കൂരോപ്പട കൃഷിഭവന്റെ ‘ഞങ്ങളും കൃഷിയിലേക്ക് ‘ പദ്ധതിയുടെ ഭാഗമായി പച്ചക്കറി കൃഷിയുമായി ളാക്കാട്ടൂർ എം.ജി.എം.എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്‌കൂൾ. സമ്പാദ്യശീലം പോത്സാഹിപ്പിക്കുക, കൃഷി അറിവുകൾ വളർത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് കുട്ടികൃഷി.
സ്‌കൂളിലെ 30 സെന്റ് സ്ഥലത്ത് വെണ്ട, പയർ, മുളക്, വഴുതന എന്നീ പച്ചക്കറികളും ഇടയിൽ ബന്ദിചെടികളുമാണു നട്ടിരിക്കുന്നത്. ഓണം വിപണി ലക്ഷ്യമാക്കിയാണ് ബന്ദികൃഷി ആരംഭിച്ചത്. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികളുടെയും എൻ.എസ്.എസ്, എസ്.പി.സി, സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് യൂണിറ്റുകളുടേയും നേതൃത്വത്തിലാണ് കൃഷി.
വിളവുകൾ പഞ്ചായത്തിലെ ഇക്കോഷോപ്പ് വഴി കുട്ടിച്ചന്ത എന്ന പേരിൽ വിറ്റഴിക്കുമെന്ന് കൃഷി ഓഫീസർ ടി.ആർ. സൂര്യ മോൾ പറഞ്ഞു. പച്ചക്കറി വിറ്റഴിക്കുന്നതിലൂടെ ലഭിക്കുന്ന തുക കുട്ടിച്ചന്ത എന്ന പേരിൽ ബാങ്കിൽ നിക്ഷേപിക്കും.
തുടർവർഷങ്ങളിൽ സ്‌കൂളിലെ കൃഷി വിപൂലീകരിക്കാൻ ഇത് ഉപയോഗിക്കുമെന്നും കൃഷി ഓഫീസർ പറഞ്ഞു. പാമ്പാടി ബ്ലോക്ക് നഴ്‌സറിയിൽ നിന്നും സൗജന്യമായാണ് പച്ചക്കറി തൈകൾ നൽകിയത്.