കാഞ്ഞിരപ്പള്ളി : മാലിന്യമുക്തം നവകേരളം പദ്ധതിയുടെ പൂഞ്ഞാർ നിയോജകമണ്ഡലം തല മോണിറ്ററിംഗ് കമ്മിറ്റി പാറത്തോട് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്നു.
പദ്ധതിയുടെ ഭാഗമായി പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ മാലിന്യനിർമാർജന പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിനും സമയബന്ധിതമായി നടപ്പിലാക്കുന്നതിനും യോഗം തീരുമാനമെടുത്തു.
ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ശുചിത്വ മിഷന്റെ സഹകരണത്തോടെ സമഗ്ര പദ്ധതി ആവിഷ്കരിക്കുന്നതിനും നിശ്ചയിച്ചു.അജൈവമാലിന്യങ്ങൾ ഹരിത കർമ്മസേന മുഖേന ശേഖരിച്ച് പുനചംക്രമണം ചെയ്യുന്നതിനും, സംസ്കരിക്കുന്നതിനും നിശ്ചയിച്ചു.

ഇതിനാവശ്യമായ പദ്ധതികളുടെ രൂപരേഖയും വിശദാംശങ്ങളും യോഗത്തിൽ തയ്യാറാക്കി. 2024 മാർച്ച് 31നകം നിയോജകമണ്ഡലത്തിൽ ഉറവിട മാലിന്യ സംസ്കരണ സംവിധാനവും ഹരിത കർമ്മ സേന പ്രവർത്തനവും സമഗ്രമാക്കുന്നതിന് കർമ്മപദ്ധതിയും ആവിഷ്കരിച്ചു.
100% ജൈവ അജൈവമാലിന്യം തരംതിരിക്കൽ ഉറവിടത്തിൽ നടത്തുക, അജൈവമാലിന്യം ഉത്പാദകന്റെ ഉത്തരവാദിത്വത്തിൽ തന്നെ ഉറവിടത്തിൽ തന്നെ സംസ്കരിക്കുകയോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ കമ്മ്യൂണിറ്റി കമ്പോസ്റ്റിംഗ് ഫെസിലിറ്റിയിൽ എത്തിക്കുകയോ ചെയ്യുക, ഉറവിടത്തിൽ തരംതിരിച്ച അജൈവമാലിന്യം ഹരിത കർമ്മ സേനയ്ക്ക് യൂസർ ഫീ നൽകി കയ്യൊഴിയുക, വസ്തു നികുതിക്കൊപ്പം യൂസർ ഫീ ഈടാക്കണമെന്ന ഉത്തരവിന്റെ പശ്ചാത്തലത്തിൽ 100% സമയബന്ധിതമായ വാതിൽ പടി ശേഖരണം തദ്ദേശസ്വയംഭരണ സ്ഥാപനം ഉറപ്പാക്കുക,തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുടെ വിടവ് തിട്ടപ്പെടുത്തി പരിഹരിക്കുക,പൊതു ഇടങ്ങളിലും റോഡരികിലും വലിച്ചെറിയപ്പെട്ടതിനാൽ രൂപപ്പെട്ട മാലിന്യ കൂമ്പാരങ്ങൾ നീക്കം ചെയ്യുക,ജലാശയങ്ങളിൽ മാലിന്യം നീക്കം ചെയ്ത് നീരൊഴുക്ക് പുനസ്ഥാപിക്കുക, ജനകീയ ഓഡിറ്റ് നടത്തുക എന്നീ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും യോഗം നിശ്ചയിച്ചു.