പാലാ: ദീർഘദൂര അന്തർ സംസ്ഥാന സ്വകാര്യ ബസുകളുടെ പോയിൻ്റ് ജനറൽ ആശുപത്രി ജംഗ്ഷനു താഴെ വൺവേയിൽ നിന്നും 12 മുതൽ മാറ്റുമെന്ന് പാലാ നഗരസഭാദ്ധ്യക്ഷ ജോസിൻ ബിനോ പറഞ്ഞു. കിഴതടിയൂർ ബൈപാസിലേക്ക് മാറ്റാൻ ആണ് തീരുമാനമെന്നും ചെയർപേഴ്സൺ പറഞ്ഞു.

ബൈപ്പാസിൽ ബസ് ബേയും ടോയ്ലറ്റ് സൗകര്യവും സ്ഥാപിക്കുന്നതുവരെ ദീർഘദൂര സ്വകാര്യ ബസുകൾ ജനറൽ ആശുപത്രിയ്ക്കു താഴെ മുനിസിപ്പൽ ലൈബ്രറിയുടെ എതിർവശത്തെ ബസ് സ്റ്റോപ്പിൽ താത്ക്കാലികമായി സൗകര്യം അനുവദിക്കും.
ദീർഘദൂര സ്വകാര്യ ബസുകൾക്കു പോയിൻ്റ് അനുവദിക്കുന്ന സ്ഥലത്ത് പരമാവധി 15 മിനിറ്റ് സമയം പാർക്കിംഗ് അനുവദിക്കും. കൂടുതൽ സമയം പാർക്കു ചെയ്യേണ്ട ബസുകൾക്ക് ബൈപ്പാസിൽ പാർക്കു ചെയ്യാവുന്നതാണ്.
പൊൻകുന്നം ഭാഗത്തു നിന്നും വരുന്ന ദീർഘദൂര സ്വകാര്യ ബസുകൾ പന്ത്രണ്ടാം മൈലിൽ നിന്നും തിരിഞ്ഞ് കടപ്പാട്ടൂർ വഴി ബസ് സ്റ്റോപ്പിൽ എത്തി ആളെ കയറ്റാവുന്നതാണ്. പൊൻകുന്നം പാലം കടന്നു വരുന്ന ബസുകൾ കൊട്ടാരമറ്റത്ത് ചെന്ന് തിരിച്ചു വരുന്ന വിധമാണ് ക്രമീകരിച്ചിരിക്കുന്നത്.

കിഴതടിയൂർ ബൈപ്പാസിലേക്ക് മാറ്റുമ്പോൾ ബസ് കാത്തിരിപ്പു കേന്ദ്രം ഇല്ലെന്ന യാത്രക്കാരുടെ പരാതി പരിഗണിച്ചാണ് താത്കാലിക സംവീധാനം ക്രമീകരിക്കുന്നതെന്നും ചെയർപേഴ്സൺ വ്യക്തമാക്കി.
ആശുപത്രി ജംഗ്ഷനു താഴെ ദീർഘദൂരസ്വകാര്യ ബസുകൾ ആളെടുക്കുവാൻ വണ്ടി നിറുത്തുന്നത് ഗതാഗതക്കുരുക്കിനും പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. ഈ മേഖലയിലെ വ്യാപാരത്തെയും ആശുപത്രിയിലെത്തുന്നവർക്കും കാൽനടക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കിയായിരുന്നു പാർക്കിംഗ്. ഇതിനെതിരെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ആണ് പരാതി നൽകിയത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ദീർഘദൂര സ്വകാര്യ ബസുകളുടെ പോയിൻ്റ് ബൈപ്പാസിലേക്ക് മാറ്റാൻ തീരുമാനിച്ചത്.
തീരുമാനം നടപ്പിലാക്കാനുള്ള ക്രമീകരണങ്ങൾക്കായി ട്രാഫിക് പോലീസ്, ഗതാഗത വകുപ്പ് എന്നിവരെ ചുമതലപ്പെടുത്തി. ചെയർപേഴ്സൻ്റെ ചേംബറിൽ ചേർന്ന യോഗത്തിൽ മുനിസിപ്പൽ കൗൺസിലർ ബിനു പുളിയ്ക്കക്കണ്ടം, എബി ജെ ജോസ്, ജോസുകുട്ടി പൂവേലിൽ, കെ കെ ഗിരീഷ്, കെ എസ് മനോജ്കുമാർ, ട്രാഫിക് എസ് ഐ എം സി രാജു, അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി കെ ബാബു എന്നിവർ പ്രസംഗിച്ചു.