കോവിഡ് ഭീഷണി: എല്‍ഡിഎഫ് സ്ഥനാര്‍ഥികള്‍ നാളെ പരിശോധന നടത്തും

പാലാ: കോവിഡ് ബാധിച്ച യുഡിഎഫ് സ്ഥാനാര്‍ഥി എത്തിയ കേന്ദ്രങ്ങളിലെ സമ്പര്‍ക്ക സാധ്യത മുന്‍നിര്‍ത്തി നഗരസഭയിലെ എല്‍ഡിഎഫ് സ്ഥനാര്‍ഥികള്‍ വോട്ടര്‍മാരുടെ സുരക്ഷയും സ്വയം പ്രതിരോധവും മുന്‍നിര്‍ത്തി കോവിഡ് പരിശോധന നടത്തും.

നഗരസഭയിലെ 26 വാര്‍ഡുകളിലെയും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വെള്ളിയാഴ്ച ആശുപത്രികളില്‍ പരിശോധനക്ക് വിധേയരാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവഹികളായ അഡ്വ. വി ടി തോമസും ഷാര്‍ളി മാത്യുവും അറിയിച്ചു.

നഗരസഭ 20ാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം കഴിഞ്ഞ 19ന് നാമനിര്‍ദ്ദേശ സമര്‍പ്പണത്തിനും സൂഷ്മ പരിശോധന വേളയിലും ചിഹ്നം ആവശ്യപ്പെട്ടുള്ള രേഖ സമര്‍പ്പണത്തിനും വരണാധികാരിയുടെ ഓഫീസില്‍ എത്തിയിരുന്നു.

ഈ സമയങ്ങളില്‍ എല്‍ഡിഎഫ് പ്രതിനിധികളുടെ സാന്നിധ്യം ഉണ്ടായിരുന്നില്ലെങ്കിലും സമ്പര്‍ക്ക സാധ്യത കണക്കിലെടുത്താണ് കോവിഡ് പരിശോധനക്ക് വിധേയരാകുന്നത്.

നാമനിര്‍ദ്ദേശ സമര്‍പ്പണ വേള മുതല്‍ എല്ലാ ഘട്ടങ്ങളിലും എല്‍ഡിഎഫ് സ്ഥനാര്‍ഥികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തനം തുടര്‍ന്നുപോരുന്നത്. സ്ഥാനാര്‍ഥിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ്, നഗരസഭാധികൃതര്‍ നിരീക്ഷണ നിര്‍ദ്ദേശമൊന്നും ഇതേവരെ നല്‍കിയിട്ടില്ലെന്നും ഇടതുമുന്നണി അറിയിച്ചു.

    You May Also Like

    Leave a Reply