കോവിഡ് നിര്‍ദേശം ലംഘിച്ച് യുവാവ് പത്തനംതിട്ട നഗരത്തില്‍: പോലീസും ആരോഗ്യ പ്രവര്‍ത്തകരും കീഴ്‌പ്പെടുത്തിയത് സാഹസികമായി, വിഡിയോ കാണാം

പത്തനംതിട്ട: വീട്ടില്‍ ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന യുവാവ് നിര്‍ദേശങ്ങള്‍ ലംഘിച്ചു ടൗണിലിറങ്ങി നടന്നത് ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. ഒടുവില്‍ ഇയാളെ പോലീസും ആരോഗ്യ പ്രവര്‍ത്തകരും ഓടിച്ചിട്ടു പിടിച്ച് കൈകാലുകള്‍ കെട്ടി മറ്റൊരു നിരീക്ഷണ കേന്ദ്രത്തിലേക്കു മാറ്റി.

പത്തനംതിട്ട സെന്റ്പീറ്റേഴ്‌സ് ജംഗ്ഷനിലാണ് കോവിഡ് ബാധിക്കുന്നവരുടെ പ്രതിദിന സംഖ്യ കുതിച്ചുയരുന്നിതിനിടെ നടുക്കുന്ന സംഭവം അരങ്ങേറിയത്.

മൂന്ന് ദിവസം മുന്‍പ് ദൂബായിയില്‍ നിന്നെത്തിയ യുവാവാണ് ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയത്. നഗരത്തില്‍ വന്നപ്പോള്‍ മാസ്‌ക് ശരിയായ രീതിയിലായിരുന്നില്ല ധരിച്ചിരുന്നത്.

പോലീസ് ഇക്കാര്യം തിരക്കി ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ ദുബായിയില്‍ നിന്നും മൂന്നു ദിവസം മുന്‍പു മാത്രം എത്തിയതാണെന്നും ഹോം ക്വാറന്റയിനില്‍ കഴിയുന്നതാണെന്നും വ്യക്തമായത്.

ഇതോടെ പോലീസ് ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പിപിഇ കിറ്റ് ധരിച്ചെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ ഇയാളോട് ആംബുലന്‍സില്‍ കയറാന്‍ ആവശ്യപ്പെട്ടെങ്കിലും തയാറായില്ല. ബലമായി പിടിച്ചുമാറ്റാന്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ കുതറിയോടി. പിന്നീട് പോലീസിന്റെ സഹായത്തോടെ ഇയാളെ ഓടിച്ചിട്ടു പിടിച്ചു കൈകാലുകള്‍ ബന്ധിച്ചാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

ബലമായി കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ക്ക് നിസാര പരിക്കേറ്റു. കോഴഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളുടെ സഞ്ചാരപാത വ്യക്തമല്ല. വീട്ടില്‍ നിന്നും വഴക്കിട്ടാണ് ക്വാറന്റയിന്‍ ലംഘിച്ച് ഇയാള്‍ പുറത്തിറങ്ങിയതെന്ന് പോലീസ് വ്യക്തമാക്കി.

You May Also Like

Leave a Reply