നവമാധ്യമങ്ങൾ വഴി അശ്ലീലം പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും മാധ്യമ സ്ഥാപനങ്ങൾക്കെതിരെയും നവമാധ്യമങ്ങൾ വഴി അശ്ലീലം പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ.

കാഞ്ഞിരപ്പള്ളി സ്വദേശിയും നിലവിൽ ഈരാറ്റുപേട്ട മാതാക്കൽ ഭാഗത്ത് താമസിക്കുന്നയാളുമായ കളരിക്കൽ വീട്ടിൽ മസ്താൻ മുജീബ് ഖാനെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.

ഈരാറ്റുപേട്ട, ആലപ്പുഴ എന്നിവിടങ്ങളിലെ നിരവധി കേസുകളിലെ പ്രതിയാണ് മസ്താൻ മുജീബ് ഖാൻ. സിദ്ധൻ ചമഞ്ഞ് വീട്ടമ്മയിൽനിന്ന് പണം തട്ടിയതിനെതിരായി ഇയാൾക്കെതിരേ ആലപ്പുഴയിൽ കേസ് നിലവിലുള്ളതാണ്.

കൂടാതെ കടം നൽകിയ പണം തിരികെ വാങ്ങാൻ എത്തിയവരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയും ഇയാൾക്കെതിരേ ഈരാറ്റുപേട്ട പോലീസ് സ്‌റ്റേഷനിൽ ഉള്ളതാണ്.

ഡി.ജി.പി., കോട്ടയം ജില്ലാ പോലീസ് മേധാവി, പാലാ ഡി.വൈ.എസ്.പി., വിവിധ രാഷ്ട്രീയ പ്രവർത്തകർ, പോലീസ് ഉദ്യോഗസ്ഥർ, മനോരമ, മാതൃഭൂമി, മാധ്യമം തുടങ്ങി വിവിധ മാധ്യമ സ്ഥാപനങ്ങൾ എന്നിവർക്കെതിരായി ഫേസ്ബുക്ക്, വാട്‌സ്ആപ് തുടങ്ങിയ ഉപയോഗിച്ച് ഇയാൾ അസഭ്യ പ്രചാരണം നടത്തിവരികയായിരുന്നു.

ഇയാൾക്കെതിരായി പരാതി വ്യാപകമായതിനെ തുടർന്ന് കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

തുടർന്ന് ഒളിവിൽ പോയ ഇയാളെ കാഞ്ഞിരപ്പള്ളി പോലീസിന്റെ സഹായത്തോടെ ഈരാറ്റുപേട്ട എസ്.എച്ച്.ഒ. പ്രസാദ് ഏബ്രഹാം വർഗീസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

എസ്.ഐമാരായ ജോർജ് ജോസഫ്, ഷാബുമോൻ ജോസഫ്, എസ്.സി.പി.ഒമാരായ ഷിജോ വിജയൻ, ജസ്റ്റിൻ ജോസഫ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

നവമാധ്യമങ്ങൾ വ്യക്തിഹത്യ, അപവാദ പ്രചാരണം, അശ്ലീല പ്രചാരണം എന്നിവയ്ക്ക് ഉപയോഗിക്കുന്നവർക്കെതിരേ ശക്തമായ നിയമ നടപടി സ്വീകരിക്കാനാണ് മുഖ്യമന്ത്രിയും സംസ്ഥാന പോലീസ് മേധാവിയും നിർദ്ദേശം നൽകിയിട്ടുള്ളത്.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: