തിരഞ്ഞെടുപ്പ്: ഇടതുമുന്നണിയുടെ കൂട്ടായ വിജയം; ഒരു വിഭാഗത്തിന്റെ മാത്രമല്ലെന്നും മാണി സി കാപ്പന്‍

പാലാ: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയമാണെന്ന് ഉണ്ടായതെന്ന് മാണി സി കാപ്പന്‍ എംഎല്‍എ. കേരളമൊട്ടാകെ ഈ വിജയത്തിന്റെ ഫലം ദൃശ്യമാണ്.

ഇത് ഒരു വിഭാഗത്തിന്റെ മാത്രം നേട്ടമായി ചിത്രീകരിക്കുന്നത് ശരിയല്ല. ഇക്കാര്യം സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വ്യക്തമാക്കിയിട്ടുണ്ട്. പാലായില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisements

പാലാ മണ്ഡലത്തില്‍ കേരളാ കോണ്‍ഗ്രസ് ഭരിച്ചിരുന്ന രാമപുരം, മുത്തോലി പഞ്ചായത്തുകള്‍ ഇപ്പോള്‍ നഷ്ടമായി. മേലുകാവ്, മൂന്നിലവ്, തലപ്പലം പഞ്ചായത്തുകളില്‍ ഭരണം നേടാനായില്ല.

ഉപതെരഞ്ഞെടുപ്പില്‍ ജോസ് വിഭാഗം ഇല്ലാതെ ഇടതുമുന്നണി പാലായില്‍ ഉണ്ടാക്കിയ നേട്ടത്തിനൊപ്പം എത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. പാലാ മുനിസിപ്പാലിറ്റിയില്‍ 17 സീറ്റ് ഉണ്ടായിരുന്ന ജോസ് വിഭാഗത്തിന് 10 സീറ്റ് മാത്രമേ ഇത്തവണ ലഭിച്ചിട്ടുള്ളൂ.

ഇടതുപക്ഷത്തിനൊപ്പം തന്നെയാണ് എന്‍ സി പി. രണ്ടു പതിറ്റാണ്ടുകാലത്തെ പോരാട്ടത്തിനുശേഷം ഇടതു പ്രവര്‍ത്തകര്‍ കഷ്ടപ്പെട്ടു നേടിയതാണ് പാലാ സീറ്റ്. 9 പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലും ഇടതു മുന്നണി ലീഡ് നേടിയിരുന്നു.

ഒരു പഞ്ചായത്തില്‍ ഒരു സീറ്റു വീതം എങ്കിലും എന്‍ സി പി ക്കു ലഭിക്കേണ്ടതായിരുന്നു. ആകെ തന്നത് രണ്ടു സീറ്റാണ്. ഇതില്‍ എന്‍ സി പി പ്രവര്‍ത്തകര്‍ക്കു കടുത്ത പ്രതിഷേധമുണ്ട്.

കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ എന്‍ സി പി ക്കായി കഷ്ടപ്പെട്ട ഇടതു പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നതിനാല്‍ തിരഞ്ഞെടുപ്പ് കാലത്ത് പ്രതിഷേധം അറിയിക്കാതെ രാഷ്ടീയ മര്യാദ കാണിക്കാന്‍ എന്‍സിപി പാലായില്‍ തീരുമാനിക്കുകയായിരുന്നു.

തിരഞ്ഞെടുപ്പിനു ശേഷം അക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്. പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. അതേ സമയം തിരഞ്ഞെടുപ്പ് സമയത്ത് കടനാട്, കരൂര്‍ പഞ്ചായത്തുകളിലെ സീറ്റ് വിഭജനത്തിലെ അതൃപ്തി സി പി ഐ പ്രകടിപ്പിക്കുകയും മുന്നണിക്കു പുറത്ത് പരസ്യമായി മത്സരിക്കുകയും ചെയ്ത കാര്യവും മാണി സി കാപ്പന്‍ ചൂണ്ടിക്കാട്ടി.

എന്‍ സി പി പാര്‍ട്ടിയുടെ അഭിപ്രായം തുറന്നു പറയും. ഇക്കാര്യം മുന്നണി നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും. ഇതിന്റെ പേരില്‍ എന്‍ സി പി യെ മുന്നണി വിരുദ്ധരായി ചിത്രീകരിക്കേണ്ട കാര്യമില്ല. ഇടതു മുന്നണിയുടെ ഭാഗമാണ് എന്‍ സി പി.

ആര്‍ക്കും ആരെയും സ്വാഗതം ചെയ്യാമല്ലോ എന്നായിരുന്നു യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ സ്വാഗതം ചെയ്തത് ചൂണ്ടിക്കാട്ടിയപ്പോള്‍ മാണി സി കാപ്പന്‍ പറഞ്ഞു. എന്‍ സി പി യുടെ സിറ്റിംഗ് സീറ്റാണ് പാലാ. പാലായില്‍ തന്നെ മത്സരിക്കും.

പാലാ വിട്ടുകൊടുക്കില്ലെന്നും കാപ്പന്‍ വ്യക്തമാക്കി. പാലായില്‍ മത്സരിക്കേണ്ട എന്ന് മുന്നണി പറഞ്ഞിട്ടില്ല. 54 വര്‍ഷത്തെ പോരാട്ടത്തിന് ശേഷം നേടിയ സീറ്റ് തോറ്റ കക്ഷിക്കു തന്നെ വിട്ടു കൊടുക്കാന്‍ മുന്നണി പറയുമെന്ന് തോന്നുന്നില്ല എന്നും മാണി സി കാപ്പന്‍ പറഞ്ഞു.

You May Also Like

Leave a Reply