പാലാ: പാലായുടെ വളര്‍ച്ചയ്ക്കു നിര്‍ണ്ണായക പങ്കുവഹിച്ച മുതിര്‍ന്ന തലമുറയോടു ആദരവ് പ്രകടിപ്പിക്കുന്നതിനായി തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി.
മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന് ‘ലജന്‍ഡ്സ് ഓഫ് പാലാ’ എന്ന പേരില്‍ തപാല്‍ വകുപ്പുമായി ചേര്‍ന്നാണ് തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയത്. പാലാ രൂപതയുടെ പ്രഥമ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വയലിലിന്റെ 34 മത് ചരമവാര്‍ഷികത്തോടനുബന്ധിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്.
തപാല്‍ സ്റ്റാമ്പിന്റെ പ്രകാശനവും വിതരണോല്‍ഘാടനവും പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു. മുതിര്‍ന്ന തലമുറകള്‍ നാടിനു നല്കിയ സേവനങ്ങള്‍ എക്കാലവും സ്മരിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
കടന്നുപോയ തലമുറകള്‍ പുതുതലമുറകള്‍ക്കു വഴികാട്ടിയാണ്. അവരുടെ ദീര്‍ഘവീക്ഷണത്തോടു കൂടിയ പ്രവര്‍ത്തനങ്ങളുടെ ഗുണഫലങ്ങളാണ് നമുക്ക് ലഭിക്കുന്നത്.
ആദര്‍ശധീരരായ പഴയതലമുറയെ നാം മാതൃകയാക്കണമെന്നും ബിഷപ്പ് കല്ലറങ്ങാട്ട് പറഞ്ഞു. നമ്മുടെ നാടിനു മാത്രമല്ല രാജ്യത്തിനും ലോകത്തിനും മാതൃക സൃഷ്ടിക്കാന്‍ സാധിച്ച പഴയ തലമുറയിലെ മഹദ് വ്യക്തിത്വങ്ങള്‍ നമുക്ക് അഭിമാനമാണെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി. മാണി സി കാപ്പന് എം എല്‍ എ ബിഷപ്പില്‍ നിന്നും ആദ്യ തപാല്‍സ്റ്റാമ്പ് ഏറ്റുവാങ്ങി.
മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന് ചെയര്മാന് എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. ഡോ ആര് വി ജോസ്, ചെറിയാന് സി കാപ്പന്, ഫൗണ്ടേഷന് വൈസ് ചെയര്മാന് ഡോ സിന്ധുമോള്‍ ജേക്കബ്, ടോം തോമസ്, കെ സി ചാണ്ടി, അഡ്വ കെ സി ജോസഫ്, പ്രൊഫ ജോണ്‍ സക്കറിയാസ്, ജയിംസ് സക്കറിയാസ്, ജോസി വയലില്‍കളപ്പുര, ബേബി സൈമണ്‍, ടോജന്‍ ടോം എന്നിവര്‍ പങ്കെടുത്തു.
പാലാ രൂപതയുടെ പ്രഥമ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വയലില്‍, സ്വാതന്ത്ര്യസമര സേനാനിയും മുന്‍ എം പി യും മുന്‍ എം എല്‍ എ യും പാലാ നഗരപിതാവുമായിരുന്ന ചെറിയാന് ജെ കാപ്പന്, സ്വാതന്ത്ര്യസമരസേനാനിയും മുന്‍ നിയമസഭാ സ്പീക്കറുമായിരുന്ന ആര് വി തോമസ്, മുന്‍ ഗവര്‍ണര്‍മാരായ പ്രൊഫ കെ എം ചാണ്ടി, എം എം ജേക്കബ്, മുന്‍ എം പി ജോര്‍ജ് തോമസ് കൊട്ടുകാപ്പള്ളി, മുന്‍ രാഷ്ട്രപതി കെ ആര് നാരായണന്, മുന്‍ മന്ത്രി കെ എം മാണി, മഹാകവി പാലാ നാരായണന്‍നായര്‍ എന്നിവരുടെ പേരിലാണ് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന് ‘ലജന്‍ഡ്സ് ഓഫ് പാലാ’ കാറ്റഗറ്റിയില് ഉള്‍പ്പെടുത്തി തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയത്.
പാലായിലെ പഴയ തലമുറകളെക്കുറിച്ചു പുതുതലമുറയ്ക്കു അറിവു നല്കാന് ‘ലജന്‍ഡ്സ് ഓഫ് പാലാ’ എന്ന പേരില്‍ പുസ്തകം തയ്യാറാക്കി പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചതായി ഫൗണ്ടേഷന് ചെയര്മാന് എബി ജെ ജോസ് അറിയിച്ചു.