Pala News

കായികതാരത്തെ അധിക്ഷേപിച്ച സംഭവം: പാലായ്ക്കു വേണ്ടി എം എൽ എ ഖേദം പ്രകടിപ്പിച്ചു

പാലാ: പാലായിൽ വനിതാ കായിക താരത്തെ അവഹേളിച്ച സംഭവത്തിൽ മാണി സി കാപ്പൻ എം എൽ എ അപലപിച്ചു. സംഭവത്തിൽ പാലാ നഗരസഭ സ്വീകരിച്ച നിലപാട് പാലായുടെ പാരമ്പര്യത്തിനു ചേർന്നതല്ല. ദേശീയ തലത്തിലുള്ള കായികതാരമാണ് അവഹേളിക്കപ്പെട്ടത്. എന്നാൽ കായിക താരങ്ങൾ തമ്മിലുള്ള പ്രശ്നമെന്ന നിലയിൽ പരാതി ലഘൂകരിക്കാനുള്ള ശ്രമമാണ് നടന്നിട്ടുള്ളത്.

പരാതി ഉന്നയിച്ചിരിക്കുന്നത് വനിതാ കായികതാരമാണ്. സ്‌റ്റേഡിയം മാനേജ്മെൻറ് കമ്മിറ്റിയിൽ നിന്നും ആരോപണ വിധേയനെ പുറത്താക്കാതിരുന്നത് നഗരസഭയുടെ സ്ഥാപിത താത്പര്യമാണ് വെളിവാക്കുന്നത്. അവഹേളിക്കപ്പെട്ട താരത്തോടു ഖേദം പ്രകടിപ്പിക്കാൻ പോലും നഗരസഭ തയ്യാറായിട്ടില്ലെന്നതു ദുഃഖകരമാണ്. പാലായിൽ ഉണ്ടായ ദുരനുഭവത്തിൻ്റെ പേരിൽ ദേശീയ കായിക താരത്തോടു പാലായ്ക്കു വേണ്ടി താൻ ഖേദം പ്രകടിപ്പിക്കുകയാണെന്ന് മാണി സി കാപ്പൻ പറഞ്ഞു.

ഉണ്ടാവാൻ പാടില്ലാത്ത സംഭവമാണ് അരങ്ങേറിയത്. മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കും. കേസുമായി ബന്ധപ്പെട്ടു വനിതാ കായിക താരത്തിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തതായും എം എൽ എ പറഞ്ഞു.

Leave a Reply

Your email address will not be published.