തദ്ദേശതിരഞ്ഞെടുപ്പില്‍ഇടതു മുന്നണി നേടിയത് ചരിത്ര വിജയമാണെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി

കോട്ടയം: തദ്ദേശതിരഞ്ഞെടുപ്പില്‍ഇടതുപക്ഷ ജനാധിപത്യ മുന്നണി നേടിയത് ചരിത്ര വിജയമാണെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി. കേരളമാകെ ഉണ്ടായ ഇടതുപക്ഷ മുന്നേറ്റത്തില്‍ കേരളാ കോണ്‍ഗ്രസ്സ് നിര്‍ണ്ണായകമായ പങ്ക് വഹിച്ചു.

എക്കാലവും യു.ഡി.എഫിന്റെ കോട്ടയായി വിലയിരുത്തപ്പെട്ടിട്ടുള്ള പലപ്രദേശങ്ങളുടേയും രാഷ്ട്രീയ ജാതകം ഈ തിരഞ്ഞെടുപ്പ് തിരുത്തിയെഴുതി. കേരളാ കോണ്‍ഗ്രസ്സ് (എം) എടുത്ത രാഷ്ട്രീയ തീരുമാനത്തിന് ലഭിച്ച ജനകീയ മാന്‍ഡേറ്റാണ് ഈ ജനവിധി.

Advertisements

മുന്നണിയില്‍ തുടരാന്‍ അര്‍ഹതയില്ല എന്ന് പറഞ്ഞ് പടിയടച്ച് പുറത്താക്കപ്പെട്ട കേരളാ കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ അര്‍ഹതയും ജനകീയ അടിത്തറയും ഈ തിരഞ്ഞെടുപ്പില്‍ തെളിയിക്കപ്പെട്ടു. യഥാര്‍ത്ഥ കേരളാ കോണ്‍ഗ്രസ്സ് ഏതാണ് എന്ന് തിരഞ്ഞെടുപ്പ് കമ്മീഷനും കോടതികളും മുമ്പ് തന്നെ തീരുമാനിച്ചു.

ഈ തിരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ ശരിയായ ആ തീരുമാനം ആവര്‍ത്തിച്ചു. മാണി സാറിനെ വഞ്ചിച്ചവര്‍ക്കും കേരളാ കോണ്‍ഗ്രസ്സിനെ തകര്‍ത്ത് ഇല്ലാതാക്കാന്‍ ശ്രമിച്ചവര്‍ക്കുമുള്ള ഒരു ജനതയുടെ മറുപടിയാണ് ഈ വിധി.

കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും മതേതര നിലപാടുകള്‍ക്കുമുള്ള അംഗീകാരമാണ് ഈ ജനവിധി. ഈ സര്‍ക്കാരിന് കരുത്താര്‍ന്ന നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിയെതന്നെ കടന്നാക്രമിച്ചുകൊണ്ട് കോണ്‍ഗ്രസ്സും ബി.ജെ.പിയും നടത്തിയ കള്ളപ്രചരണങ്ങളെ ജനം തള്ളികളഞ്ഞിരിക്കുന്നു.

നുണപ്രചരണങ്ങള്‍ക്കൊണ്ട് സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ ശ്രമിച്ചവരെ ജനങ്ങള്‍ താക്കീത് നല്‍കിയിരിക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് വരാന്‍പോകുന്ന അസംബ്ലി തിരഞ്ഞെടുപ്പിന്റെ ഫലമെന്താണ് എന്ന് സൂചന നല്‍കുന്നു.

യു.ഡി.എഫിന്റെ കോട്ടകളൊക്കെ ഈ തിരഞ്ഞെടുപ്പില്‍ തകര്‍ന്ന് വീഴുന്നതാണ് കണ്ടത്. പാലാ നഗരസഭ രൂപീകരിക്കപ്പെട്ടതിന് ശേഷം ആദ്യമായി ഈ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.ഫ് നേടി. കേരളാ കോണ്‍ഗ്രസ്സ് (എം) വിരുദ്ധ ശക്തികളെല്ലാം ഒരുമിച്ച് അണിനിരന്ന ഈ തിരഞ്ഞെടുപ്പ് പാലാ കേരളാ കോണ്‍ഗ്രസ്സ് (എം) ന്റെ മാത്രമാണെന്ന് തെളിയിച്ചു.

പുതുപ്പള്ളി തന്നെ രാഷ്ട്രീയ ഗതിമാറ്റത്തിന് വേദിയായി. കോട്ടയം ജില്ലാ പഞ്ചായത്ത് പദവിയുടെ പേരിലാണ് കേരളാ കോണ്‍ഗ്രസ്സ് (എം) നെ അപമാനിച്ച് പുറത്താക്കിയത്. അതേ ജില്ലാ പഞ്ചായത്ത് രണ്ട് പതിറ്റാണ്ടിന് ശേഷം എല്‍.ഡി.എഫ് അധികാരത്തിലെത്തുകയാണ്. കേരളത്തിലൊട്ടാകെയുള്ള പരമ്പരാഗത യു.ഡി.എഫ് മേഖലകള്‍ എല്‍.ഡി.എഫ് സ്വന്തമാക്കി.

കോണ്‍ഗ്രസ്സ്, ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ട് ജില്ലയില്‍ വ്യാപകമായി ഉണ്ടായി. അത്തരം നീക്കങ്ങളെയെല്ലാം പരാജയപ്പെടുത്തിയാണ് കേരളാ കോണ്‍ഗ്രസ്സ് (എം) ഉം ഇടതുപക്ഷവും ഈ അഭിമാനകരമായ വിജയം നേടിയത്. ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച എല്‍.ഡി.എഫ് പ്രവര്‍ത്തകരോടും ജനങ്ങളോടും നന്ദി പറയുന്നു.

തോമസ് ചാഴികാടന്‍ എം. പി, ജയരാജ് എഎല്‍എ, സ്റ്റീഫന്‍ ജോര്‍ജ്,പ്രൊമോദ് നാരായണന്‍, ജോബ് മൈക്കിള്‍, സണ്ണി തെക്കേടം, വിജി എം തോമസ് എന്നിവര്‍ പത്രമ്മേളനത്തില്‍ പങ്കെടുത്തു.

You May Also Like

Leave a Reply