ക്വാറന്റൈന്‍ ലംഘിച്ച് കറങ്ങി നടന്ന യുവാവിന് കോവിഡ്; മലപ്പുറം എടവണ്ണപ്പാറയില്‍ ആശങ്ക


മലപ്പുറം: ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് കറങ്ങി നടന്ന മലപ്പുറം സ്വദേശിയായ യുവാവിന് രോഗം സ്ഥിരീകരിച്ചു. ജൂണ് 18നു ജമ്മുവില്‍ നിന്നെത്തിയ ചീക്കോഡ് കുനിത്തല സ്വദേശിയായ 23കാരനാണ് രോഗം സ്ഥിരീകരിച്ചത്. 

ജൂലൈ ഒന്നിനാണ് ഇയാള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. ഇതിനു പിന്നാലെയാണ് ഇയാള്‍ കൂട്ടുകാര്‍ക്കൊപ്പം എടവണ്ണപ്പാറ ടൗണിലെ മൊബൈല്‍ ഫോണ്‍ കടയില്‍ കയറുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

ജൂണ്‍ 23നാണ് ഇയാള്‍ മൊബൈല്‍ ഫോണ്‍ കടയില്‍ കയറിയത്. ഇതിനു പുറമെ അരീക്കോട് റോഡിലെ മറ്റൊരു മൊബൈല്‍ കടയിലും യുവാവ് എത്തിയതായി കണ്ടെത്തിയിട്ടുണ്ട്. 

യുവാവ് സന്ദര്‍ശിച്ചുവെന്നു സ്ഥിരീകരിച്ച കടകള്‍ അടച്ചിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം ടൗണില്‍ അതിജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

യുവാവിന് 24 പേരുമായി പ്രാഥമിക സമ്പര്‍ക്കമുണ്ടെന്നാണ് വിവരം. യുവാവുമായി സമ്പര്‍ക്കമുണ്ടായവര്‍ ആരോഗ്യ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.

യുവാവിനെതിരെ പോലീസ് കേസെടുത്തു. ക്വാറന്റയിന്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നു പോലീസ് അറിയിച്ചിട്ടുണ്ട്.

You May Also Like

Leave a Reply