കോവിഡ് പ്രതിരോധത്തിന് പെണ്‍കരുത്ത്! തൃശ്ശൂര്‍ വനിതാ പോലീസ് സ്റ്റേഷനിലെ ബുള്ളറ്റ് പട്രോളിംഗ് സംഘം

തൃശൂര്‍: തൃശ്ശൂര്‍ വനിതാ പോലീസ് സ്റ്റേഷനിലെ ഒമ്പത് പോലീസുദ്യോഗസ്ഥര്‍ക്കും ഈ ‘ഘടാഘടിയന്‍’ ബുള്ളറ്റ് ഒരു ഭാരമല്ല. നഗരത്തിലെയും ചുറ്റുവട്ടത്തെയും ഊടുവഴികളിലടക്കം ദിവസം ഒന്നോ രണ്ടോ തവണ ‘കടകട’ ശബ്ദത്തോടെ ഇവ പോയിട്ടുണ്ടാവും.

ക്യാമ്പുകളും ക്വാറന്റീന്‍ കേന്ദ്രങ്ങളും തേടിയുള്ള ഈ യാത്ര തുടങ്ങിയിട്ട് മാസം മൂന്ന് പിന്നിട്ടു. കേരള പോലീസില്‍ ബുള്ളറ്റ് പട്രോളിങ് നടത്തുന്ന വനിതാപോലീസ് സംഘം എന്ന പട്ടവും സ്വന്തം.

സേനയില്‍ കഴിയുന്നത്ര വനിതകള്‍ ബുള്ളറ്റ് ഓടിക്കാന്‍ പഠിക്കണമെന്ന സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശത്തിന് അടിസ്ഥാനമായത് ഈ തൃശ്ശൂര്‍ മോഡലായിരുന്നു.

40 പേര്‍ ബുള്ളറ്റിനെ വരുതിയിലാക്കിക്കഴിഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 20നാണ് സിറ്റി പോലീസ് കമ്മിഷണറായ ആര്‍. ആദിത്യ വനിതകളുടെ ബുള്ളറ്റ് പട്രോളിങ് ടീം എന്ന ആശയത്തിനു രൂപംകൊടുത്തത്. എ.സി.പി. വി.കെ. രാജുവിന്റെ പിന്തുണയുമുണ്ടായി.

വനിതാ പോലീസ് സ്റ്റേഷനിലെ എസ്.ഐ. പി.വി. സിന്ധുവടക്കം ഒമ്പതുപേരും ഒറ്റയാഴ്ചകൊണ്ട് ഓടിക്കാന്‍ പഠിച്ചു. സ്‌കൂട്ടര്‍പോലും ഓടിക്കാനറിയാത്ത രണ്ടുപേരും കൂട്ടത്തിലുണ്ടായിരുന്നു.

പുറത്തുനിന്ന് മലയാളികള്‍ എത്താന്‍ തുടങ്ങിയതോടെ ക്വാറന്റീന്‍ കേന്ദ്രങ്ങളും വീടുകളും ഇവരുടെ റൂട്ടില്‍പ്പെട്ടു. വീടുകള്‍ക്ക് വെളിയില്‍ച്ചെന്ന് ഫോണില്‍വിളിച്ച് സുഖവിവരം തിരക്കും. സഹായം ഏര്‍പ്പാടാക്കും. ക്വാറന്റീന്‍ ലംഘിച്ച നാലുപേര്‍ ഇവരുടെ പിടിയിലായി.

കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കിടയിലും ഈ ബുള്ളറ്റ് ടീം തേക്കിന്‍കാട് മൈതാനത്തെ കിളികള്‍ക്ക് ഒരുദിവസം പോലും മുടങ്ങാതെ തീറ്റയും വെള്ളവും എത്തിക്കുന്നുമുണ്ട.

ബുള്ളറ്റ് ടീം: പി.വി. സിന്ധു (എസ്.ഐ.), അപര്‍ണ ലവകുമാര്‍, ടി.സി. ബിന്ദു, എന്‍.വി. ജിന, എ.എന്‍. സിന്ധു (സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍), എ.എസ്. സൗമ്യ, പി.കെ. സരിത, വി.ബി. ലിഷ, കെ.ആര്‍. രമ്യ (സിവില്‍ പോലീസ് ഓഫീസര്‍മാര്‍).

You May Also Like

Leave a Reply