് പഞ്ചായത്തുകളുടെ വിവിധ മേഖലകളില്‍ രാത്രികാലത്ത് കുറുക്കന്മാരുടെ ശല്യം വ്യാപകമെന്നു പരാതി. വാകത്താനം, കണ്ണഞ്ചിറ മേഖലയില്‍ വലുതും ചെറുതുമായി മൂന്നു കുറുക്കന്മാര് എത്തിയെന്നു നാട്ടുകാര്‍ പറഞ്ഞു.
മണര്‍കാട് കുഴിപ്പുരയിടം മേഖലയില്‍ നവംബര്‍ പകുതിയോടെയാണ് കുറുക്കന്മാരുടെ ശല്യം ആരംഭിച്ചത്. പകല്‍സമയങ്ങളില്‍ കാടുകളില്‍ ഒളിഞ്ഞിരിക്കുന്ന ഇവര്‍ രാത്രികാലങ്ങളില്‍ ഓരിയിട്ട് പുറത്തിറങ്ങി നടക്കും.
വീടുകളില്‍ വളര്‍ത്തുന്ന കോഴി, പൂച്ച അടക്കമുള്ള വളര്‍ത്തു മൃഗങ്ങളെ ഇവ ആക്രമിക്കുന്നു. മൃഗങ്ങളെ കിട്ടാതെ വരുമ്പോള്‍ കുറുക്കന്മാര് മനുഷ്യരെ ഉപദ്രവിക്കുമോ എന്ന പേടിയിലാണ് നാട്ടുകാര്‍. തങ്ങളുടെ വളര്‍ത്തു മൃഗങ്ങളെ ആക്രമിക്കുന്ന ഇവയുടെ ശല്യം എത്രയും വേഗം ഒഴിവാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
കണ്ണഞ്ചിറ ഭാഗത്ത് കുറുക്കന്റെ ശല്യം രൂക്ഷമാണെന്നു ചൂണ്ടിക്കാട്ടി പഞ്ചായത്ത് അധികൃതര്‍ക്കും കലക്ടര്‍, വന്യജീവി വകുപ്പ് എന്നിവര്‍ക്കും നാട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്. തട്ടയ്ക്കാട് ഭാഗത്ത് നാട്ടുകാര്‍ക്ക് ശല്യമുണ്ടാക്കിയിരുന്ന കുറുക്കന് സംഘത്തെ കുറച്ചുനാള്‍ മുന്‍പ് വനംവകുപ്പ് പിടികൂടിയിരുന്നു.
സന്ധ്യയോടെ കൂട്ടമായി ഇവ കൂവി വിളിക്കുന്ന ഇവയെ പേടിച്ച് ആളുകള്‍ പുറത്തിറങ്ങാന്‍ മടിക്കുന്നു. വീടുകളുടെ സമീപത്തും ആളനക്കമുള്ള സ്ഥലങ്ങളിലും ഇവ എത്തുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. കുട്ടികള്‍ക്ക് നേരെ ഇവ തിരിയുമോ എന്ന ഭയമാണ് നാട്ടുകാരെ ആശങ്കയിലാഴ്ത്തുന്നത്.