പാലായിൽ മാണി സി കാപ്പന് സ്വർണ്ണത്തിളക്കം

പാലാ: ഇന്ന് യാതൊരു ആശങ്കയുമില്ലാതെയായിരുന്നു മാണി സി കാപ്പന്. ഇന്ന് രാവിലെ ളാലം പള്ളിയിൽ ഭാര്യ ആലീസിനൊപ്പം എത്തി കുർബാനയിൽ പങ്കെടുത്ത ശേഷം വീട്ടിൽ എത്തിയപ്പോൾ മാധ്യമ പ്രവർത്തകർ കാത്തു നിൽക്കുന്നു.

ഭൂരിപക്ഷത്തെക്കുറിച്ചാരാഞ്ഞപ്പോൾ 15000പരം എന്നാവർത്തിച്ചു. കോവിഡ് പ്രോട്ടോക്കോൾ നിരീക്ഷിക്കുന്നതിനെത്തിയ പോലീസുകാരോട് കുശലം പറഞ്ഞ് ടി വി ഇരിക്കുന്ന മുറിയിലേയ്ക്ക് എത്തി. കോവിഡ് പ്രോട്ടോക്കോൾ ഉണ്ടായിരുന്നതിനാൽ കുടുംബാംഗങ്ങൾക്കു പുറമേ പ്രസ് സെക്രട്ടറി എബി ജെ ജോസ്, ഭരണങ്ങാനം പഞ്ചായത്ത് അംഗം വിനോദ് ചെറിയാൻ, ഉണ്ണി മുട്ടത്ത്, സി ടി രാജൻ തുടങ്ങിയവരേ ഉണ്ടായിരുന്നുള്ളൂ.

Advertisements

ഇതിനിടെ കടുത്തുരുത്തിയിൽ നിന്നും മോൻസ് ജോസഫ് വിളിച്ച് ആശംസ നേർന്നു. ടി വി യിൽ തപാൽ വോട്ടിൻ്റെ ഭൂരിപക്ഷം ജോസ് കെ മാണിക്ക് എന്നു മിന്നിമറഞ്ഞപ്പോൾ ഒപ്പമുണ്ടായിരുന്നവർക്ക് ആശങ്ക.കാപ്പനത് ചിരിച്ചു തള്ളിയപ്പോൾ ഒപ്പമുണ്ടായിരുന്നവരുടെ പിരിമുറുക്കം അയഞ്ഞു. രാമപുരവും കടനാടും കഴിഞ്ഞപ്പോൾ 3452 ഭൂരിപക്ഷമെന്ന് ടിവിയിൽ കണ്ടപ്പോൾ ഒപ്പമുണ്ടായിരുന്നവരിൽ ആവേശം ഇരട്ടിച്ചു. പിന്നെ ഓരോ റൗണ്ടും പിന്നിടുമ്പോൾ കാപ്പൻ്റെ ഭൂരിപക്ഷം വർദ്ധിച്ചു വന്നു. ഭരണങ്ങാനം കഴിഞ്ഞപ്പോൾ ഭൂരിപക്ഷം ഒൻപതിനായിരം പിന്നിട്ടു. പിന്നെയും ഭൂരിപക്ഷം ഉയർന്നതോടെ പാലായിൽ ജയം ഉറപ്പിച്ചു. ഇതോടെ നിലയ്ക്കാത്ത ഫോൺ പ്രവാഹമായി. എല്ലാവർക്കും നന്ദി പറഞ്ഞു. ചലചിത്ര നടൻ ജയറാം, യു ഡി എഫ് കൺവീനർ എം എം ഹസൻ തുടങ്ങിയവരും ആശംസ നേർന്നു വിളിച്ചു.

വിജയാഘോഷത്തിന് തുടക്കം കുറച്ചുകൊണ്ട് കൊഴുവനാൽ വയലിൽ സാൻ്റീന എന്ന ആറാം ക്ലാസുകാരി മാണി സി കാപ്പൻ്റെ ചിത്രം ഉപയോഗിച്ചു തയ്യാറാക്കി വിജയശില്പം പ്രസ് സെക്രട്ടറി എബി ജെ ജോസ് മാണി സി കാപ്പന് സമ്മാനിച്ചു. തൊട്ടുപിന്നാലെ പിറവത്തു നിന്നും ജിൽസ് പെരിയപ്പുറം ചങ്കാണ് പാലാ എന്ന കേക്കുമായി എത്തിച്ചേർന്നു.

കേക്ക് ഭാര്യ ആലീസ്, മക്കളായ ടീന, ദീപ, മരുമക്കളായ സന്ദീപ്, ദീപു, കൊച്ചുമക്കളായ തെരേസ, റയാൻ, നിയ യു ഡി എഫ് നേതാക്കളായ പ്രൊഫ സതീഷ് ചൊള്ളാനി, റോയി മാത്യു എലിപ്പുലിക്കാട്ട്, ജോസ്മോൻ മുണ്ടയ്ക്കൽ, വിനോദ് വേരനാനി, സാജു എം ഫിലിപ്പ്, സി ടി രാജൻ, ഉണ്ണി മുട്ടത്ത് തുടങ്ങിയവർക്കൊപ്പം മാണി സി കാപ്പൻ കേക്ക് മുറിച്ചാഘോഷിച്ചു. കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ നേതാക്കൾ വന്നു പോകുകയായിരുന്നു.

ഉപതിരഞ്ഞെടുപ്പിലെ 2943 വോട്ടെന്ന ഭൂരിപക്ഷത്തിൻ്റെ അഞ്ചിരട്ടി ഭൂരിപക്ഷത്തിനാണ് തിളക്കമാർന്ന വിജയം മാണി സി കാപ്പൻ നേടിയത്. കാപ്പൻ്റെ 16 മാസത്തെ പാലായിലെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം പാലാക്കാർ നൽകിയിരിക്കുകയാണ്.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 5

You May Also Like

Leave a Reply