General News

ക്ഷീര കർഷക സബ്സിഡി വെട്ടിക്കുറച്ച നടപടി പിൻവലിക്കണം: മാണി സി കാപ്പൻ

കോട്ടയം: ക്ഷീര കർഷകർക്കു നൽകി വന്നിരുന്ന സബ്സിഡി വെട്ടിക്കുറച്ച നടപടി സർക്കാർ പിൻവലിക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ ആവശ്യപ്പെട്ടു. കഴിഞ്ഞ പദ്ധതി കാലത്ത് ക്ഷീര കർഷകർക്കു ലിറ്ററിന് നാലു രൂപ പഞ്ചായത്തു വഴി ലഭിച്ചിരുന്നു. ഇതാണ് ഇപ്പോൾ മൂന്നു രൂപയായി കുറച്ചത്. കർഷകരെ ദുരിതത്തിലാക്കുന്ന നടപടിയാണിത്.

കാലിത്തീറ്റ വില വർദ്ധനവ്, കറൻ്റ് ചാർജ് വർദ്ധനവ്, ജീവിത ചെലവുകളുടെ വർദ്ധനവ് തുടങ്ങിയവ മൂലം കഷ്ടത്തിലായ കർഷകരെ പ്രതിസന്ധിയിലേക്ക് തള്ളി വിടുന്ന നടപടിയാണ് സബ്സിഡി വെട്ടിക്കുറയ്ക്കലെന്ന് മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി. ഇത്തരം പ്രതികൂല സാഹചര്യത്തിൽ കർഷകർ ഈ മേഖലയിൽ നിന്നും പിന്മാറാൻ കാരണമാകും. ഇത് പാൽക്ഷാമത്തിന് ഇടയാക്കും.

പാൽ വില വർദ്ധിപ്പിക്കാതെ ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുമെന്നു സർക്കാർ പറഞ്ഞതായി കർഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്. സബ്സിഡി വെട്ടിക്കുറച്ച നടപടി മുൻകാല പ്രാബല്യത്തിൽ റദ്ദാക്കണമെന്ന് എം എൽ എ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തുമെന്നും മാണി സി കാപ്പൻ പറഞ്ഞു.

Leave a Reply

Your email address will not be published.