പാലാ നിയോജകമണ്ഡലത്തിൽ നിന്നും 173 കോടി രൂപയുടെ 20 പദ്ധതികൾ ബജറ്റിൽ അനുമതിയ്ക്കായി സമർപ്പിച്ചിരുന്നുവെങ്കിലും അതിൽ വെറും 3 പദ്ധതികൾക്ക് കേവലം 5 കോടി രൂപ മാത്രമാണ് അനുവദിച്ചതെന്ന് മാണി സി കാപ്പൻ നിയമസഭയിൽ പറഞ്ഞു. ബജറ്റ് ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലാ മണ്ഡലത്തിലെ മലയോര പിന്നോക്ക പട്ടികജാതി പട്ടികവർഗ്ഗ മേഖലകൾക്ക് മുന്തിയ പരിഗണന നൽകുന്നതിനുള്ള പദ്ധതികളാണ് ബജറ്റിൽ സമർപ്പിച്ചിരുന്നത്. അതിൽ ഏറ്റവും പ്രധാനം കടവുപുഴ പാലം പുനർനിർമ്മിക്കുക എന്നുള്ളതായിരുന്നുവെന്ന് എം എൽ എ ചൂണ്ടിക്കാട്ടി.
2021 ലും 2022ലും ഉണ്ടായ പ്രകൃതിക്ഷോഭത്തിൽ പൂർണ്ണമായും തകർന്ന് ഗതാഗതയോഗ്യമല്ലാതായി തീർന്നതാണ് കടവുപുഴ പാലം. ഈ പ്രദേശത്തുള്ളവർ 25 കി.മീ ചുറ്റി സഞ്ചരിച്ച് വേണം മൂന്നിലവ് ടൗണിൽ എത്താൻ. ഈദുരവസ്ഥ പരിഹരിക്കാൻ കടവുപുഴ പാലം പുതുക്കി പണിയുമെന്ന് മന്ത്രിമാർ ഉൾപ്പടെ സ്ഥല സന്ദർശന വേളയിലും അവലോകനയോഗങ്ങളിലും വാഗ്ദാനം നൽകിയിരുന്നുവെങ്കിലും ഫണ്ട് അനുവദിച്ചിരുന്നില്ല.
ബജറ്റിൽ ഉൾപ്പെടുത്തി കടവുപുഴ പാലവും റോഡും പുനർനിർമ്മിക്കുന്നതിന് മുന്തിയ പരിഗണന നൽകണമെന്ന ആവശ്യം സർക്കാർ നിരാകരിക്കുകയും പകരം പാലായിലെ ഒരു സ്വകാര്യ ട്രസ്റ്റിന് 5 കോടി രൂപ അനുവദിക്കുകയും ചെയ്തു. ഇക്കാര്യങ്ങൾ വിവിരിക്കുമ്പോഴാണ് എം.എൽ.എ വികാരാധീനനായത്. ഒരു നിമിഷം അംഗങ്ങളും സ്തബ്ധരായി.
പാവപ്പെട്ടവരുടെയും പിന്നോക്കക്കാരുടെയും ദുരിതങ്ങൾ മറന്ന് ഭരണ മുന്നണിയിലെ ഒരു ഘടകകക്ഷിയുടെ നേതാവിനെ തൃപ്തിപ്പെടുത്താനാണ് ഇതെന്ന് മാണി സി കാപ്പൻ ആരോപിച്ചു. ജനങ്ങൾ ഇതെല്ലാം കൃത്യമായി വീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.
പാലായോടുള്ള അവഗണനയ്ക്കെതിരെ പൊതുജനങ്ങളെ അണിനിരത്തി ശക്തമായ സമരപരിപാടികൾ ആവിഷ്ക്കരിക്കുമെന്ന് കേരളഡെമോക്രാറ്റിക് പാർട്ടി വക്താവ് എം.പി.കൃഷ്ണൻനായരും അറിയിച്ചു.