പാലാ : പാലായ്ക്ക് സമീപം എലിക്കുളം പഞ്ചായത്തിലെ മല്ലികശ്ശേരിയിലെ കക്കാ ചൂളയില്‍ നിന്നുള്ള അതി തീവ്ര ദുര്‍ഗന്ധം മൂലം കഷ്ടപ്പെടുകയാണ് മല്ലികശ്ശേരിക്ക് പത്തു കിലോമീറ്ററോളം ചുറ്റളവിലുള്ള ജനങ്ങള്‍.
ചാത്തന്‍കുളം, വിളക്കുമാടം, പൂവത്തോട്, ചീങ്കല്ല്, വിലങ്ങുപാറ, പൈക, പൂവരണി എന്നിങ്ങനെ മല്ലികശ്ശേരി ചുറ്റി ഏകദേശം 10 കിലോമീറ്ററുകളോളം വ്യാപ്തിയില്‍ രാത്രികാലങ്ങളില്‍ മനുഷ്യ ശരീരം കത്തുമ്പോഴുണ്ടാകുന്ന തരത്തിലുള്ള അതി തീവ്ര ദുര്ഗന്ധമാണിവിടെയെന്നും നാട്ടുകാര്‍ പറയുന്നു.
പകല്‍ സമയം ചൂള പ്രവര്‍ത്തിക്കുന്നുണ്ട് എങ്കിലും കത്തിയ്ക്കുന്നത് രാത്രിയില്‍ മാത്രം ആയതുകൊണ്ട് പലപ്പോഴും പകല്‍ നടക്കുന്ന പരിശോധനകളില്‍ നിന്നും രക്ഷപെടുകയാണ്. രാത്രിയില്‍ അതി രൂക്ഷമായദുര്ഗന്ധം ചുറ്റുവട്ടത്തിലുള്ള ജനങ്ങളുടെ ഉറക്കം നഷ്ടപെടുത്തുന്നു
സ്വകാര്യ വ്യക്തി നടത്തുന്ന കക്കാ ചൂള അടച്ചു പൂട്ടണമെന്ന ഉദ്ദേശം തങ്ങള്‍ക്കില്ലെന്നും ദുര്‍ഗന്ധവും മലിനീകരണവും ഇല്ലാതായാല്‍ മതിയെന്നും, ശുദ്ധവായു കിട്ടാന്‍ ബുദ്ധിമുട്ടുന്നതിനാല്‍ കുട്ടികള്‍ക്കുള്‍പ്പെടെ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നുവെന്നും പലര്‍ക്കും ഇന്‍ഹെയ്ലറുകള്‍ ഉപയോഗിക്കേണ്ടി വരുന്നുവെന്നും സമീപവാസികള്‍ പരാതിപ്പെടുന്നു.
ഇത് സംബന്ധിച്ച് എലിക്കുളം, മീനച്ചില്‍ പഞ്ചായത്തുകളിലും സ്ഥലം എം.എല്‍.എ മാണി സി കാപ്പനും പരാതി നല്കി കാത്തിരിക്കുകയാണ് നാട്ടുകാര്‍. മുഖ്യമന്ത്രി, കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്കാന് ഒരുങ്ങിയിരിക്കുകയാണ് നാട്ടുകാര്‍.