
പാലാ: പാലായുടെ മലയോര മേഖലകളായ മൂന്നിലവ്, മേലുകാവ്, തലനാട് പ്രദേശങ്ങളിലുൾപ്പെടെ ദുരിതമനുഭവിക്കുന്നവർക്കു അടിയന്തിര സഹായം എത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി, റവന്യൂ മന്ത്രി എന്നിവരോട് മാണി സി കാപ്പൻ എം എൽ എ ആവശ്യപ്പെട്ടു.
കൃഷി നാശവും മറ്റു നാശനഷ്ടങ്ങളും ഉണ്ടായവർക്കു കാലതാമസം കൂടാതെ അടിയന്തിരമായി നഷ്ടപരിഹാരം എത്തിക്കണം. നാശനഷ്ടങ്ങളുടെ കണക്കെടുപ്പും വിതരണവും സമയബന്ധിതമായി പൂർത്തീകരിക്കണമെന്നും എം എൽ എ നിർദ്ദേശിച്ചു.
ഈ നടപടികൾ അടിയന്തിരമായി പൂർത്തീകരിക്കാൻ ജില്ലാ കളക്ടർ, ആർ ടി ഒ, തഹസീൽദാർ എന്നിവർക്കു മാണി സി കാപ്പൻ നിർദ്ദേശം നൽകി. ദുരിതമേഖലയിലെ റോഡുകളുടെ പുനരുദ്ധാരണത്തിന് പ്രത്യേക പദ്ധതി ആവിഷ്ക്കരിക്കണമെന്നും കാപ്പൻ നിർദ്ദേശിച്ചു.
വെള്ളപ്പൊക്ക സാധ്യതാ മേഖലകളിലെ താഴ്ന്ന പ്രദേശങ്ങളിലെ ആളുകളെ അടിയന്തിരമായി മാറ്റിപ്പാർപ്പിക്കാൻ എം എൽ എ നിർദ്ദേശം നൽകി.റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ആളുകൾ അതീവ ജാഗ്രത പാലിക്കണമെന്നും മാണി സി കാപ്പൻ ആവശ്യപ്പെട്ടു.
എം എൽ എ യുടെ നിർദ്ദേശപ്രകാരം റവന്യൂ, പൊതുമരാമത്ത്, കൃഷി വകുപ്പുകളിലെ ഉദ്യോഗസ്ഥർ ദുരിതബാധിത സ്ഥലങ്ങൾ സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. എം എൽ എ യുടെ പ്രതിനിധികളായ ടി വി ജോർജ്, എം പി കൃഷ്ണൻനായർ, തങ്കച്ചൻ മുളകുന്നം, ഷിനോ മേലുകാവ് എന്നിവരുടെ നേതൃത്വത്തിൽ ദുരിതബാധിത മേഖല സന്ദർശിച്ചു നാശനഷ്ടങ്ങൾ വിലയിരുത്തിയ ശേഷം റിപ്പോർട്ട് എം എൽ എ യ്ക്കു കൈമാറി.