പാലാ: പാലാ സീറ്റിനെ ചൊല്ലി അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ ഇന്ന് ഉച്ചയ്ക്ക് മാണി സി കാപ്പന് എംഎല്‍എ മാധ്യമങ്ങളെ കാണും. ഉച്ച കഴിഞ്ഞ് 12.45നാണ് പ്രസ് മീറ്റ് മാണി സി കാപ്പന് വിളിച്ചിരിക്കുന്നത്.
നിര്‍ണായകമായ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ തന്നെ രാഷ്ട്രീയ കേരളവും ഏറെ ആകാംക്ഷയോടെയാണ് ഈ പ്രസ് മീറ്റനെ കാണുന്നത്.
ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് എം ഇടതു പക്ഷത്ത് എത്തിയതു മുതല്‍ എന്‍സിപി ഇടതുപക്ഷത്തോട് അകന്നാണ് നില്‍ക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍സിപിയെ ഇടതുമുന്നണി തീര്‍ത്തും അവഗണിച്ചെന്നും എന്‍സിപി പരാതി ഉന്നയിച്ചിരുന്നു.
പാലാ സീറ്റിനെ ചൊല്ലിയും തര്‍ക്കം നിലനില്ക്കുന്നു. പാലാ തന്റെ ചങ്കാണെന്നും വിട്ടുകൊടുക്കില്ലെന്നും മാണി സി കാപ്പന് ആവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ പാലാ സീറ്റ് ജോസ് കെ മാണിക്കു നല്കാന് ധാരണയായതായും ജോസ് കെ മാണി പാലായില്‍ നിന്ന് ഇടതുമുന്നണി ലേബലില്‍ മല്‍സരിക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
പാലാ സീറ്റിനെ കുറിച്ചു പറയാന്‍ സമയമായിട്ടില്ലെന്നാണ് ഇടതുപക്ഷ സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. സീറ്റിനെകുറിച്ചു പറയാറായിട്ടില്ലെന്നു ജോസ് കെ മാണിയും പറയുന്നു.
മാണി സി കാപ്പന് എംഎല്‍എ യുഡിഎഫ് നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും കാപ്പനായി പാലാ സീറ്റ് വിട്ടുനല്‍കാന്‍ യുഡിഎഫ് നേതൃത്വം തയാറാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞയാഴ്ച കാപ്പനു സീറ്റു വിട്ടുനല്‍കുമെന്ന് പിജെ ജോസഫ് എംഎല്‍എ പറഞ്ഞതും വലിയ ചര്‍ച്ചയായിരുന്നു.
ഇതേക്കുറിച്ച് താന്‍ ചിന്തിച്ചിട്ടില്ലെന്നും പിജെ ജോസഫ് കുടുംബസുഹൃത്ത് മാത്രമാണെന്നുമായിരുന്നു കാപ്പന്റെ മറുപടി. അതേ സമയം, കാപ്പന്റെ നിലപാടിന് എന്‍സിപി ദേശീയ നേതൃത്വത്തിന്റെ പിന്തുണയുമുണ്ടെന്നാണ് സൂചന.
ദേശീയ തലത്തില്‍ എന്‍സിപി കോണ്‍ഗ്രസുമായി സഹകരിക്കുന്നതിനാല്‍ കേരളത്തില്‍ യുഡിഎഫ് മുന്നണിയിലേക്ക് എന്‍സിപി ചേക്കേറിയാല്‍ അത്ഭുതപ്പെടാനില്ല. എന്തായാലും ഇന്ന് ഉച്ച കഴിഞ്ഞുള്ള പ്രസ് മീറ്റിലേക്ക് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം.