150 വര്‍ഷം തണലേകിയ കുടുംപുളി ഓര്‍മ്മയില്‍ മറയുന്നു

പൂഞ്ഞാര്‍: പെരിങ്ങുളം സെന്റ് അഗസ്റ്റിന്‍സ് ഹൈസ്‌കൂള്‍ മുറ്റത്ത് തണലും ഫലവുമേകി വന്ന 150 വര്‍ഷങ്ങള്‍ക്ക് മുകളില്‍ പ്രായമുള്ള കുടും പുളിയുടെ ശിഖിരങ്ങള്‍ നിലംപൊത്തി. 100 ഇഞ്ച് വണ്ണമുള്ള മരത്തില്‍ ധാരാളം വലിയ ശിഖിരങ്ങള്‍ ഉണ്ടായിരുന്നു.

മഴയോ, കാറ്റോ ഇല്ലാതിരുന്നിട്ടും പുളിമരം പെട്ടെന്ന് ഒടിഞ്ഞതിന്റെ സങ്കടത്തിലാണ് നാട്ടുകാര്‍. ശിഖിരങ്ങള്‍ വീണ് കുട്ടികളുടെ കളി ഊഞ്ഞാലിനും, മള്‍ട്ടിമീഡിയ കെട്ടിടത്തിന്റെ ഷെഡിനും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

കൊമ്പുകളും ഇലകളും ഉണങ്ങിയതും, ഇത്തിള്‍ക്കണ്ണികള്‍ ‘ മരത്തെ വരിഞ്ഞ് മുറുക്കിയതും ഒരു പക്ഷേ ഒടിയാന്‍ കാരണമായേക്കാം. കുട്ടികള്‍ ഇല്ലാതിരുന്നതിനാല്‍ വലിയ അപകടങ്ങള്‍ ഒഴിവായതിന്റെ ആശ്വാസത്തിലാണ് അധ്യാപകര്‍.

ഒരു ദിശയിലേക്ക് ചെരിഞ്ഞ് നില്‍ക്കുന്ന മരം നാളെ തന്നെ വെട്ടിമാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിരിക്കുകയാണ് സ്‌കൂള്‍ മാനേജ്‌മെന്റ്. പെരിങ്ങുളം സ്‌കൂള്‍ 94 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ‘അതുക്കും മേലേ’ പച്ചവരിച്ച പുളിമരം നാടിന് ഒരു കൗതുകമായിരുന്നു.

ഈ മരത്തെപ്പറ്റി ഒരു പക്ഷേ പല തലമുറകള്‍ക്കും കഥകള്‍ പറയാനുണ്ടാകും. തങ്ങളുടെ കുട്ടിക്കാലത്ത് കണ്ണ് പൊത്തിക്കളിച്ചതും, വട്ടംചുറ്റി ഓടിയതും, ഒളിച്ചുകളിച്ചതും, ഒപ്പം മരത്തിന്റെ ചുവട്ടിലിരുന്ന് പാഠങ്ങള്‍ പഠിച്ചതുമെല്ലാം.

ഈ സീസണിലും നിറയെ ഫലങ്ങള്‍ നല്‍കിയ വൃക്ഷ മുത്തശി ഓര്‍മ്മയിലേക്ക് മറയുന്നതിന്റെ സങ്കടത്തിലാണ് അധ്യാപകരും, കുട്ടികളും ഒപ്പം നാട്ടുകാരും. ഒരു പക്ഷേ ‘പുളി” യെന്ന് കേട്ടാല്‍ നമ്മുടെ വായില്‍ വെള്ളം വരുമെങ്കിലും ആ പുളിയുടെ ഓര്‍മ്മകളുമായി നാടിന് തണലേകിയ മരത്തിന് യാത്രാമൊഴി നേരുന്നു.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: